ചന്ദ്രയാനൊപ്പം ചരിത്രത്തിലേക്ക് ഈ പേരുകളും, ചന്ദ്രയാൻ 3 ദൗത്യത്തിന് പിന്നിലെ കരുത്തുറ്റ കരങ്ങൾ
ഡല്‍ഹി: ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ചന്ദ്രയാന്‍-3 ചെന്നിറങ്ങുന്ന ചരിത്ര നിമിഷത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കി. ബുധനാഴ്ച വൈകിട്ട് 6.4ന് വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിലിറങ്ങും. ചന്ദ്രനിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഭാഗമായ ദക്ഷിണ ധ്രുവത്തില്‍ ലാന്‍ഡിംഗ് അത്ര എളുപ്പമല്ല.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് വിക്രം ലാന്‍ഡര്‍ പ്രൊപള്‍ഷന്‍ മൊഡ്യൂളില്‍ നിന്ന് വേര്‍പെട്ടത്. മാത്രമല്ല ചന്ദ്രോപരിതലത്തിന്റെ ചിത്രങ്ങളും അയച്ച് തുടങ്ങി. ഐഎസ്ആര്‍ഒയുടെ മേല്‍നോട്ടത്തില്‍ സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ വികസിപ്പിച്ചെടുത്ത ക്യാമറയാണ് ചന്ദ്രയാനില്‍ ചിത്രങ്ങള്‍ പകര്‍ത്താനായുളളത്.

ഇന്ത്യയുടെ ഈ നിര്‍ണായക ദൗത്യത്തിന് നേതൃത്വം കൊടുത്തവരുടെ പേരുകള്‍ ചരിത്രത്തില്‍ സ്വര്‍ണലിപികളാല്‍ എഴുതി ചേര്‍ക്കപ്പെടും. അവര്‍ ആരൊക്കെയെന്ന് അറിയണ്ടേ? ഇസ്രോ ചെയര്‍മാന്‍ എസ് സോമനാഥും ചന്ദ്രയാന്‍ 3ന്റെ പ്രൊജക്ട് മാനേജരും വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ ഡയറക്ടറും അടങ്ങുന്ന സംഘമാണത്.
എസ് സോമനാഥ്
കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആണ എസ് സോമനാഥ് ഇസ്രോ ചെയര്‍മാനായി ചുമതല ഏറ്റെടുത്തത്. ഇന്ത്യയുടെ സ്വപ്‌ന പദ്ധതിയുടെ നെടുംതൂണ്‍. നേരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെയും ലിക്വിഡ് പ്രൊപള്‍ഷന്‍ സിസ്റ്റം സെന്ററിന്റെയും തലപ്പത്ത് പ്രവര്‍ത്തിച്ചിരുന്നു. ആദിത്യ എല്‍1, ഗഗന്‍യാന്‍ അടക്കമുളള ഇന്ത്യയുടെ നിര്‍ണായക ബഹിരാജാശ ദൗത്യങ്ങളും ഇദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ്.
പി വീരമുത്തുവേല്‍
2019ലാണ് പി വീരമുത്തുവേല്‍ ചന്ദ്രയാന്‍ 3ന്റെ പ്രൊജക്ട് മാനേജരായി നിയോഗിക്കപ്പെടുന്നത്. നേരത്തെ സ്‌പേസ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോഗ്രാം ഓഫീസ് ഡെപ്യൂട്ടി ഓഫീസര്‍ ആയിരുന്നു. ചന്ദ്രയാന്‍ 2 പ്രൊജക്ടിലും നിര്‍ണായക പങ്ക് വഹിച്ചിരുന്നു. തമിഴ്‌നാട് വില്ലുപുരം സ്വദേശിയാണ് പി വീരമുത്തുവേല്‍.
എസ് ഉണ്ണിക്കൃഷ്ണന്‍ നായര്‍
ഇന്ത്യയുടെ അഭിമാന പദ്ധതിയിലെ മലയാളി സാന്നിധ്യമാണ് വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ ഡയറക്ടര്‍ എസ് ഉണ്ണിക്കൃഷ്ണന്‍ നായര്‍. തിരുവനന്തപുരം തുമ്പയിലാണ് ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക് 3 റോക്കറ്റ് വികസിപ്പിച്ചെടുത്തത്. ചന്ദ്രയാന്‍ 3 ദൗത്യത്തില്‍ ഉണ്ണിക്കൃഷ്ണന്‍ നായര്‍ക്കും സംഘത്തിനും നിര്‍ണായക റോള്‍ ആണുളളത്.
എം ശങ്കരന്‍
യു ആര്‍ റാവു സാറ്റലൈറ്റ് സെന്റര്‍ ഡയറക്ടറാണ് എം ശങ്കരന്‍. 2021 ജൂണില്‍ ചുമതലയേറ്റെടുത്തു. ഐഎസ്ആര്‍ഒയ്ക്ക് വേണ്ടി സാറ്റലൈറ്റുകള്‍ രൂപകല്‍പന നടത്തുന്നതും നിര്‍മ്മിക്കുന്നതും ഈ സെന്ററാണ്. അന്യഗ്രഹ പര്യവേഷണം, ആശയ വിനിമയും, കാലാവസ്ഥാ പ്രവചനം, നാവിഗേഷന്‍ അടക്കമുളളവയ്ക്കുളള സാറ്റലൈറ്റുകള്‍ നിര്‍മ്മിക്കുന്ന സംഘത്തിന് എം ശങ്കരന്‍ നേതൃത്വം നല്‍കുന്നു.












Click it and Unblock the Notifications