'ചന്ദ്രനെ കണ്ട് ചന്ദ്രയാന്‍-3'; ഏറ്റവും പുതിയ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ
ബംഗളൂരു: ചന്ദ്രന്റെ ഏറ്റവും പുതിയ ചിത്രം പകര്‍ത്തി ചന്ദ്രയാന്‍ 3. ഇപ്പോള്‍ 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയാണ് ഐ എസ് ആര്‍ ഒ പുറത്തുവിട്ടിരിക്കുന്നത്. പേടകത്തെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തിക്കുന്ന സമയത്ത് പകര്‍ത്തിയ ദൃശ്യങ്ങളാണിത്. നിലവില്‍ ചന്ദ്രന്റെ 164 കിലോ മീറ്റര്‍ അടുത്തും 18074 കിലോ മീറ്റര്‍ അകലെയുമുള്ള ഭ്രമണപഥത്തിലാണ് പേടകം വലം വയ്ക്കുന്നത്.
2023 ഓഗസ്റ്റ് 5-ന് ലൂണാര്‍ ഓര്‍ബിറ്റ് ഇന്‍സെര്‍ഷന്‍ സമയത്ത് ചന്ദ്രയാന്‍-3 വീക്ഷിച്ച ചന്ദ്രന്‍ എന്ന അടിക്കുറിപ്പോടെയാണ് ഐ എസ് ആര്‍ ഒവീഡിയോ പങ്കുവച്ചത്. അതേസമയം, ചന്ദ്രദൗത്യം ഇതുവരെ സുഗമമായിരുന്നു എന്നാണ് ഐ എസ് ആര്‍ ഒ അറിയിക്കുന്നത്. ഈ മാസം അവസാനം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുമെന്ന് ഐ എസ് ആര്‍ ഒ പ്രതീക്ഷിക്കുന്നു.

അതേസമയം, വെള്ളിയാഴ്ചയാണ് ലൂണാര്‍ ഓര്‍ബിറ്റ് ഇന്‍സേര്‍ഷന്‍ വിജയകരമാണെന്ന് ഐ എസ് ആര്‍ ഒ അറിയിച്ചത്. ആഗസ്റ്റ് ഒന്നിനാണ് ചന്ദ്രയാന്‍ മൂന്ന് പേടകത്തെ ട്രാന്‍സ് ലൂണര്‍ ഓര്‍ബിറ്റിലേക്ക് മാറ്റിയത്. ശേഷം നാല് ദിവസത്തോളം ലൂണാര്‍ ട്രാന്‍സ്ഫര്‍ ട്രജക്ടടറിലൂടെ യാത്ര ചെയ്താണ് പേടകം ചന്ദ്രന്റെ ഗുരുത്വാഗര്‍ഷണ വലയത്തിന് സമീപം എത്തിയത്. തുടര്‍ന്ന് ലിക്വിഡ് പ്രൊപ്പല്‍ഷന്‍ എന്‍ജിന്‍ പ്രവര്‍ത്തിപ്പിച്ച് പേടകത്തെ ഭ്രമണപഥത്തില്‍ എത്തിക്കുകയായിരുന്നു.
കഴിഞ്ഞ മാസം 14ന് ആണ് ഇന്ത്യയുടെ മൂന്നാമത്തെ ചന്ദ്രദൗത്യമായ ചന്ദ്രയാന്‍ വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം പൂര്‍ത്തിയാക്കിയത്. വിക്ഷേപണം വിജയകരമായാല്‍ അമേരിക്ക, ചൈന, റഷ്യ എന്നീ രാജ്യങ്ങള്‍ക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലാന്‍ഡര്‍ മൊഡ്യൂള്‍, പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍, റോവര്‍ എന്നിവയാണ് ചന്ദ്രയാന്‍-3യുടെ പ്രധാന ഭാഗങ്ങള്‍. ലാന്‍ഡര്‍ മൊഡ്യൂള്‍ ചന്ദ്രനിലേക്ക് ഇറങ്ങുമ്പോള്‍ റോവറാണ് ചന്ദ്രന്റെ ഉപരിതലത്തിലൂടെ സഞ്ചരിക്കുക. ഇവ രണ്ടിനേയും ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിക്കുകയെന്നതാണ് പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ മൊഡ്യൂളിന്റെ ചുമതല.












Click it and Unblock the Notifications