ചന്ദ്രയാന്‍-3: ചന്ദ്രനിലേക്ക് ഉരുണ്ടിറങ്ങി റോവര്‍; പുതിയ വീഡിയോ പുറത്ത് വിട്ട് ഐഎസ്ആര്‍ഒ
ന്യൂദല്‍ഹി: ഇന്ത്യന്‍ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-3 ബുധനാഴ്ചയാണ് ചന്ദ്രോപരിതലത്തില്‍ വിജയകരമായി സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയത്. മുന്‍ഗാമികളായ അമേരിക്ക, റഷ്യ, ചൈന എന്നിവരില്‍ നിന്നും വ്യത്യസ്തമായ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണ് ചന്ദ്രയാന്‍-3 സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയത്. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ലോകരാജ്യമായിരിക്കുകയാണ് ഇതോട് കൂടി ഇന്ത്യ.
ഇപ്പോഴിതാ ചന്ദ്രയാന്‍ 3 ദൗത്യത്തിലെ പ്രഗ്യാന്‍ റോവര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിന്റെ വീഡിയോ ഐ എസ് ആര്‍ ഒ പങ്ക് വെച്ചിരിക്കുകയാണ്. വിക്രം ലാന്‍ഡറിന്റെ വാതില്‍ തുറന്ന് റാമ്പിലൂടെ റോവര്‍ ചന്ദ്രോപരിതലത്തിലേക്ക് ഉരുണ്ടിറങ്ങുന്നതിന്റെ വീഡിയോ ആണ് ഐ എസ് ആര്‍ ഒ തങ്ങളുടെ എക്‌സ് അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്നത്. ലാന്‍ഡറില്‍ നിന്ന് പുറത്തിറങ്ങിയ റോവര്‍ ചന്ദ്രോപരിതത്തില്‍ മണ്ണില്‍ ഇന്ത്യയുടെ മുദ്ര പതിപ്പിച്ച് കഴിഞ്ഞു.

'ഇങ്ങനെയാണ് ചന്ദ്രയാന്‍ 3ന്റെ റോവര്‍ ലാന്‍ഡറില്‍ നിന്ന് ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങിയത്' എന്ന അടിക്കുറിപ്പോടെയാണ് ഐ എസ് ആര്‍ ഒ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. റോവര്‍ ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കുമ്പോള്‍ അശോക സ്തംഭം, ഐ എസ് ആര്‍ ഒയുടെ ലോഗോ എന്നിവയും പതിയും. ഈ മുദ്രകള്‍ ചന്ദ്രോപരിതലത്തില്‍ ഇന്ത്യയുടെ മായാത്ത അടയാളമാകും.
... ... and here is how the Chandrayaan-3 Rover ramped down from the Lander to the Lunar surface. pic.twitter.com/nEU8s1At0W
— ISRO (@isro) August 25, 2023
എല്ലാ ലാന്‍ഡര്‍ മൊഡ്യൂളുകളും പേലോഡുകള്‍ ഓണാക്കിയിട്ടുണ്ടെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചു. റോവര്‍ മൊബിലിറ്റി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ലാന്‍ഡറില്‍ നിന്ന് ഒരു കിലോമീറ്റര്‍ വരെ ചുറ്റളവില്‍ റോവര്‍ സഞ്ചരിക്കും. ആല്‍ഫ പാര്‍ട്ടിക്കിള്‍ എക്‌സ്‌റേ സ്‌പെക്ട്രോമീറ്റര്‍, ലേസര്‍ ഇന്‍ഡ്യൂസ്ഡ് ബ്രേക്ഡൗണ്‍ സ്‌പെക്ട്രോസ്‌കോപ് തുടങ്ങിയ ഉപകരണങ്ങളാണ് റോവറിലുള്ളത്.
എപിഎക്‌സ്എസ് ചന്ദ്രോപരിതലത്തിലെ ധാതുക്കളുടെ ഘടനയും രാസഘടനയും പരിശോധിക്കും. ചന്ദ്രനിലെ മണ്ണിലും പാറകളിലും അടങ്ങിയിരിക്കുന്ന മഗ്നീഷ്യം, അലുമിനിയം, സിലിക്കണ്‍, പൊട്ടാസ്യം, കാത്സ്യം, ടൈറ്റാനിയം, ഇരുമ്പ് തുടങ്ങിയ മൂലകങ്ങളുടെ തന്മാത്രാ ഘടനയെക്കുറിച്ചാണ് ലസര്‍ ഇന്‍ഡ്യൂസ്ഡ് ബ്രേക്ഡൗണ്‍ സ്‌പെക്ട്രോസ്‌കോപ് പരിശോധിക്കുക. ആശയവിനിമയത്തിന് ചന്ദ്രയാന്‍ 2 ഓര്‍ബിറ്ററിന്റേയും നാസയുടെയും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെയും സഹായമുണ്ടാകും.
ജൂലൈ 14 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് ഇന്ത്യ ചന്ദ്രയാന്‍ വിക്ഷേപിച്ചത്. ഇതിന് ശേഷം വിക്ഷേപിച്ച റഷ്യയുടെ ലൂണ-25 ആദ്യം ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. അതിനാല്‍ തന്നെ ലോകത്തിന്റെ എല്ലാം പ്രതീക്ഷ ചന്ദ്രയാന്‍-3 ലേക്കായിരുന്നു.












Click it and Unblock the Notifications