ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചില്ല; പിന്നീടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ...
കർണ്ണാടക തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഉപതിരഞ്ഞെടുപ്പുകളുടെ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്.
ദില്ലി: കേരളം കാത്തിരിക്കുന്ന ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. കർണ്ണാടക തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനോടൊപ്പം ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു നേരത്തെയുണ്ടായിരുന്ന റിപ്പോർട്ട്.
എന്നാൽ പൊതു തിരഞ്ഞെടുപ്പിനൊപ്പം ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്ന പതിവില്ലെന്ന് വ്യക്തമാക്കിയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ചെങ്ങന്നൂരിലെ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് അറിയിച്ചത്. കർണ്ണാടക നിയമസഭ തിരഞ്ഞെടുപ്പ് തീയതിയാണ് ചൊവ്വാഴ്ച പ്രഖ്യാപിക്കുന്നതെന്ന ആമുഖത്തോടെയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഓംപ്രകാശ് റാവത്ത് വാർത്താസമ്മേളനം ആരംഭിച്ചത്.

കർണ്ണാടക തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഉപതിരഞ്ഞെടുപ്പുകളുടെ തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയത്. മെയ് 12ന് ഒരൊറ്റ ഘട്ടമായാണ് കർണ്ണാടകയിലെ നിയമസഭ തിരഞ്ഞെടുപ്പ്. മെയ് 15ന് വോട്ടെണ്ണലും. ഏപ്രിൽ 17ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. മാർച്ച് 27 മുതൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതായും കർണ്ണാടകയിലെ എല്ലാ ബൂത്തുകളിലും വി പാറ്റ് വോട്ടിങ് മെഷീനുകളാണ് ഉപയോഗിക്കുന്നതെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി.












Click it and Unblock the Notifications