ചന്ദ്രയാന്‍-3: ചന്ദ്രനെ തൊട്ട് ഇന്ത്യ; ദൗത്യം വിജയകരം, ലോകത്തിന്റെ നെറുകയില്‍ രാജ്യം
ന്യൂദല്‍ഹി: ഇന്ത്യയുടെ ചാന്ദ്രദൗത്യം ചന്ദ്രയാന്‍-3 വിജയകരം. നേരത്തെ നിശ്ചയിച്ചത് പോലെ 6.04 ന് തന്നെ ചന്ദ്രയാന്‍-3 സോഫ്റ്റ് ലാന്‍ഡിംഗ് നടത്തി. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ മാന്‍സിനസ് സി, സിംപിലിയസ് എന്‍ ഗര്‍ത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാന്‍-3 ഇറങ്ങിയത്. ഇതുവഴി ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്ന നാലാമത്തെ രാജ്യം എന്ന നേട്ടമാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്.
അതോടൊപ്പം ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങിയ ആദ്യ രാജ്യം എന്ന നേട്ടവും ചന്ദ്രയാന്‍-3 സ്വന്തമാക്കി. ബെംഗളൂരുവിലെ ഐ എസ് ആര്‍ ഒ ടെലിമെട്രി ആന്റ് ട്രാക്കിംഗ് കമാന്‍ഡ് നെറ്റ്‌വര്‍ക്കിലൂടെയായിരുന്നു പേടകവുമായുള്ള ആശയവിനിമയം നടന്നത്. മണിക്കൂറില്‍ ആറായിരത്തിലേറെ കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന പേടകത്തിന്റെ വേഗം കുറച്ച് സെക്കന്‍ഡില്‍ രണ്ട് മീറ്റര്‍ എന്ന അവസ്ഥയിലെത്തിച്ചതിന് ശേഷമായിരുന്നു സോഫ്റ്റ് ലാന്‍ഡിംഗ്.

4.2 കിലോമീറ്റര്‍ നീളവും 2.5 കിലോമീറ്റര്‍ വീതിയുമുള്ള സ്ഥലത്ത് എവിടെ വേണമെങ്കിലും ലാന്‍ഡ് ചെയ്യാന്‍ സാധിക്കുന്ന വിധമായിരുന്നു ചന്ദ്രയാന്‍-3 ന്റെ ലാന്‍ഡിംഗ് ക്രമീകരിച്ചിരുന്നത്. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങളാണ് ഇതിന് മുന്‍പ് ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയിട്ടുള്ളത്. എന്നാല്‍ ഇവരാരും ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ആയിരുന്നില്ല ഇറങ്ങിയിരുന്നത്. അതിനാല്‍ ചന്ദ്രയാന്‍-3 ന്റെ നേട്ടം അതുല്യമാണ്.
ചന്ദ്രയാന്‍-3 ന്റെ സോഫ്റ്റ് ലാന്റിംഗിന് ശേഷം വിക്രം ലാന്ററില്‍ നിന്ന് പ്രഗ്യാന്‍ റോവര്‍ പുറത്തുവരും. ശേഷം പേടകത്തിലെ ഉപകരണങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കും. ആറ് ചക്രങ്ങളുള്ള, ത്രിവര്‍ണ്ണ പതാകയും ഐഎസ്ആര്‍ഒ ലോഗോയും പതിച്ച പ്രഗ്യാന്‍ ലാന്‍ഡറില്‍ നിന്ന് 4 മണിക്കൂറിന് ശേഷമാണ് ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുക. രാജ്യത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളുമായി ജൂലൈ 14 ന് ആണ് ചന്ദ്രയാന്‍-3 കുതിച്ചുയര്‍ന്നത്. ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് വിക്ഷേപണ വാഹനമായ എല്‍വിഎം 3 റോക്കറ്റിലേറിയാണ് ചന്ദ്രയാന്‍-3 കുതിച്ചുയര്‍ന്നത്.
ലാന്‍ഡിംഗ് പ്രക്രിയ തുടങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് തന്നെ അവസാന ഘട്ട കമാന്‍ഡുകള്‍ ഐ എസ് ആര്‍ ഒയില്‍ നിന്ന് പേടകത്തിലേക്ക് അയച്ചു. അതിന് ശേഷം പേടകത്തിലെ സോഫ്റ്റ്‌വെയര്‍ നിയന്ത്രണമേറ്റെടുത്തു. ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററില്‍ നിന്നുള്ള ചിത്രങ്ങള്‍ വച്ചാണ് ചന്ദ്രയാന്‍ മൂന്നിന്റെ ലാന്‍ഡിംഗ് സ്ഥാനം തെരഞ്ഞെടുത്തത്. ചന്ദ്രയാന്‍-2 ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അവസാന നിമിഷം പരാജയപ്പെടുകയായിരുന്നു.












Click it and Unblock the Notifications