പെണ്‍സുഹൃത്തിനെ കാണാന്‍ ചെന്നൈയിലേക്ക്, പ്രണയം നിരസിച്ചപ്പോള്‍ മടങ്ങിവരാന്‍ വാന്‍ മോഷ്ടിച്ചു, മലയാളി പിടിയില്‍
ചെന്നൈ: പ്രണയാഭ്യർത്ഥന നിരസിച്ച പെൺസുഹൃത്തിന്റെ വീടിന് സമീപം നിർത്തിയിട്ട വാൻ തട്ടിയെടുത്ത മലയാളി യുവാവ് അറസ്റ്റിൽ. ഓൺലൈൻവഴി സൗഹൃദത്തിലായ യുവതിയെ കാണാൻ ചെന്നൈയിൽ എത്തിയതായിരുന്നു പത്തനംതിട്ട സ്വദേശിയായ 26 കാരൻ. ഇതിന് പിന്നാലെയാണ് വാഹനം മോഷ്ടിക്കുന്നതും അറസ്റ്റിലായതും.
നാട്ടിൽ പോകാൻ പണമില്ലാതെ വന്നതോടെയാണ് വാൻ തട്ടിയെടുത്തത് എന്നാണ് യുവാവ് പറഞ്ഞത്. യുവതി തന്നെ ഇഷ്ടപ്പെടാനും വിവാഹം കഴിക്കാനും സഹായിക്കണമെന്ന് ഇയാൾ പോലീസിനോട് അഭ്യർത്ഥിച്ചിരുന്നു. എഞ്ചിനീയറിംഗ് ബിരുദധാരിയായ യുവാവ് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ചെന്നൈ അണ്ണാ നഗറിലുള്ള യുവതിയെ പരിചയപ്പെട്ടത്.

മേൽവിലാസം വാങ്ങി കഴിഞ്ഞ ദിവസമാണ് യുവാവ് ഇവിടെയെത്തിയത്. പിന്നീട് ഇരുവരും തമ്മിൽ കാണുകയും യുവാവ് പ്രണയാഭ്യർത്ഥന നടത്തുകയും ചെയ്തു. എന്നാൽ യുവതി പ്രണയാഭ്യർത്ഥന നിരസിച്ചു. ഇതോടെ നിരാശനായ യുവാവ് തിരിച്ചുപോകുമ്പോഴാണ് വാൻ മോഷ്ടിച്ചത്.
സാധനങ്ങൾ ഇറക്കുന്നതിനായി ബേക്കറിക്ക് മുന്നിൽ നിർത്തിയിട്ട വാനാണ് യുവാവ് മോഷ്ടിച്ചത്. ചെന്നൈ വിമാനത്താവളത്തിന് സമീപം എത്തിയപ്പോൾ തിരിച്ചുപോയി വീണ്ടും യുവതിയോട് പ്രണയാഭ്യർത്ഥന നടത്താൻ തീരുമാനിച്ചു. തുടർന്ന് വാൻ അവിടെത്തന്നെ ഉപേക്ഷിച്ചതിന് ശേഷം ബസിൽ അണ്ണാനഗറിലേക്ക് എത്തി. അപ്പോഴേക്കും വാനുടമയുടെ പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ച പോലീസ് യുവാവിനെ അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications