ചന്ദ്രയാന്‍-3: ത്രിവര്‍ണ പതാക ചന്ദ്രനില്‍ പതിയും; സോഫ്റ്റ് ലാന്‍ഡിംഗിന് ശേഷം സംഭവിക്കാന്‍ പോകുന്നത്...
ചന്ദ്രയാന്‍-3 ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകം. നാളെ വൈകീട്ട് 6.04 നാണ് ചന്ദ്രയാന്‍-3 ന്റെ സോഫ്റ്റ് ലാന്‍ഡിംഗ് നിശ്ചയിച്ചിരിക്കുന്നത്. സാഹചര്യം പ്രതികൂലമായില്ലെങ്കില്‍ ഈ സമയത്ത് തന്നെ സോഫ്റ്റ് ലാന്‍ഡിംഗ് നടക്കും. ചന്ദ്രയാന്‍-3 ചന്ദ്രനെ തൊടുന്നതിനാണ് ശാസ്ത്രജ്ഞര്‍ കാത്തിരിക്കുന്നതെങ്കിലും ഐഎസ്ആര്‍ഒയുടെ യഥാര്‍ത്ഥ ജോലി ആരംഭിക്കുന്നത് ഇതിന് ശേഷമാണ്.
ഒരു ചാന്ദ്ര ദിനത്തില്‍ (14 ഭൗമദിനങ്ങള്‍) റോവര്‍ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുന്നതിനാല്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ലാന്‍ഡറിലും (3 പേലോഡുകള്‍) റോവറിലുമുള്ള അഞ്ച് ഉപകരണങ്ങളില്‍ നിന്ന് വരുന്ന ടണ്‍ കണക്കിന് ഡാറ്റ വിശകലനം ചെയ്യാന്‍ തുടങ്ങും. ചന്ദ്രോപരിതലത്തില്‍ തൊട്ടതിന് പിന്നാലെ വിക്രം ലാന്‍ഡറിന്റെ ഒരു വശത്തെ പാനല്‍ തുറക്കും. ഇത് പ്രഗ്യാന്‍ റോവറിന് ഒരു റാമ്പ് സൃഷ്ടിക്കും.

ആറ് ചക്രങ്ങളുള്ള, ത്രിവര്‍ണ്ണ പതാകയും ഐഎസ്ആര്‍ഒ ലോഗോയും പതിച്ച പ്രഗ്യാന്‍ ലാന്‍ഡറില്‍ നിന്ന് 4 മണിക്കൂറിന് ശേഷം ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങും. സെക്കന്‍ഡില്‍ 1 സെന്റിമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന പ്രഗ്യാന്‍ നാവിഗേഷന്‍ ക്യാമറകള്‍ ഉപയോഗിച്ച് ചന്ദ്രന്റെ ചുറ്റുപാടുകള്‍ സ്‌കാന്‍ ചെയ്യും. ത്രിവര്‍ണ്ണ പതാകയുടെയും ഐഎസ്ആര്‍ഒയുടെ ലോഗോയുടെയും മുദ്രകള്‍ ചന്ദ്രോപരിതലത്തില്‍ ഉരുളുമ്പോള്‍ പ്രഗ്യാന്‍ പതിപ്പിക്കും.
ഇത് ചന്ദ്രനിലെ ഇന്ത്യയുടെ അടയാളമായി മാറും. ചന്ദ്രന്റെ ഉപരിതലവുമായി ബന്ധപ്പെട്ട ഡാറ്റ നല്‍കുന്നതിന് പേലോഡുകള്‍ ഉപയോഗിച്ച് ക്രമീകരിച്ച ഉപകരണങ്ങള്‍ റോവറില്‍ ഉണ്ട്. ഇത് ചന്ദ്രന്റെ അന്തരീക്ഷത്തിന്റെ മൂലക ഘടനയെക്കുറിച്ചുള്ള ഡാറ്റ ശേഖരിക്കുകയും ലാന്‍ഡറിലേക്ക് ഡാറ്റ അയയ്ക്കുകയും ചെയ്യും. മൂന്ന് പേലോഡുകള്‍ ഉപയോഗിച്ച്, വിക്രം ലാന്‍ഡര്‍ ഉപരിതല പ്ലാസ്മയുടെ (അയോണുകളും ഇലക്ട്രോണുകളും) സാന്ദ്രത അളക്കും.
ഒപ്പം ചന്ദ്രോപരിതലത്തിന്റെ താപഗുണങ്ങളുടെ അളവുകള്‍ രേഖപ്പെടുത്തി ലാന്‍ഡിംഗ് സൈറ്റിന് ചുറ്റുമുള്ള പ്രകമ്പനം അളക്കുകയും ചന്ദ്രന്റെ പുറംതോടിന്റെയും ആവരണത്തിന്റെയും ഘടന വ്യക്തമാക്കുകയും ചെയ്യും. സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലാന്‍ഡറിനും റോവറിനും ചന്ദ്രന്റെ ചുറ്റുപാടുകള്‍ പഠിക്കാന്‍ രണ്ടാഴ്ചയോളം സമയമെടുക്കും. ഭൂമിയുമായി നേരിട്ട് ആശയവിനിമയം നടത്തുന്ന ലാന്‍ഡറുമായി മാത്രമേ റോവറിന് ആശയവിനിമയം നടത്താന്‍ കഴിയൂ.
ചന്ദ്രയാന്‍-2 ഓര്‍ബിറ്ററിനെ കണ്ടിജന്‍സി കമ്മ്യൂണിക്കേഷന്‍സ് റിലേയായും ഉപയോഗിക്കാമെന്ന് ഐഎസ്ആര്‍ഒ പറയുന്നു. തിങ്കളാഴ്ച ചന്ദ്രയാന്‍-2 ഓര്‍ബിറ്റര്‍ ലാന്‍ഡര്‍ മൊഡ്യൂളുമായി ആശയവിനിമയം സ്ഥാപിച്ചിരുന്നു. അതേസമയം 14 ഭൗമദിനങ്ങളില്‍ റോവര്‍ സഞ്ചരിച്ച യഥാര്‍ത്ഥ ദൂരം ഇപ്പോള്‍ കണക്കാക്കാനാവില്ലെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് പറഞ്ഞു.
രണ്ടാം ചാന്ദ്ര ദിനത്തില്‍ റോവറിനും ലാന്‍ഡറിനും അതിജീവിക്കണമെങ്കില്‍, ദക്ഷിണധ്രുവത്തിലെ ഒരു ചാന്ദ്ര രാത്രിയുടെ മൈനസ് 238 ഡിഗ്രി സെല്‍ഷ്യസ് തണുപ്പിനെ നേരിടണം. തിങ്കളാഴ്ച സോമനാഥ് ബഹിരാകാശ മന്ത്രി ജിതേന്ദ്ര സിംഗിനെ ദല്‍ഹിയില്‍ സന്ദര്‍ശിച്ചിരുന്നു. സോഫ്റ്റ് ലാന്‍ഡിംഗ് സാധ്യമായാല്‍ യുഎസ്, റഷ്യ, ചൈന എന്നിവയ്ക്ക് ശേഷം ചന്ദ്രനില്‍ ഈ നേട്ടം കൈവരിക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായിരിക്കും ഇന്ത്യ.
എന്നാല്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ലോകത്തിലെ ഏക രാജ്യം എന്ന നേട്ടവും ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്. പര്യവേക്ഷണം ചെയ്യപ്പെടാത്തത് പര്യവേക്ഷണം ചെയ്യാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നു എന്നതിനാലാണ് ദക്ഷിണധ്രുവത്തിലേക്ക് ഇന്ത്യ പോകുന്നതെന്ന് ജിതേന്ദ്രസിംഗ് വിശദീകരിച്ചു. 'ചന്ദ്രനിലെ ഇരുണ്ട ഗര്‍ത്തങ്ങളുടെ ചിത്രങ്ങള്‍ ഞങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്, അതില്‍ ജലം ഉണ്ടായിരിക്കുമെന്ന് സൂചനയുണ്ട്.
ഹൈഡ്രജനും ഓക്‌സിജനും അടങ്ങിയ ജലത്തിന്റെ കൂടുതല്‍ തെളിവുകള്‍ ചന്ദ്രയാന്‍-3 കണ്ടെത്തുകയാണെങ്കില്‍, അത് ധാരാളം ശാസ്ത്രീയ അവസരങ്ങള്‍ തുറക്കും. ജലത്തില്‍ നിന്ന് ഹൈഡ്രജന്‍ ടാപ്പുചെയ്യാന്‍ കഴിയുമെങ്കില്‍, അത് ശുദ്ധമായ ഊര്‍ജ്ജത്തിന്റെ സമ്പന്നമായ ഉറവിടമായിരിക്കും' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications