ചെന്നൈയിൽ സ്വർണ വിലയിൽ ഇന്ന് വൻ ഇടിവ്; 4000 രൂപ കൂടി ഇടിഞ്ഞാൽ പവൻ 1 ലക്ഷത്തിന് താഴേക്ക്
ചെന്നൈയിൽ സ്വർണവില ഇന്നും കുത്തനെ ഇടിഞ്ഞു. ഇപവന് 800 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വില 1,04,800 രൂപയായി. ഗ്രാമിന് 100 രൂപ കുറഞ്ഞ് 13,100 രൂപയ്ക്കാണ് ഇന്ന് ചെന്നൈയിൽ വ്യാപാരം നടക്കുന്നത്. അതേസമയം, വെള്ളി വിലയിൽ ഇന്ന് മാറ്റമൊന്നുമില്ല. 240 രൂപയാണ് ഗ്രാം വില.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവില തുടർച്ചയായി താഴേക്കാണ്. ഇടയ്ക്കൊന്ന് കയറിയെങ്കിലും പൊതുവേ വിപണിയിൽ ഇടിവ് തന്നെയാണ് പ്രകടമാകുന്നത്. ഒരവസരത്തിൽ പവന് 1.25 ലക്ഷം രൂപ വരെ ഉയർന്ന സ്വർണവിലയാണ് ഇപ്പോൾ 1.04 ലക്ഷം രൂപയിലേക്ക് താഴ്ന്നിരിക്കുന്നത്. പവന് ഇരുപതിനായിരത്തിലേറെ രൂപയുടെ കുറവുണ്ടായത് സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് വലിയ ആശ്വാസമായിട്ടുണ്ട്.

ആഗോള സാമ്പത്തിക-രാഷ്ട്രീയ സാഹചര്യങ്ങൾ, ക്രൂഡ് ഓയിൽ വില, ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം, സ്വർണത്തിലുള്ള നിക്ഷേപം, ആഗോള ഓഹരി വിപണിയിലെ ചലനങ്ങൾ എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഇതിനിടെ കഴിഞ്ഞ മേയ് മാസത്തിൽ കേന്ദ്ര സർക്കാർ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി ഉയർത്തിയിരുന്നു. ഇതോടെ രാജ്യത്ത് സ്വർണത്തിനുള്ള ഡിമാൻ്റ് കുറഞ്ഞു. ഇതും വില ഇടിയാൻ കാരണമായിട്ടുണ്ട്. കൂടാതെ, കൈവശമുള്ള പഴയ സ്വർണം ആളുകൾ വ്യാപകമായി വിറ്റഴിക്കുന്നതും വിലയിടിവിന് ആക്കം കൂട്ടുന്നുണ്ട്.
കഴിഞ്ഞ 10 ദിവസത്തിനിടെ മാത്രം സ്വർണവിലയിൽ പവന് 4,560 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ ഗ്രാമിന് 270 രൂപ കുറഞ്ഞ് 13,030 രൂപയായിരുന്നു വില. പവന് 2,160 രൂപ കുറഞ്ഞ് 1,04,240 രൂപയിലെത്തിയതോടെ ആളുകൾ ഏറെ സന്തോഷത്തിലായിരുന്നു. എന്നാൽ ഇന്നലെ വൈകിട്ടോടെ വില വീണ്ടും ഉയർന്നു. അതായത് ഒരേ ദിവസം തന്നെ രണ്ടു തവണയാണ് വില മാറിയത്. ആഗോള വിപണിയിൽ ഇന്നലെ ഔൺസ് വില 3980 ഡോളർ നിലവാരത്തിലേക്ക് താഴ്ന്നിരുന്നെങ്കിലും ഉച്ചയോടെ ഇത് 4000 ഡോളറിന് മുകളിൽ എത്തി. ഇതാണ് ഇന്നലെ ഉച്ചയ്ക്ക് ശേഷം വിപണിയിൽ പെട്ടെന്ന് വില ഉയരാൻ കാരണമായത്.
അതുകൊണ്ട് തന്നെ ഇന്നലെ വൈകിട്ട് വില കൂടിയതോടെ ഇന്നും വില കൂടുമോ എന്ന ആശങ്കയിലായിരുന്നു ഉപഭോക്താക്കൾ. എന്നാൽ അന്താരാഷ്ട്ര വിപണിയിൽ ഇന്ന് വീണ്ടും വില 3970 ഡോളർ നിലവാരത്തിലേക്ക് താഴ്ന്നതാണ് ചെന്നൈയിലും വില ഇടിയാൻ കാരണമായത്. നിലവിൽ രാജ്യാന്തര വിപണിയിൽ 3976 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇറാൻ-യുഎസ് സംഘർഷം വീണ്ടും ശക്തമാകുമെന്ന സൂചനകൾ ക്രൂഡ് ഓയിൽ വില ഉയരാൻ കാരണമായിട്ടുണ്ട്. എണ്ണവില കൂടുന്നത് ആഗോളതലത്തിൽ പണപ്പെരുപ്പം ഉയരാനും അടിസ്ഥാന പലിശനിരക്ക് വർധിക്കാനും ഇടയാക്കുമെന്ന വിലയിരുത്തലാണ് ഡോളറിന്റെ മൂല്യം കൂട്ടിയത്. ഡോളർ സൂചിക ഉയർന്നതോടെ വിദേശനിക്ഷേപകർ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡോളറിലേക്ക് ഒഴുകുകയും സ്വർണത്തെ കൈവിടുകയും ചെയ്തു. ഇതാണ് സ്വർണവില കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന്.
വരും ദിവസങ്ങളിൽ രാജ്യാന്തര വില 3900 ഡോളറിന് താഴേക്ക് ഇടിഞ്ഞാൽ സ്വർണവിലയിൽ കനത്ത തകർച്ച ഉണ്ടാകുമെന്നാണ് വിപണി വിദഗ്ധരുടെ നിരീക്ഷണം. അങ്ങനെയെങ്കിൽ കേരളത്തിൽ പവൻവില 85,000 - 90,000 രൂപ നിലവാരത്തിലേക്ക് വരെ താഴാൻ സാധ്യതയുണ്ട്.












Click it and Unblock the Notifications