ചന്ദ്രയാന്‍-3: ലാന്‍ഡിംഗ് സൈറ്റിന് ശിവശക്തിയെന്ന് മോദി പേരിട്ടതില്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്റെ പ്രതികരണം ഇങ്ങനെ
ബെംഗളൂരു: ചന്ദ്രയാന്‍-3 ചന്ദ്രനിലിറങ്ങിയ ഭാഗത്തിന് ശിവശക്തി പോയിന്റ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പേര് നല്‍കിയതില്‍ പ്രതികരണവുമായി ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ എസ് സോമനാഥ്. ചന്ദ്രയാന്‍-3 ന്റെ സോഫ്റ്റ് ലാന്‍ഡിംഗിന് ശേഷം ആദ്യമായി കേരളത്തില്‍ എത്തിയതായിരുന്നു അദ്ദേഹം. ലാന്‍ഡ് ചെയ്യുന്ന സ്ഥലത്തിന് പേരിടാന്‍ അതത് രാജ്യങ്ങള്‍ക്ക് അവകാശമുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചാന്ദ്രയാന്‍-3 ല്‍ നിന്ന് വിലപ്പെട്ട വിവരങ്ങള്‍ ലഭിച്ചുിട്ടുണ്ടെന്നും റോവറും ലാന്‍ഡറും ചിത്രങ്ങള്‍ എടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വരും ദിവസങ്ങളില്‍ കൂടുതല്‍ മിഴിവേറിയ ചിത്രങ്ങള്‍ പുറത്തുവിടുമെന്നും എസ് സോമനാഥ് വ്യക്തമാക്കി. കൂടുതല്‍ ഗ്രഹാന്തര ദൗത്യങ്ങള്‍ ആരംഭിക്കാന്‍ ഇന്ത്യക്ക് കഴിയുമെന്നും ബഹിരാകാശ മേഖലയുടെ വിപുലീകരണത്തിലൂടെ രാജ്യത്തിന്റെ മൊത്തത്തിലുള്ള പുരോഗതിയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

സോമനാഥിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...
ശിവശക്തിയെന്ന് പേരിട്ടതില്‍ ഞാനെന്ത് ചെയ്യാനാ. ഇന്ത്യയുടെ ഒരുപാട് സ്ഥലങ്ങളുടെ പേരുകള്‍ ചന്ദ്രനിലുണ്ട്. ഇന്ത്യക്കാരല്ലാത്തവരുടെ ഒരുപാട് പേരുകളുണ്ട്. ഓരോ രാജ്യത്തിനും അതാത് രാജ്യങ്ങളുടെ ബന്ധപ്പെട്ട പേരിടാം. നമുക്ക് സാരാഭായ് ക്രൈറ്ററുണ്ട് ചന്ദ്രനില്‍. മറ്റ് രാജ്യങ്ങളിലെ ഇതുപോലെ സയന്റിഫിക് അക്കംപ്ലീഷ്‌മെന്റിന് അവര്‍ എക്‌സ്‌പ്ലോര്‍ ചെയ്ത സ്ഥലങ്ങള്‍ക്ക് പേരിടാറുണ്ട്.
അതൊരു പാരമ്പര്യമാണ്. ദക്ഷിണധ്രുവത്തില്‍ പോകാന്‍ ഒരുപാട് രാജ്യങ്ങള്‍ ശ്രമിച്ചിരുന്നെങ്കിലും നടന്നില്ല. അതിന്റെ പ്രയാസം ഒരുപാടുണ്ട്. ചന്ദ്രന്റെ ആ ഭാഗം നിരപ്പായ സ്ഥലമല്ല. ഒരുപാട് കുന്നുകളുണ്ട്. രണ്ട് കിലോമീറ്റര്‍ പൊക്കമുള്ള കുന്നുകളാണ്. വലിയ താഴ്ചയുള്ള താഴ്വരകളുണ്ട്. അതിന്റെ ചെരിവില്‍ പോയി ലാന്‍ഡ് ചെയ്താല്‍ ലാന്‍ഡറിന്റെ കഥ ആലോചിക്കാവുന്നതേ ഉള്ളൂ. ഫ്‌ളാറ്റ് ഏരിയ കണ്ടെത്താന്‍ പ്രയാസമുള്ളത് കൊണ്ടാണ് അധികമാരും അങ്ങോട്ട് പോകാത്തത്.
സൂര്യപ്രകാശം 14 ദിവസത്തേക്കെ കിട്ടൂ. അവിടെയാണ് ഒരുപാട് സയന്‍സ് ഉള്ളത്. അവിടെ മൂലകങ്ങള്‍ ഒരുപാട് കണ്ടെത്താന്‍ സാധ്യതയുണ്ട്. ജലം കണ്ടെത്താന്‍ സാധ്യതയുണ്ട്. 14 ദിവസം അത് അതിജീവിക്കാന്‍ വലിയ പ്രയാസമാണ്. കാരണം അവിടെ ഐസിനേക്കാള്‍ 180 ഡിഗ്രി കുറവാണ് താപനില. അത്രയും തണുപ്പില്‍ 14 ദിവസം നിലനില്‍ക്കുക എന്നത് വെല്ലുവിളിയാണ്. നിലനിന്നാല്‍ നമുക്ക് 14 ദിവസം കൂടി നില്‍ക്കും.
ഞങ്ങളെ സംബന്ധിച്ച് സോഫ്റ്റ് ലാന്‍ഡിംഗ് മാത്രമല്ല ചന്ദ്രയാന്‍-3 ന്റെ മുഴുവന്‍ വശങ്ങളും പൂര്‍ണ വിജയമായിരുന്നു. രാജ്യം മുഴുവന്‍ അതില്‍ ഞങ്ങള്‍ക്ക് പിന്തുണ നല്‍കി. മഹത്തായ നേട്ടത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാനും എന്റെ സഹപ്രവര്‍ത്തകരും സന്തോഷവാന്‍മാരും അഭിമാനവുമുള്ളവരാണ്.'












Click it and Unblock the Notifications