അമരീന്ദർ സിംഗിനെ സന്ദർശിച്ച് ചരൺ ജിത്ത് ചന്നി; കൂടിക്കാഴ്ചയ്ക്ക് പിന്നിൽ?
ദില്ലി; പഞ്ചാബ് കോൺഗ്രസിൽ ഉടലെടുത്ത പ്രശ്നങ്ങൾ പരിഹരിക്കാനുള്ള തീവ്രശ്രമങ്ങളിലാണ് കോൺഗ്രസ് ഹൈക്കമാന്റ് നേതൃത്വം. പുതിയ മുഖ്യമന്ത്രിയെ അവരോധിച്ചതിന് പിന്നാലെ പി സി സി അധ്യക്ഷ സ്ഥാനം രാജിവെച്ച നവജ്യോത് സിംഗ് സിദ്ദുവിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ ഒടുവിൽ ഫലം കണ്ടിരിക്കുകയാണ്. സിദ്ദുവിനെ അനുനയിപ്പിച്ച് തിരിച്ച് കൊണ്ടുവരാൻ മുഖ്യമന്ത്രി ചരൺ ജിത്ത് സിംഗ് ചന്നി ഇന്ന് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തൊട്ട് പിന്നാലെ ഹൈക്കമാന്റ് നേതൃത്വവുമായും സിദ്ദു കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ പാർട്ടി അധ്യക്ഷനായി സിദ്ദു തന്നെ തുടരുമെന്ന് ഹൈക്കമാന്റ് മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം സിദ്ദു-ഹൈക്കമാന്റ് കൂടിക്കാഴ്ച പുരോഗമിക്കവെ മറ്റൊരു നിർണായക കൂടിക്കാഴ്ച കൂടി പഞ്ചാബിൽ നടന്നിരുന്നു, മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗുമായി നിലവിലെ മുഖ്യമന്ത്രി ചരൺ ജിത്ത് സിംഗ് നടത്തിയ കൂടിക്കാഴ്ചയായിരുന്നു ഇത്.

മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റി നിർത്തിയതിന് പിന്നാലെ കോൺഗ്രസ് നേതൃത്വവുമായി അകന്ന് കഴിയുകയാണ് അമരീന്ദർ സിംഗ്. അദ്ദേഹം ബി ജെ പിയിൽ ചേരില്ലെന്ന് പ്രഖ്യാപിച്ചിട്ടില്ലേങ്കിലും ഇനി കോൺഗ്രസിൽ തുടരില്ലെന്ന നിലപാട് അറിയിച്ചിട്ടുണ്ട്. ഇതോടെ ക്യാപ്റ്റൻ സ്വന്തമായി പാർട്ടി രൂപീകരിക്കുമോയെന്നതുൾപ്പെടെയുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. അതിനിടെയിലാണ് ഇന്ന് ചന്നി അപ്രതീക്ഷിതമായി അമരീന്ദറുമായി കൂടിക്കാഴ്ച നടത്തി.

ഇത് ആദ്യമായാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്. കുടുംബ സമേതമായിരുന്നു അദ്ദേഹം അമരീന്ദറിനെ സന്ദർശിച്ചത്. പഞ്ചാബ്, പശ്ചിമ ബംഗാള്‍, അസം എന്നിവിടങ്ങളിലെ അന്താരാഷ്ട്ര അതിര്‍ത്തി പ്രദേശങ്ങളില്‍ ബിഎസ്എഫിന്റെ അധികാരപരിധി നീട്ടാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിൽ അമരീന്ദറിനെതിരെ ചന്നി സർക്കാരിലെ ഒരു മന്ത്രി വിമർശനം ഉയർത്തിയ പിന്നാലെയാണ് കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്.

അതേസമയം ഇരുവരും തമ്മിലുള്ള ഈ അപ്രതീക്ഷിത കൂടിക്കാഴ്ച പഞ്ചാബ് കോൺഗ്രസിലെ ഒരു പുതിയ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായുള്ള അഭ്യൂഹങ്ങൾ ഇതോടെ ശക്തമായിട്ടുണ്ട്. അതേസമയം എല്ലാവിഭാഗങ്ങളുടേയും പിന്തുണ ഉറപ്പാക്കാനുള്ള ചന്നിയുടെ തന്ത്രപരമായ നീക്കത്തിന്റെ ഭാഗമാണ് കൂടിക്കാഴ്ച എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. സിദ്ദു-അമരീന്ദർ പോര് മുറുകുമ്പോൾ മുതിർന്ന നേതാവായ അമരീന്ദറിനെ പോലൊരാളുടെ പിന്തുണ ഉറപ്പാക്കുകയെന്ന ലക്ഷ്യവും ഇതിലുണ്ടെന്ന വിലയിരുത്തലുകൾ ഉണ്ട്.

നേരത്തേ അമരീന്ദർ മന്ത്രിസഭയിൽ തുടരവേ അദ്ദേഹത്തിന്റെ കടുത്ത വിമർശകനായിരുന്ന ചന്നി മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം, അമരീന്ദർ സിംഗ് കുടുംബനാഥനെ പോലെയാണെന്നും അദ്ദേഹത്തിന്റെ മാർഗനിർദേശം തേടുമെന്നും പറഞ്ഞിരുന്നു. അമരീന്ദർ സിംഗ് കോൺഗ്രസിൽ തുടരണമെന്നും സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കണമെന്നുമായിരുന്നു ചന്നി പറഞ്ഞത്.

അതിനിടെ സിദ്ദുവിനെ അനുനയിപ്പിക്കാൻ സാധിച്ചതോടെ സംസ്ഥാന പാർട്ടിയിൽ ഒരു പരിധി വരെ പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന ആശ്വാസത്തിലാണ് ഹൈക്കമാന്റ് നേതൃത്വം. ഇന്ന് ദില്ലിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഹൈക്കമാന്റിന്റെ നിർദ്ദേശങ്ങൾ അംഗീകരിക്കുമെന്ന് സിദ്ദു വ്യക്തമാക്കിയത്. തുടർന്ന് സിദ്ദു അധ്യക്ഷനായി തുടരുമെന്നും പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് പറഞ്ഞിരുന്നു.

നേരത്തേ ചരൺ ജിത്ത് മന്ത്രിസഭയിലെ ചില അംഗങ്ങളുടെ നിയമനവും ഉദ്യോഗസ്ഥ തലത്തിലെ നിയമനങ്ങളിലും ചൊടിച്ചായിരുന്നു സിദ്ദു രാജി പ്രഖ്യാപിച്ചത്. ഈ നേതാക്കളെ മാറ്റി നിർത്തുന്നത് ഉൾപ്പെടെയുള്ള എന്തെങ്കിലും ഉപാധികൾ സിദ്ദു നേതൃത്വത്തിന് മുൻപിൽ വെച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. അതേസമയം പാർട്ടിയിലെ തർക്കങ്ങൾ പരിഹരിക്കപ്പെട്ടതോടെ ഇനി അമരീന്ദറിന്റെ നിലപാട് ആകും കോൺഗ്രസ് ഉറ്റുനോക്കുന്നത്.












Click it and Unblock the Notifications