പരീക്ഷയെഴുതാൻ ചാറ്റ് ജിപിടി, ബോംബെ ഐഐടി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു, ക്യാംപസ്സിൽ പ്രതിഷേധം
മുംബൈ: പരീക്ഷയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് പിടിക്കപ്പെട്ടതിന് പിന്നാലെ ബോംബെ ഐഐടി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം. ഐഐടി പോവൈ ക്യാംപസ്സിലെ വിദ്യാര്‍ത്ഥി ആയ സാഹില്‍ വഖോഡെ ആണ് ആത്മഹത്യ ചെയ്തത്.
എനര്‍ജി സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായ സാഹില്‍ പരീക്ഷയ്ക്ക് ചാറ്റ് ജിപിടിയുടെ സഹായം തേടി എന്നാണ് ഐഐടി അധികൃതര്‍ പറയുന്നത്. പരീക്ഷാ ചോദ്യപ്പേപ്പര്‍ ചാറ്റ് ജിപിടിയില്‍ അപ്ലോഡ് ചെയ്തായിരുന്നു സാഹില്‍ ഉത്തരങ്ങളെഴുതിയത് എന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. സാഹിലിനെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.

എന്നാല്‍ സാഹില്‍ മൊബൈല്‍ ഉപയോഗിക്കുന്നത് കണ്ടുപിടിച്ച പരീക്ഷാഹാളിലെ ഇന്‍സ്ട്രക്ടര്‍ വിദ്യാര്‍ത്ഥിയെ വകുപ്പ് മേധാവിയുടെ അടുത്തേക്ക് കൊണ്ട് പോവുകയും കാര്യങ്ങള്‍ സംസാരിക്കുകയും മാത്രമാണ് ചെയ്തതെന്നും അക്കാദമിക് കരിയറിനെ ബാധിക്കുന്ന തരത്തിലുളള നടപടിയൊന്നും ഉണ്ടാകില്ലെന്ന് സാഹിലിന് ഉറപ്പ് നല്‍കിയിരുന്നു എന്നുമാണ് ഐഐടി അധികൃതരുടെ വാദം. പരീക്ഷാ ഹാളില്‍ നിന്ന് ഹോസ്റ്റല്‍ മുറിയിലേക്ക് മടങ്ങിയ സാഹിലിനെ വൈകിട്ടോടെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
കഴിഞ്ഞ 6 മാസങ്ങള്‍ക്കിടെ ഇത് മൂന്നാമത്തെ വിദ്യാര്‍ത്ഥിയാണ് പോവൈ ഐഐടി ക്യാംപസ്സില്‍ ജീവനൊടുക്കുന്നത്. സാഹിലിന്റെ മരണവാര്‍ത്ത പുറത്ത് വന്നതോടെ നിരവധി വിദ്യാര്‍ത്ഥികളാണ് ക്യാംപസ്സില്‍ പ്രതിഷേധമുയര്‍ത്തി രംഗത്ത് വന്നത്. ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യും എന്ന് സാഹിലിനെ അധികൃതര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.
സസ്‌പെന്‍ഷനിലായാല്‍ ഹോസ്റ്റല്‍ മുറി ഒഴിയുകയും ക്യാംപസ്സിന് പുറത്ത് താമസിക്കുകയും ചെയ്യേണ്ടി വരും. മാത്രമല്ല അതോടെ നാല് വര്‍ഷത്തെ എഞ്ചിനീയറിംഗ് കോഴ്‌സ് അഞ്ച് വര്‍ഷത്തേക്കോ അതിന് മുകളിലേക്കോ നീണ്ട് പോകാം. ഇതേക്കുറിച്ചുളള ഭയമായിരിക്കാം സാഹിലിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്നും സാഹിലിന്റെ മരണത്തില്‍ സ്ഥാപനം ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.


Click it and Unblock the Notifications
