സോഫ്റ്റ് ലാന്‍ഡിംഗ് ചരിത്ര നിമിഷമെന്ന് രാജ്‌നാഥ് സിംഗ്; ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് ഉപരാഷ്ട്രപതി
ന്യൂഡല്‍ഹി: ചാന്ദ്രയാന്‍ മൂന്നിന്റെ സോഫ്റ്റ് ലാന്‍ഡിംഗ് വിജയകരമായതില്‍ സന്തോഷമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ബഹിരാകാശ പര്യവേഷണചരിത്രത്തില്‍ ഇന്ത്യ സുവര്‍ണ അധ്യായം എഴുതി ചേര്‍ത്തിരിക്കുകയാണ്. ഇതൊരു നാഴികക്കല്ലാണ്. ഇന്ത്യയിലെ 140 കോടി ജനങ്ങളും കാണാനായി കാത്തിരുന്നത് ഈ നേട്ടമാണ്. ബഹിരാകാശ സാങ്കേതിക വിദ്യയില്‍ ഇന്ത്യയുടെ കരുത്തിന് സാക്ഷിയാണ് ഈ വിജയമെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
അതേസമയം ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറും ലാന്‍ഡിംഗ് വിജയത്തില്‍ അഭിനന്ദനവുമായി എത്തി. നമ്മുടെ ശാസ്ത്ര മേഖലയിലെ വളര്‍ച്ചയും, നിശ്ചയദാര്‍ഢ്യവുമാണ് ഇത് തെളിയിക്കുന്നത്. നമ്മുടെ ശാസ്ത്രജ്ഞരെ അക്കാര്യത്തില്‍ അഭിനന്ദിക്കുന്നു. അമൃതകാലത്തില്‍ നിന്ന് ആഗോള ബഹിരാകാശ നേതൃനിരയിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റം കൂടിയാണിതെന്നും ധന്‍കര്‍ പറഞ്ഞു.ചന്ദ്രയാന്‍ മൂന്നിന്റേത് ഇന്ത്യക്കാരുടെ കൂട്ടായ്മയുടെ വിജയമാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.

നമ്മുടെ ശാസ്ത്രജ്ഞരുടെ ആഗ്രഹത്തെയും, കഠിനാധ്വാനത്തെയും, ആത്മസമര്‍പ്പണത്തെയും സല്യൂട്ട് ചെയ്യുന്നു. ഈ മിഷനിന്റെ ഭാഗമായി, അതിനെ വിജയിപ്പിക്കാന്‍ മുന്‍കൈയ്യെടുത്ത എല്ലാവര്‍ക്കുമുള്ളതാണ് സല്യൂട്ടെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് സ്‌പേസ് ഏജന്‍സിയും ഇസ്രൊയെ അഭിനന്ദിച്ചു. ചരിത്രമാണ് നടന്നിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു. മാലിദ്വീപ് പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ് സ്വാലിഹും അഭിനന്ദനവുമായി രംഗത്ത് വന്നു.
ദക്ഷിണേഷ്യന്‍ രാജ്യമെന്ന നിലയില്‍ ഞങ്ങളും ഈ ചരിത്രപരമായ നേട്ടത്തില്‍ അഭിമാനിക്കുന്നു. മനുഷ്യപുരോഗതിക്കും, ശാസ്ത്രീയ പുരോഗതിക്കും ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും അഭിനന്ദനം അറിയിച്ചു. തമിഴ്‌നാടിന്റെ കൂടി നേട്ടമാണിത്. തമിഴ്‌നാട്ടില്‍ നിന്നുള്ള മയില്‍സാമി അണ്ണാദുരൈ, എം വനിത, പി വീരമുത്തുവേല്‍ എന്നിവര്‍ മൂന്ന് ചന്ദ്രയാന്‍ മിഷനുകളെ നയിച്ചവരാണ്. അവരുടെ ആത്മസമര്‍പ്പണവും, വൈദഗ്ധ്യവും നമ്മളെയെല്ലൊം പ്രചോദിപ്പിക്കുന്നു. ഇവരുടെ കാലടികള്‍ പിന്തുടര്‍ന്ന് ഇന്ത്യയുടെ പുരോഗതിക്കായി സംഭാവനകള്‍ നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും സ്റ്റാലിന്‍ പറഞ്ഞു.
രാഷ്ട്രപതി ദ്രൗപതി മുര്‍മു ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കാണുന്ന സൗഭാഗ്യമെന്നാണ് നേട്ടത്തെ വിശേഷിപ്പിച്ചത്. ചരിത്രമാണ് നമ്മുടെ ശാസ്ത്രജ്ഞര്‍ സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യക്ക് അഭിമാനിക്കാവുന്ന നേട്ടമാണ് അതിലൂടെ ഉണ്ടായിരിക്കുന്നത്. ഇസ്രൊയെയും ചന്ദ്രയാന്‍ മൂന്നിന്റെ ഭാഗമായ എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും മുര്‍മു പറഞ്ഞു.
ദൗത്യത്തിന്റെ ഭാഗമായ എല്ലാ ശാസ്ത്രജ്ഞരെയും അഭിനന്ദിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയും രംഗത്ത് വന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബഹിരാകാശ മേഖലയില്‍ ഇന്ത്യ പുതിയൊരു വ്യക്തിത്വം രൂപപ്പെടുത്തിയെടുത്തിരിക്കുകയാണ്. സ്വയംപര്യാപ്ത ഭാരമാണ് യാഥാര്‍ത്ഥ്യമാണെന്ന് ഇത് തെളിയിക്കുന്നു.
ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തില്‍ പേടകം ഇറക്കിയ ആദ്യ രാഷ്ട്രമാവാന്‍ ഇന്ത്യക്ക് സാധിച്ചത് വലിയ നേട്ടമാണ്. ഇസ്രൊയുടെ ചരിത്രത്തില്‍ 89 ലോഞ്ച് മിഷനുകളാണ് നടത്തിയിട്ടുള്ളത്. അതില്‍ 47 എണ്ണവും കഴിഞ്ഞ 9 വര്‍ഷത്തില്‍ മോദി സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് നടന്നത്. യുപിഎ സര്‍ക്കാരിന്റെ കാലത്തേക്കാള്‍ ഇരട്ടിയാണിതെന്നും നദ്ദ പറഞ്ഞു.












Click it and Unblock the Notifications