'ഉരുണ്ട് നീങ്ങുന്ന റോവർ മുന്നില്‍ നാല് മീറ്റർ ആഴമുള്ള ഗർത്തം': ചന്ദ്രനില്‍ നിന്നുള്ള പുതിയ വിശേഷം
ഡൽഹി: ചന്ദ്രോപരിതലത്തിൽ നാല് മീറ്റർ ആഴമുള്ള ഗർത്തവുമായി മുഖാമുഖം വന്ന ചന്ദ്രയാന്‍-3യുടെ പ്രഗ്യാൻ റോവർ. ഗർത്തത്തിന്റെ സമീപത്ത് വരെ എത്തിയെങ്കിലും റോവർ സുരക്ഷിതമായി വഴിതിരിച്ച് വിട്ടതായി ഐ എസ് ആർ ഒ അറിയിച്ചു. മൂന്ന് മീറ്റർ അകലെ നിന്ന് തന്നെ ഗർത്തം തിരിച്ചറിയുകയും റോവർ സുരക്ഷിതമായി വഴിതിരിച്ച് വിടുകയായിരുന്നുവെന്നുമാണ് ഐ എസ് ആർ ഒ ട്വീറ്റിലൂടെ വ്യക്തമാക്കിയത്.
'2023 ഓഗസ്റ്റ് 27 ന്, റോവർ അതിന്റെ സ്ഥാനത്തിന് 3 മീറ്റർ മുന്നിലായി 4 മീറ്റർ വ്യാസമുള്ള ഒരു ഗർത്തം കണ്ടു. ഇതേ തുടർന്ന് പാതയില്‍ മാറ്റം വരുത്താന്‍ റോവറിന് നിർദേശം നല്‍കി. റോവർ ഇപ്പോൾ സുരക്ഷിതമായി ഒരു പുതിയ പാതയിലേക്ക് നീങ്ങുകയാണ്.' ഐ എസ് ആർ ഒ കുറിച്ചു. ആറ് ചക്രങ്ങളുള്ള, സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന റോവർ പ്രഗ്യാന്‍ ലാന്‍ഡറിന് ചുറ്റുമായി ചന്ദ്രോപരിതലത്തില്‍ സഞ്ചരിക്കുകയും 14 ദിവസങ്ങളോളം നീണ്ട് നില്‍ക്കുന്ന പ്രവർത്തന കാലയളവില്‍ ചിത്രങ്ങളും ശാസ്ത്രീയ വിവരങ്ങളും ഭൂമിയിലേക്ക് കൈമാറുകയും ചെയ്യും.

ഒരു ചാന്ദ്രദിനം പൂർത്തിയാകാൻ 10 ദിവസം കൂടിയാണ് ഇനി ബാക്കിനിൽക്കുന്നത്. ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിംഗ്, പ്രഗ്യാൻ റോവറിന്റെ ചലനം, റോവറിലും വിക്രം ലാൻഡറിലും ഘടിപ്പിച്ച പേലോഡുകൾ വഴി സയൻസ് ഡാറ്റ നേടുക എന്നിവയാണ് ചാന്ദ്ര ദൗത്യത്തിന്റെ മൂന്ന് പ്രധാന ലക്ഷ്യങ്ങള്‍. "നമ്മുടെ രണ്ട് പ്രധാന ലക്ഷ്യങ്ങൾ വിജയകരമായി പൂർത്തീകരിച്ചു, എന്നാൽ നമ്മുടെ മൂന്നാമത്തെ ലക്ഷ്യം വിജയകരമായി തന്നെ പുരോഗിച്ചുകൊണ്ടിരിക്കുകയാണ്," സ്പേസ് ആപ്ലിക്കേഷൻസ് സെന്റർ ഡയറക്ടർ നിലേഷ് എം ദേശായി പറഞ്ഞു.
ചന്ദ്രയാൻ-3 ന്റെ വിക്രം ലാൻഡർ മൊഡ്യൂളിലെ ChaSTE പേലോഡ് ഉപയോഗിച്ച് കണ്ടെത്തിയ ചന്ദ്രോപരിതലത്തിലെ താപനില വ്യതിയാനത്തിന്റെ ഒരു ഗ്രാഫും ഐഎസ്ആർഒ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. എല്ലാ പരീക്ഷണങ്ങളും ആസൂത്രണം ചെയ്തതു പോലെ തുടങ്ങിക്കഴിഞ്ഞതായും ഏജന്‍സി അറിയിച്ചു.
അതേസമയം, ചന്ദ്രയാൻ-3 ദൗത്യത്തിന്റെ ഉജ്ജ്വലമായ വിജയത്തിന് പിന്നാലെ രാജ്യത്തിന്റെ ആദ്യ സോളാർ ദൗത്യമായ ആദിത്യ എൽ 1 വിക്ഷേപിക്കാനുള്ള തയ്യാറെടുപ്പിലാണ് ബഹിരാകാശ ഗവേഷണ സംഘടനയായ ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് പിഎസ്എൽവി-എക്‌സ്‌എൽ റോക്കറ്റിലൂടെ സെപ്റ്റംബർ 2 ന് ആദിത്യ എൽ 1 വിക്ഷേപിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.












Click it and Unblock the Notifications