'ചന്ദ്രയാന്റെ വിജയം വളരെ വലുത്': തന്റെ പഴയ കവിത ചൊല്ലി പ്രധാനമന്ത്രി നരേന്ദ്ര മോദി
ഡല്‍ഹി: ചന്ദ്രയാന്റെ വിജയം രാജ്യത്തെ ആഘോഷത്തിന്റെ അന്തരീക്ഷത്തെ പതിന്മടങ്ങ് വര്‍ദ്ധിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രയാന്‍ ചന്ദ്രനില്‍ എത്തിയിട്ട് മൂന്ന് ദിവസത്തിലധികം ആകുന്നു. ഈ വിജയം വളരെ വലുതാണ്, അതിനെക്കുറിച്ച് എത്ര ചര്‍ച്ച ചെയ്താലും മതിയാവില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. പ്രതിമാസ റേഡിയോ പരിപാടിയായ മാന്‍ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് ഞാന്‍ നിങ്ങളോട് സംസാരിക്കുമ്പോള്‍, എന്റെ ഒരു പഴയ കവിതയിലെ ചില വരികള്‍ ഞാന്‍ ഓര്‍ത്തു പോകുകയാണെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഒരു പഴയ കവിതയും പരിപാടിക്കിടെ ചൊല്ലി. ''ആകാശത്ത് തല ഉയര്‍ത്തി മേഘങ്ങളെ ഭേദിച്ച് വെളിച്ചം പരത്തുന്നതിനായി സൂര്യന്‍ ഉദിച്ചതേയുള്ളു. ദൃഢനിശ്ചയത്തോടെ എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ഇരുട്ടിനെ അകറ്റാനായി സൂര്യന്‍ ഉദിച്ചതേയുള്ളു, ആകാശത്ത് തല ഉയര്‍ത്തി മേഘങ്ങളെ ഭേദിച്ചുകൊണ്ട് സൂര്യന്‍ ഉദിച്ചതേയുള്ളു.'' പ്രധാനമന്ത്രി തന്റെ പഴയ കവിതയക്കുറിച്ച് ഓർമ്മപ്പെടുത്തി.

ആഗസ്റ്റ് 23 ന്, ചന്ദ്രനിലും ദൃഢമായ നിശ്ചയത്തിന്റെ സൂര്യന്‍ ഉദിക്കുന്നുണ്ടെന്ന് ഇന്ത്യയും ഇന്ത്യയുടെ ചന്ദ്രയാനും തെളിയിച്ചു. ഏത് സാഹചര്യത്തിലും വിജയിക്കാന്‍ ആഗ്രഹിക്കുന്ന, ഏത് സാഹചര്യത്തിലും എങ്ങനെ വിജയിക്കണമെന്ന് അറിയുന്ന നവഇന്ത്യയുടെ ആത്മാവിന്റെ പ്രതീകമായി ചന്ദ്രയാന്‍ മിഷന്‍ മാറി.
ഈ ദൗത്യത്തിന്റെ ഒരുവശം ഞാന്‍ ഇന്ന് നിങ്ങളോടെല്ലാം പ്രത്യേകം ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്നു. ഈ പ്രാവശ്യം ഞാന്‍ ചെങ്കോട്ടയില്‍ നിന്ന് പറഞ്ഞത് നിങ്ങള്‍ക്ക് ഓര്‍മ്മ കാണുമല്ലോ, സ്ത്രീകളുടെ നേതൃത്വത്തില്‍ വികസനം ഒരു ദേശീയ സ്വഭാവമായി നാം ശക്തിപ്പെടുത്തണമെന്ന്. സ്ത്രീശക്തി ചേരുന്നിടത്ത് അസാധ്യമായതും സാധ്യമാകും. ഇന്ത്യയുടെ മിഷന്‍ ചന്ദ്രയാന്‍ സ്ത്രീശക്തിയുടെ ഉദാഹരണം കൂടിയാണ്.
നിരവധി വനിതാ ശാസ്ത്രജ്ഞരും എഞ്ചിനീയര്‍മാരും ഈ ദൗത്യത്തിലുടനീളം നേരിട്ട് പങ്കെടുത്തിട്ടുണ്ട്. പ്രോജക്ട് ഡയറക്ടര്‍, വിവിധ സംവിധാനങ്ങളുടെ പ്രോജക്ട് മാനേജര്‍ തുടങ്ങി നിരവധി സുപ്രധാന ചുമതലകള്‍ അവര്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ പുത്രിമാര്‍ ഇപ്പോള്‍ അനന്തമായി കണക്കാക്കുന്ന ബഹിരാകാശത്തെപോലും വെല്ലുവിളിക്കുന്നു. ഒരു രാജ്യത്തിന്റെ പെണ്‍മക്കള്‍ അഭിവാഞ്ഛകരാകുമ്പോള്‍, ആ രാജ്യം വികസിക്കുന്നതില്‍ നിന്ന് ആര്‍ക്കാണ് തടയാന്‍ കഴിയുകയെന്നും പ്രധാനമന്ത്രി ചോദിച്ചു.
ഇന്ന് നമ്മുടെ സ്വപ്നങ്ങള്‍ വലുതാണ്, നമ്മുടെ പരിശ്രമവും വലുതാണ്. നമ്മുടെ ശാസ്ത്രജ്ഞര്‍ക്കൊപ്പം മറ്റ് മേഖലകളും ചന്ദ്രയാന്‍ 3 ന്റെ വിജയത്തില്‍ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഭാഗങ്ങളെല്ലാം തയ്യാറാക്കുന്നതിനും സാങ്കേതിക ആവശ്യകതകള്‍ നിറവേറ്റുന്നതിനും നിരവധി രാജ്യക്കാര്‍ സംഭാവന നല്‍കിയിട്ടുണ്ട്. എല്ലാവരുടെയും പരിശ്രമം കൂടിയായപ്പോള്‍ വിജയവും കൈവരിച്ചു. ചന്ദ്രയാന്‍ 3 ന്റെ ഏറ്റവും വലിയ വിജയമാണിത്. ഭാവിയിലും നമ്മുടെ ബഹിരാകാശമേഖല എല്ലാവരുടെയും പ്രയത്‌നത്താല്‍ ഇതുപോലുള്ള എണ്ണമറ്റ വിജയങ്ങള്‍ കൈവരിക്കട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.
സെപ്റ്റംബര്‍ മാസം ഇന്ത്യയുടെ അനന്തസാധ്യതകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്. അടുത്തമാസം നടക്കുന്ന ജി-20 നേതാക്കളുടെ ഉച്ചകോടിക്കായി ഇന്ത്യ പൂര്‍ണസജ്ജമാണ്. 40 രാജ്യങ്ങളുടെ തലവന്മാരും നിരവധി ആഗോളസംഘടനകളും ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ തലസ്ഥാനമായ ഡല്‍ഹിയിലെത്തുന്നുണ്ട്.
ജി-20 ഉച്ചകോടിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പങ്കാളിത്തമായിരിക്കും ഇത്. അതിന്റെ പ്രസിഡന്റായിരിക്കുമ്പോള്‍, ഇന്ത്യ ജി-20യെ കൂടുതല്‍ സര്‍വ്വാശ്ലേഷിയായ ഫോറമാക്കി മാറ്റി. ഇന്ത്യയുടെ ക്ഷണപ്രകാരം ആഫ്രിക്കന്‍ യൂണിയനും ജി-20യില്‍ ചേര്‍ന്നു, ആഫ്രിക്കയിലെ ജനങ്ങളുടെ ശബ്ദം ലോകത്തിലെ ഈ സുപ്രധാന വേദിയില്‍ എത്തിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications