ചന്ദ്രയാന്‍-3: 'ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലം ശിവശക്തിയെന്ന് അറിയപ്പെടും'; ശാസ്ത്രജ്ഞരെ അഭിനന്ദിച്ച് മോദി
ബെംഗളൂരു: ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തി ചരിത്രം സൃഷ്ടിച്ച ഐ എസ് ആര്‍ ഒയുടെ ചന്ദ്രയാന്‍-3 ടീമിനെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ശനിയാഴ്ച രാവിലെ ബെംഗളൂരുവിലെ ഐ എസ് ആര്‍ ഒയുടെ ഓഫീസിലെത്തിയ മോദി ശാസ്ത്രജ്ഞരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. ടെലിമെട്രി ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്ക് മിഷന്‍ കണ്‍ട്രോള്‍ കോംപ്ലക്സില്‍ ഐ എസ് ആര്‍ ഒ മേധാവി സോമനാഥുമായി മോദി കൂടിക്കാഴ്ച നടത്തി.
ചാന്ദ്രദൗത്യത്തിന്റെ കണ്ടെത്തലുകളും നിലവിലെ സ്ഥിതിയും സോമനാഥ് അദ്ദേഹത്തെ അറിയിച്ചു. ബഹിരാകാശ പര്യവേക്ഷണ മേഖലയില്‍ ഇന്ത്യയെ ആഗോള ഭൂപടത്തിലേക്ക് കൊണ്ടുവന്നതിന് ശാസ്ത്രജ്ഞരോട് നന്ദി രേഖപ്പെടുത്തുന്നതായി പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ പറഞ്ഞു. ചന്ദ്രയാന്‍ -3 ന്റെ ലാന്‍ഡര്‍ ഇറങ്ങിയ സ്ഥലത്തെ 'ശിവശക്തി' എന്ന് വിളിക്കുമെന്ന് മോദി പ്രഖ്യാപിച്ചു.

ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞരുടെ കഠിനാധ്വാനത്തെ മോദി പ്രശംസിച്ചു. ശാസ്ത്രത്തിലും ഭാവിയുടെ സാധ്യതകളിലും വിശ്വസിക്കുന്ന ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഇന്ത്യയുടെ നേട്ടത്തില്‍ ആവേശഭരിതരാണെന്നും മോദി അഭിപ്രായപ്പെട്ടു. ചന്ദ്രനില്‍ ഇന്ത്യയുടെ ശംഖനാദം മുഴക്കിയ നിങ്ങളോരോരുത്തരും രാജ്യത്തെ ഉയരങ്ങളില്‍ എത്തിച്ചുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
'ഇന്ന് ഞാന്‍ മറ്റൊരു തലത്തിലുള്ള സന്തോഷം അനുഭവിക്കുന്നു. അത്തരം അവസരങ്ങള്‍ വളരെ വിരളമാണ്. ഇത്തവണ ഞാന്‍ വളരെ അസ്വസ്ഥനായിരുന്നു. ഞാന്‍ ദക്ഷിണാഫ്രിക്കയിലായിരുന്നു. പക്ഷേ എന്റെ മനസ്സ് നിങ്ങളോടൊപ്പമായിരുന്നു,' പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. പ്രസംഗത്തിലുടനീളം പ്രധാനമന്ത്രി വികാരാധീനനായാണ് സംസാരിച്ചത്.
ലോകം ഇന്നേ വരെ എത്തിയിട്ടില്ലാത്ത ഇടത്താണ് നമ്മള്‍ കാലുകുത്തിയത് എന്നും പുതിയ മാറുന്ന ഇന്ത്യ ഇരുണ്ട കോണില്‍ പോലുമെത്തി വെളിച്ചം തെളിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു. വലിയ ശാസ്ത്രസമസ്യകള്‍ പോലും പരിഹരിക്കാന്‍ ഇന്ത്യയുടെ ശാസ്ത്രലോകത്തിന് ശേഷിയുണ്ട് എന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ചന്ദ്രയാന്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടന്ന ഓരോ നിമിഷവും ഓര്‍മയിലുണ്ടെന്നും രാജ്യം ആഘോഷാരവം മുഴക്കിയ നിമിഷം മറക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓരോ ഇന്ത്യക്കാരനും ഒരു വലിയ പരീക്ഷ പാസായ പോലെ, സ്വന്തം നേട്ടം എന്ന പോലെയാണ് ഈ അസുലഭ നിമിഷം ആഘോഷിച്ചത്.
വിദേശ സന്ദര്‍ശനം പൂര്‍ത്തിയായാലുടന്‍ നിങ്ങളെ വന്ന് കാണാനാണ് ആഗ്രഹിച്ചതെന്നും പ്രധാനമന്ത്രി ശാസ്ത്രജ്ഞരോട് പറഞ്ഞു. അതേസമയം പ്രധാനമന്ത്രി നേരിട്ടെത്തി തങ്ങളെ അഭിനന്ദിച്ചതില്‍ അഭിമാനവും സന്തോഷവുമുണ്ട് എന്ന് എസ് സോമനാഥ് പ്രതികരിച്ചു. റോവര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയതിന്റെ ഗ്രാഫിക്കല്‍ ദൃശ്യവല്‍ക്കരണവും അദ്ദേഹം മോദിയുമായി പങ്ക് വെച്ചു.












Click it and Unblock the Notifications