ചന്ദ്രയാൻ-3; പൊടിപടലങ്ങൾ നീങ്ങി, ലാൻഡറിന്റെ പാനൽ തുറന്ന് റോവർ പുറത്തേക്ക്
ബെംഗളൂരു; സോഫ്റ്റ് ലാൻഡിംഗിന് പിന്നാലെ ലാൻഡറിന്റെ പാനൽ തുറന്ന് റോവറിനെ പുറത്ത് കടത്തുന്ന നടപടികൾ ആരംഭിച്ചു. സോഫ്റ്റ് ലാൻഡിംഗിന് ശേഷം ഏകദേശം മൂന്നര മണിക്കൂർ കഴിഞ്ഞാണ് റോവറിനെ പുറത്തുകടത്തുന്നത്.
സോഫ്റ്റ് ലാൻഡിംഗ് സമയത്ത് വലിയ പൊടിപടലങ്ങൾ ഉണ്ടാകുമെന്നും അതിനാൽ പൊടി നീങ്ങിയാൽ മാത്രമേ റോവർ പ്രഗ്യാനെ പുറത്ത് കടത്തൂവെന്ന് ഐഎസ്ആർഒ വ്യക്തമാക്കിയിരുന്നു.പ്രഗ്യാൻ സെക്കൻഡിൽ 1 സെന്റീമീറ്റർ വേഗതയിലാണ് ഇറങ്ങുക. നാവിഗേഷൻ കാമറയുടെ സഹായത്തോടെയായിരിക്കും റോവറിന്റെ മുന്നോട്ടുള്ള യാത്ര.

ചന്ദ്രയാൻ-3 യിൽ ഓർബിറ്റററും ലാൻഡറുമാണ് നിർണായകമെങ്കിലും ചന്ദ്രനിൽ സഞ്ചരിച്ച് വിവരങ്ങൾ കൈമാറുക റോവറാണ്. റോവറിന്റെ മുന്നിലായി രണ്ട് 1 മെഗാപിക്‌സല്‍ മോണോക്രോമാറ്റിക് ക്യാമറകള്‍ ഉണ്ട്. ഇത് വഴിയാണ് റോവർ പകർത്തുന്ന ദൃശ്യങ്ങൾ ശാസ്ത്രജ്ഞർക്ക് ലഭ്യമാകുക. മൂന്ന് അടി നീളവും 2.5 അടി വീതിയും 2.8 അടി ഉയരവുമാണ് പ്രഗ്യാനുള്ളത്. 27 കിലോഗ്രാം ആണ് ഭാരം.
റോവറും ലാൻഡറും 14 ദിവസമാണ് ചന്ദ്രനിൽ പ്രവർത്തിക്കുക. ഒരു ചാന്ദ്ര ദിനം എന്നാൽ ഭൂമിയിലെ 14 ദിവസമാണ്. അതുകൊണ്ട് തന്നെ സൂര്യപ്രകാശം ലഭ്യമാകുന്ന 14 ദിവസമായിരിക്കും ഇവ പ്രവർത്തിക്കുക. 14 ദിവസം കഴിഞ്ഞാൽ സൂര്യപ്രകാശം പോകുകയും ഇവിടുത്തെ താപനില മൈനസ് 238 ഡിഗ്രിയായി കുറയുകയും ചെയ്യും. ഈ താപനിലയിൽ പേടകത്തിന് പ്രവർത്തിക്കാനാകില്ല. ലാൻഡർ കൂടുതൽ ദിവസം പ്രവർത്തിക്കുമോയെന്ന് ഐ എസ് ആർ ഒയും ഉറപ്പ് നൽകുന്നില്ല. അശോക സ്തംഭവും, ഐഎസ്ആര്‍ഒയുടെ ചിഹ്നവും പ്രജ്ഞാൻ റോവർ ചന്ദ്രോപരിതലത്തിൽ പതിപ്പിക്കും. റോവറിന്റെ ചക്രങ്ങളിൽ ഇവ പതിപ്പിച്ചിട്ടുണ്ട്.കാറ്റ് ഇല്ലാത്തതിനാൽ ഈ മുദ്ര മായാതെ കിടക്കും.
ജുലൈ 14 നായിരുന്നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ചന്ദ്രയാൻ 3 വിജയകരമായി വിക്ഷേപിച്ചത്. 41 ദിവസം കൊണ്ടാണ് പേടകം ചന്ദ്രോപരിതലത്തിൽ ഇറങ്ങിയത്. ചന്ദ്രോപരിതലത്തിലുള്ള രാസ, പ്രകൃതി മൂലകങ്ങൾ, മണ്ണ്, ജലം എന്നിവയുടെ പര്യവേക്ഷണമാണ് ഐ എസ് ആർ ഒയുടെ മൂന്നാമത്തെ ചന്ദ്രദൗത്യമായ ചന്ദ്രയാന്‍-3 യിലൂടെ ലക്ഷ്യം വെയ്ക്കുന്നത്. ചന്ദ്രയാൻ 1,2 ദൗത്യങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങൾ സാധൂകരിക്കാനുള്ള അവസരം കൂടിയായിരിക്കും ചന്ദ്രയാൻ 3.ഹീലിയം 3ന്റേയും മറ്റ് ധാതുക്കളുടെയും സാന്നിദ്ധ്യം സ്ഥിരീകരിക്കാൻ കൂടി കഴിയുന്നതിനാൽ ചന്ദ്രയാൻ 3 ദൗത്യം ഏറെ നിർണായകമാണ്.












Click it and Unblock the Notifications