ചന്ദ്രയാന്‍-3: സ്വപ്നകുതിപ്പിന് ശ്രീഹരിക്കോട്ട തയ്യാർ, ഇനി മണിക്കൂറുകള്‍ മാത്രം, ആകാംക്ഷയോടെ രാജ്യം
ബെംഗളൂരു: രാജ്യത്തിന്റെ അഭിമാനമുയർത്തി ചന്ദ്രയാന്‍-3 യുടെ സ്വപ്ന കുതിപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. വിക്ഷേപണത്തിനുള്ള കൗണ്ട് ഡൗൺ പതിനാറര മണിക്കൂർ പിന്നിട്ടു. ഏഴര മണിക്കൂർ കൂടി പിന്നിട്ട് കൃത്യം ഉച്ചയ്ക്ക് 2.35 ന് ശ്രീഹരിക്കോട്ടയിലെ രണ്ടാം നമ്പർ ലോഞ്ച് പാഡിൽ നിന്നും ചന്ദ്രയാന്‍-3 യുമായി വിക്ഷേപണ വാഹനമായ എൽവിഎം 3 റോക്കറ്റ് കുതിച്ചുയരും. ഇത് വരെ എല്ലാ സാഹചര്യങ്ങളും വിക്ഷേപണത്തിന് അനുകൂലമാണെന്നാണ് ഐഎസ്ആർഒ വ്യക്തമാക്കുന്നത്.
സോഫ്റ്റ് ലാന്‍ഡിങ് എന്നതാണ് ചന്ദ്രയാന്‍-3യുടെ പ്രധാന ലക്ഷ്യം. ചന്ദ്രയാന്‍-2 വില്‍ വിജയിക്കാതെ പോയ സ്വപ്നമാണിത്. നിലവില്‍ യുഎസും റഷ്യയും ചൈനയും മാത്രം കൈവരിച്ച നേട്ടം ഓഗസ്റ്റിൽ ഇന്ത്യയും കൈവരിക്കുമെന്നാണ് പ്രതീക്ഷ. ചന്ദ്രയാന്‍-2 ദൌത്യത്തിനിന്റെ ഭാഗമായി 2019 സെപ്റ്റംബർ 7ന് പുലർച്ചെ 1.53ന് സോഫ്റ്റ് ലാൻഡിങ്ങിനു വെറും മൂന്നു മിനിറ്റ് ശേഷിക്കെയാണ് ആദ്യ സോഫ്റ്റ് ലാന്‍ഡിങ് ലക്ഷ്യം തകർന്നത്. ചന്ദ്രോപരി തലത്തിലേക്ക് സുരക്ഷിതമായി ഇറക്കുന്നതിനിടെ വേഗം നിയന്ത്രിക്കുന്നതിലെ വീഴ്ച കാരണം ലാൻഡർ ഇടിച്ചിറങ്ങി തകരാനിടയാക്കുകയായിരുന്നു.

വിക്ഷേപണം കഴിഞ്ഞ് പതിനാറാം മിനുട്ടില്‍ തന്നെ പേടകം റോക്കറ്റില്‍ നിന്നും വേർപെടും. തുടർന്ന് ഭൂമിയിൽ നിന്ന് 170 കിലോമീറ്റർ എറ്റവും കുറഞ്ഞ ദൂരവും 36500 കിലോമീറ്റർ കൂടിയ ദൂരവുമായിട്ടുള്ള പാർക്കിംഗ് ഓർബിറ്റിലാണ് ആദ്യം പേടകത്തെ സ്ഥാപിക്കുക. അതിന് ശേഷം അവിടുന്ന് അഞ്ച് ഘട്ടമായി ഭ്രമണപഥ മാറ്റത്തിലൂടെ ഭൂമിയുമായുള്ള അകലം കൂട്ടി കൂട്ടി കൊണ്ടുവരികയും തുടർന്ന് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പേടകം പ്രവേശിക്കുകയും ചെയ്യും.

ചന്ദ്രന്റെ ഭ്രമണ പഥത്തില്‍ പ്രവേശിച്ച് കഴിയുന്നതോടെ വീണ്ടും അഞ്ച് ഘട്ടമായിട്ടാവും ചന്ദ്രനുമായുള്ള അകലം കുറച്ചുകൊണ്ടു വരിക. ചന്ദ്രനിൽ നിന്ന് നൂറ് കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിൽ എത്തുന്നതോടെ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് ചാന്ദ്രയാൻ മൂന്ന് ലാൻഡർ വേർപ്പെടുക. ഇതിന് ശേഷം ലാൻഡർ ചന്ദ്രന്റെ ഉപരിതലത്തിലേക്ക് സോഫ്റ്റ് ലാന്‍ഡിങ് നടത്തും.
ലാന്‍ഡറിന് അകത്താണ് 26 കിലോഗ്രാം മാത്രമുള്ള റോവർ സ്ഥിതി ചെയ്യുന്നത്. ആറ് ചക്രമുള്ള ഈ റോവറിന് ലാന്‍ഡറുമായിട്ട് മാത്രമായിരിക്കും കമ്മ്യൂണിക്കേഷന്‍. ചന്ദ്രനിലെ മണ്ണിനെക്കുറിച്ച് പഠിക്കാനുള്ള LIBS (Laser Induced Breakdown Spectroscope) മൂലകങ്ങളെ കുറിച്ച് കൂടതല്‍ അറിയാനുള്ള APXS (Alpha Particle X-Ray Spectrometer) എന്നിവയാണ് റോവറിന് അകത്തെ രണ്ട് പേ ലേഡുകള്‍.












Click it and Unblock the Notifications