തിരിച്ചടിയില്‍ നിന്ന് തിരിച്ചുവരവ്; ചന്ദ്രയാന്‍-3 ന് പിന്നിലെ ബുദ്ധികേന്ദ്രം.. ആരാണ് പി വീരമുത്തുവേല്‍?
ചന്ദ്രയാന്‍-3 ലൂടെ ബഹിരാകാശരംഗത്ത് വീണ്ടും സ്വന്തം പേര് പതിപ്പിക്കാനൊരുങ്ങുകയാണ് രാജ്യം. ജൂലൈ 14 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് ചന്ദ്രയാന്‍ 3 കുതിച്ചുയരുമ്പോള്‍ അഭിമാനത്തിനൊപ്പം പ്രതീക്ഷകളുമേറെയാണ്. ചന്ദ്രയാന്‍ 2 ന് സംഭവിച്ച തിരിച്ചടിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് കൊണ്ടാണ് ചന്ദ്രയാന്‍ 3 വിക്ഷേപണത്തിന് ഒരുങ്ങുന്നത്. ഐ എസ് ആര്‍ ഒയുടെ മൂന്നാമത്തെ ചാന്ദ്രദൗത്യമാണ് ചന്ദ്രയാന്‍-3.
ചന്ദ്രയാന്‍ 1, 2 ദൗത്യത്തിലെ നേട്ടങ്ങളും വിശദാംശങ്ങളും എല്ലാവര്‍ക്കും അറിയാമെങ്കിലും ചന്ദ്രയാന്‍ മൂന്നാം പതിപ്പിന് പിന്നിലെ ബുദ്ധികേന്ദ്രം ആരാണെന്ന് പലര്‍ക്കുമറിയില്ല. ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞനായ പി വീരമുത്തുവേലിന്റെ ആശയമാണ് പദ്ധതി മുഴുവനും. തമിഴ്‌നാട്ടിലെ വില്ലുപുരം സ്വദേശിയായ ഇദ്ദേഹം 2019 ല്‍ ആണ് ചാന്ദ്ര ദൗത്യത്തിന്റെ പ്രൊജക്ട് ഡയറക്ടര്‍ സ്ഥാനത്തെത്തുന്നത്.

വീരമുത്തുവേലിന്റെ പിതാവ് ദക്ഷിണ റെയില്‍വേയില്‍ ടെക്‌നീഷ്യനായിരുന്നു. വില്ലുപുരത്തെ റെയില്‍വേ ക്വാര്‍ട്ടേഴ്‌സിലായിരുന്നു വീരമുത്തുവേലുവും കുടുംബവും താമസിച്ചിരുന്നത്. വില്ലുപുരത്തെ റെയില്‍വേ സ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസവും സ്വകാര്യ പോളിടെക്നിക് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിപ്ലോമയും നേടിയ വീരമുത്തുവേല്‍ ചെന്നൈയിലെ ഒരു പ്രൈവറ്റ് കോളേജില്‍ നിന്നാണ് എഞ്ചിനീയറിംഗ് ബിരുദം നേടിയത്.
മറ്റൊരു പ്രൈവറ്റ് എഞ്ചിനീയറിംഗ് കോളേജില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹത്തിന്റെ സ്വപ്‌നം ഐ എസ് ആര്‍ ഒയായിരുന്നു. ഐഐടി മദ്രാസില്‍ പിഎച്ച്ഡിക്ക് ചേര്‍ന്നതോടെയാണ് വീരമുത്തുവേല്‍ തന്റെ സ്വപ്‌നത്തിലേക്ക് നടന്നടുക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നടക്കം ജോലി അവസരങ്ങള്‍ ലഭിച്ചെങ്കിലും സ്വീകരിച്ചില്ല. 2014 ല്‍ ആണ് ഐഎസ്ആര്‍ഒയില്‍ ശാസ്ത്രജ്ഞനായി തിരഞ്ഞെടുക്കപ്പെടുന്നത്.
ചന്ദ്രയാന്‍ -2 ലാന്‍ഡര്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് എം വനിതക്ക് പകരം ഐ എസ് ആര്‍ ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനായ വീരമുത്തുവേല്‍ ചാന്ദ്ര ദൗത്യത്തിന്റെ പ്രൊജക്ട് ഡയറക്ടറാകുന്നത്. ചന്ദ്രയാന്‍ -3 ദൗത്യത്തിന്റെ ചുമതല വഹിക്കുന്നതിന് മുന്‍പ് ചന്ദ്രയാന്‍ -2 വിലും അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചിരുന്നു. പദ്ധതിക്ക് പിന്നിലെ സാധ്യതകള്‍ നാസയുമായി ഏകോപിപ്പിച്ചത് വീരമുത്തുവേലായിരുന്നു.
ഇതിന്റെ അനുഭവസമ്പത്തുമായാണ് ചന്ദ്രയാന്‍-3 ലേക്ക് വീരമുത്തുവേല്‍ എത്തുന്നത്. ചന്ദ്രയാന്‍ 2 ആരംഭിച്ച ദൗത്യം ചന്ദ്രയാന്‍ 3 പൂര്‍ത്തിയാക്കും എന്നാണ് രാജ്യത്തിന്റെ പ്രതീക്ഷ. 1994 മുതല്‍ 2003 വരെ ഐ എസ് ആര്‍ ഒയുടെ അധ്യക്ഷനായിരുന്ന ഡോ കെ കസ്തൂരിരംഗനാണ് ഇന്ത്യയുടെ ചാന്ദ്രദൗത്യം എന്ന ആശയത്തിന് ഗതിവേഗം നല്‍കുന്നത്. ബഹിരാകാശമേഖലയില്‍ സൂപ്പര്‍ പവര്‍ ആയിമാറാനുള്ള ഇന്ത്യയുടെ ആഗ്രഹത്തിന് ഐഎസ്ആര്‍ഒയുടെ ഇടപെടലുകള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി.
ചന്ദ്രയാന്‍-1
2008 ഒക്ടോബര്‍ 22 നാണ് ഇന്ത്യയുടെ ആദ്യ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-1 വിക്ഷേപിച്ചത്. ഇത് വിജയകരമായിരുന്നു. പി എസ് എല്‍ വി റോക്കറ്റ് ആയിരുന്നു ചന്ദ്രയാനെ വഹിച്ചത്. നവംബര്‍ എട്ടിന് ചന്ദ്രയാന്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വിജയകരമായി എത്തി. ചന്ദ്രോപരിതലത്തില്‍ നിന്ന് 100 കിലോമീറ്റര്‍ (62 മൈല്‍) ഉയരത്തില്‍ ഭ്രമണപഥം കൈവരിച്ച ചന്ദ്രയാന്‍-1 ചന്ദ്രനെ സൂക്ഷ്മമായി നിരീക്ഷിച്ചു.
അമേരിക്കന്‍ ബഹികാരാകാശ ഗവേഷണ ഏജന്‍സിയായ നാസയും യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സികളും നല്‍കിയ 11 ഉപകരണങ്ങള്‍ ഇതിന് സഹായിച്ചു. ചന്ദ്രനിലെ ജലത്തിന്റെ സാന്നിധ്യം അടക്കം കണ്ടെത്താന്‍ ചന്ദ്രയാന്‍ 1 ന് സാധിച്ചു. 2009 ല്‍ ചന്ദ്രയാന്‍- 1 മായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു. ചന്ദ്രനില്‍ ജലസാന്നിധ്യം തിരിച്ചറിയാന്‍ ചന്ദ്രയാന് സാധിച്ചതോടെ ബഹിരാകാശരംഗത്ത് ഇന്ത്യയുടെ വലിയ അടയാളപ്പെടുത്തലായി ഇത് മാറി.

ചന്ദ്രയാന്‍-2
ആദ്യ ചാന്ദ്രദൗത്യത്തിന് 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ രണ്ടാം ദൗത്യവുമായി ഇറങ്ങിയത്. 2019 ജൂലൈ 22 ന് വിക്ഷേപിച്ച ചന്ദ്രയാന്‍-2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വിജയകരമായി എത്തിയെങ്കിലും ചന്ദ്രന്റെ ഉപരിതലത്തില്‍ ലാന്‍ഡറിനും റോവറിനും വിജയകരമായി ലാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞില്ല. ചന്ദ്രയാന്‍ 2 ആരംഭിച്ച ദൗത്യം പൂര്‍ത്തിയാക്കുക എന്നതാണ് ചന്ദ്രയാന്‍ 3 ന്റെ ലക്ഷ്യം.
ചന്ദ്രയാന്‍-3
ചന്ദ്രയാന്‍-2 നും ചന്ദ്രയാന്‍-3 നും ഇടയില്‍ വെറും നാല് വര്‍ഷമാണ് ഐ എസ് ആര്‍ ഒയ്ക്ക് വേണ്ടി വന്നത്. ചന്ദ്രയാന്‍-2 വിനേറ്റ അപ്രതീക്ഷിത തിരിച്ചടിയില്‍ നിന്ന് പാഠമുള്‍ക്കൊണ്ടാണ് മൂന്നാം ദൗത്യത്തിലേക്ക് ഐ എസ് ആര്‍ ഒ കടന്നത്. ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി ഇറങ്ങാനും ഭ്രമണം ചെയ്യാനുമാണ് ആദ്യം ചന്ദ്രയാന്‍- 3 ശ്രമിക്കുക. അമേരിക്ക, സോവിയറ്റ് യൂണിയന്‍, ചൈന എന്നീ മൂന്ന് രാജ്യങ്ങള്‍ മാത്രമാണ് വിജയകരമായി ചന്ദ്രനില്‍ ഇറങ്ങിയത്.
കോടിക്കണക്കിന് വര്‍ഷങ്ങളായി സൂര്യപ്രകാശം ഏല്‍ക്കാതെ കിടക്കുന്ന ചന്ദ്രപരിതലത്തിലെ മേഖലകളില്‍ ചന്ദ്രയാന്‍-3 പര്യവേഷണം നടത്തും. ചന്ദ്രന്റെ ഭ്രമണപഥത്തിന്റെ മുകളില്‍ 100 കിലോമീറ്റര്‍ അകലെ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തി വിശകലനം നടത്താനാണ് ശ്രമം. ആഗസ്റ്റ് 23-നോ 24-നോ ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയേക്കുമെന്നാണ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ സോമനാഥ് പറയുന്നത്.












Click it and Unblock the Notifications