ചന്ദ്രയാന്‍-3 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു; ഓര്‍ബിറ്റ് ഇന്‍സേര്‍ഷന്‍ വിജയകരമെന്ന് ഇസ്രോ
ബംഗളൂരു: ഇന്ത്യയുടെ മൂന്നാമത്തെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ -3 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വിജയകരമായി പ്രവേശിച്ചു. ലൂണാര്‍ ഓര്‍ബിറ്റ് ഇന്‍സേര്‍ഷന്‍ വിജയകരമാണെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു. ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വലം വയ്ക്കുന്ന ചന്ദ്രയാന്‍ മൂന്നിന്റെ ആദ്യ ഭ്രമണപഥ താഴ്ത്താല്‍ ആഗസ്റ്റ് ആറിന് രാത്രി 11 മണിക്ക് നടത്തും. ബംഗളൂരുവിലെ ഐ എസ് ആര്‍ ഒ ടെലിമെട്രി, ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്ക് മേല്‍നോട്ടം വഹിക്കും.

ആഗസ്റ്റ് ഒന്നിനാണ് ചന്ദ്രയാന്‍ മൂന്ന് പേടകത്തെ ട്രാന്‍സ് ലൂണര്‍ ഓര്‍ബിറ്റിലേക്ക് മാറ്റിയത്. ശേഷം നാല് ദിവസത്തോളം ലൂണാര്‍ ട്രാന്‍സ്ഫര്‍ ട്രജക്ടടറിലൂടെ യാത്ര ചെയ്താണ് പേടകം ചന്ദ്രന്റെ ഗുരുത്വാഗര്‍ഷണ വലയത്തിന് സമീപം എത്തിയത്. തുടര്‍ന്ന് ലിക്വിഡ് പ്രൊപ്പല്‍ഷന്‍ എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ച് പേടകത്തെ ഭ്രമണപഥത്തില്‍ എത്തിച്ചു.
ജൂലായ് 14ന് ആണ് ഇന്ത്യയുടെ മൂന്നാമത്തെ ചന്ദ്രദൗത്യമായ ചന്ദ്രയാന്‍ വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം പൂര്‍ത്തിയാക്കിയത്. വിക്ഷേപണം വിജയകരമായാല്‍ അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലാന്‍ഡര്‍ മൊഡ്യൂള്‍, പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍, റോവര്‍ എന്നിവയാണ് ചന്ദ്രയാന്‍-3യുടെ പ്രധാന ഭാഗങ്ങള്‍. ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രനിലേക്ക് ഇറങ്ങുമ്പോള്‍ റോവറാണ് ചന്ദ്രന്റെ ഉപരിതലത്തിലൂടെ സഞ്ചരിക്കുക. ഇവ രണ്ടിനേയും ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിക്കുകയെന്നതാണ് പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ മൊഡ്യൂളിന്റെ ചുമതല.












Click it and Unblock the Notifications