ചന്ദ്രനെ തൊടാന്‍ ചന്ദ്രയാന്‍-3: അഭിമാന നിമിഷത്തിലേക്ക് രാജ്യം, 5.45 മുതൽ തത്സമയ സംപ്രേക്ഷണം
ഡല്‍ഹി: ചന്ദ്രയാന്‍-3 ചാന്ദ്ര ഉപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്ന ചരിത്ര നിമിഷത്തിനായി ആകാംക്ഷയോടെ കാത്തിരുന്ന് ഇന്ത്യയും ലോകവും. വൈകിട്ട് 5.45 മുതൽ 6.04 വരെയുള്ള പത്തൊൻപത് മിനുട്ടുകളിൽ ചന്ദ്രയാൻ 3 ദൗത്യം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ. ഇന്നുവരെ ഒരു ചാന്ദ്രദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാന്‍-3 ഇറങ്ങാൻ പോകുന്നത്. ദൗത്യം വിജയകരമായാൽ ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ് ലാന്റിംഗ് നടത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും.
ഞായറാഴ്ച ലാൻഡിംഗിനിടെ ചന്ദ്രോപരിതലത്തിൽ തകർന്ന് വീണ് റഷ്യൻ ചാന്ദ്ര ദൗത്യം ലൂണ -25 പരാജയപ്പെട്ട സാഹചര്യത്തില്‍ കൂടിയാണ് ഇന്ത്യന്‍ ദൗത്യത്തെ ലോകം അതീവ ശ്രദ്ധയോടെ നോക്കിക്കാണുന്നത്. ഗർത്തങ്ങളും ആഴത്തിലുള്ള കിടങ്ങുകളും നിറഞ്ഞ ഇതേ പ്രദേശത്ത് ഇറങ്ങാന്‍ ശ്രമിച്ച ചന്ദ്രയാൻ-2 ദൗത്യം 2019 ല്‍ പരാജയപ്പെട്ടിരുന്നു. വേഗനിയന്ത്രണത്തിലെ പാളിച്ചകള്‍ മൂലം അന്ന് പേടകം ചന്ദ്രന്റെ ഉപരിതലത്തില്‍ ഇടിച്ചിറങ്ങി പരാജയപ്പെടുകയായിരുന്നു.

ചന്ദ്രയാൻ-2ൽ നിന്ന് പഠിച്ച എല്ലാ വിലപ്പെട്ട പാഠങ്ങളും ചന്ദ്രയാൻ-3 ല്‍ ഉൾപ്പെടുത്തിയതിനാൽ സോഫ്റ്റ് ലാൻഡിംഗ് തടസ്സമില്ലാതെ നടക്കുമെന്നാണ് ഐഎസ്ആർഒ മേധാനികള്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്. ദൗത്യം വിജയകരമായാല്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായും ഇന്ത്യ മാറും. അമേരിക്ക, ചൈന, സോവിയറ്റ് യൂണിയന്‍ എന്നിവര്‍ മാത്രമാണ് നേരത്തേ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
ബെംഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി & ട്രാക്കിംഗ് കമാൻഡ് നെറ്റ്വർക്ക് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം നടക്കുന്നത്. ചന്ദ്രയാന്‍-2 ലെ ഓർബിറ്റർ വഴിയാണ് ചന്ദ്രയാന്‍-3 ലേക്ക് സന്ദേശം അയക്കുന്നത്. ഇന്ത്യയുടെ പ്രവർത്തനങ്ങള്‍ക്ക് യൂറോപ്യൻ ബഹിരാകാശ ഏജൻസിയും നാസയും സജീവമായി പിന്തുണ നല്‍കുന്നുമുണ്ട്. ലാൻഡിങ്ങ് പ്രക്രിയ തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പായിരിക്കും അവസാന ഘട്ട കമാൻഡുകൾ പേടകത്തിലേക്ക് അയക്കുക. അതിന് ശേഷം കാര്യങ്ങൾ നിയന്ത്രിക്കുന്നത് പേടകത്തിലെ സോഫ്റ്റ്‍വെയറായിരിക്കും.
ഐഎസ്ആർഒയുടെ യൂട്യൂബ് ചാനലിലൂടെ പൊതുജനങ്ങള്‍ക്ക് ലാന്‍ഡിങ് തത്സമയം കാണാന്‍ സാധിക്കും. ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അവിടെ വെച്ചാണ് ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാന്‍ പോവുന്നത്. തത്സമയ സംപ്രേക്ഷണത്തിനായി സ്കൂളുകളും ശാസ്ത്ര സ്ഥാപനങ്ങളും ബിഗ് സ്ക്രീനുകളുമായി സൗകര്യം ഒരുക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാറിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലും തത്സമയം സംപ്രേക്ഷണത്തിനുള്ള സജ്ജീകരണം ഒരുക്കിയതായി മന്ത്രി ആർ ബിന്ദു അറിയിച്ചു.












Click it and Unblock the Notifications