മെട്രോയില്‍ ഇയര്‍ഫോണ്‍ ഇല്ലാതെ പാട്ട് കേള്‍ക്കരുത്, പിഴ 2500 രൂപ! ഉത്തരവുമായി ചെന്നൈ മെട്രോ
ചെന്നൈ മെട്രോയില്‍ യാത്ര ചെയ്യുന്നവര്‍ക്കായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് ചെന്നൈ മെട്രോ റെയില്‍ ലിമിറ്റഡ്. ട്രെയിനുകള്‍ക്കുള്ളിലും സ്റ്റേഷന്‍ പരിസരത്തും സംഗീതമോ വീഡിയോകളോ പ്ലേ ചെയ്യുമ്പോള്‍ ഇയര്‍ഫോണ്‍ ഉപയോഗിക്കണമെന്ന് ചെന്നൈ മെട്രോ റെയില്‍ ലിമിറ്റഡ് യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. നിയമം ലംഘിക്കുന്ന യാത്രക്കാരില്‍ നിന്ന് 2,500 രൂപ വരെ പിഴ ഈടാക്കും എന്നാണ് ഉത്തരവില്‍ പറയുന്നത്.
യാത്രക്കാരുടെ സഞ്ചാരം മെച്ചപ്പെടുത്തുന്നതിനും മെട്രോ ട്രെയിനുകള്‍ക്കുള്ളിലെ ശബ്ദമലിനീകരണവും ശല്യവും കുറയ്ക്കുന്നതിനുമാണ് പുതിയ നീക്കം എന്ന് ചെന്നൈ മെട്രോ റെയില്‍ ലിമിറ്റഡ് വ്യക്തമാക്കി. ' മൊബൈല്‍ ഫോണില്‍ പാട്ട് കേള്‍ക്കുന്നവരും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരും ഹെഡ്ഫോണുകള്‍ ഉപയോഗിക്കണം. സഹയാത്രികരുടെ സുഖസൗകര്യങ്ങളെ മാനിക്കുന്നതിനായി മെട്രോ പരിസരത്ത് സ്പീക്കര്‍ മോഡും ഉച്ചത്തിലുള്ള സംഭാഷണങ്ങളും ഒഴിവാക്കുക,'' സിഎംആര്‍എല്‍ വ്യക്തമാക്കി.

2026 ജൂണ്‍ 19 ലെ ഗസറ്റ് വിജ്ഞാപനത്തില്‍, 2026 ലെ ജന്‍ വിശ്വാസ് (വ്യവസ്ഥകളുടെ ഭേദഗതി) നിയമത്തിന് കീഴിലുള്ള ഭേദഗതിയെത്തുടര്‍ന്ന്, സെക്ഷന്‍ 59 പ്രകാരമുള്ള പിഴ പരിഷ്‌കരിച്ചതായി ഭവന, നഗരകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. 2002 ലെ മെട്രോ റെയില്‍വേസ് (ഓപ്പറേഷന്‍സ് ആന്‍ഡ് മെയിന്റനന്‍സ്) ആക്ടിന്റെ സെക്ഷന്‍ 59 പ്രകാരം, സഹയാത്രികര്‍ക്ക് ശല്യമോ അസ്വസ്ഥതയോ ഉണ്ടാക്കുന്നതോ യാത്രക്കാരുടെ സുഖസൗകര്യങ്ങളില്‍ ഇടപെടുന്നതോ ആയ ഏതൊരു പ്രവൃത്തിയും ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഇതില്‍ ഉച്ചത്തിലുള്ള സംഭാഷണങ്ങള്‍, ഹെഡ്ഫോണുകള്‍ ഇല്ലാതെ സംഗീതമോ വീഡിയോകളോ പ്ലേ ചെയ്യുക, മെട്രോ ട്രെയിനുകളിലും പരിസരങ്ങളിലും സ്പീക്കര്‍ മോഡ് ഉപയോഗിക്കുക തുടങ്ങിയ അമിതമായ ശബ്ദം സൃഷ്ടിക്കുന്ന രീതിയില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുക എന്നിവ ഉള്‍പ്പെടുന്നു. ഹെഡ്സെറ്റ് ഇല്ലാതെ സംഗീതം കേള്‍ക്കുന്നത് പോലുള്ള ശല്യപ്പെടുത്തലിനുള്ള സെക്ഷന്‍ 59 പ്രകാരമുള്ള പിഴ മുമ്പത്തെ 500 രൂപയില്‍ നിന്ന് 2,500 രൂപയായി ഉയര്‍ത്തി.
അത്തരം യാത്രക്കാരെ മെട്രോ പരിസരത്ത് നിന്ന് മാറ്റും എന്നും പ്രസ്താവനയില്‍ ഉണ്ട്. സുരക്ഷിതവും അച്ചടക്കമുള്ളതുമായ യാത്ര പ്രോത്സാഹിപ്പിക്കുന്നതിനും മൊത്തത്തിലുള്ള യാത്രാനുഭവം വര്‍ദ്ധിപ്പിക്കുന്നതിനുമായി കഴിഞ്ഞ മാസം സിഎംആര്‍എല്‍
യാത്രക്കാരുടെ അവബോധ കാമ്പെയ്ന്‍ നടത്തിയിരുന്നു. ഇതില്‍ മറ്റ് ചില നിര്‍ദേശങ്ങളും വന്നിട്ടുണ്ട്. മെട്രോയില്‍ കയറുന്നതിന് മുമ്പ് യാത്രക്കാരെ ഇറങ്ങാന്‍ അനുവദിക്കണം എന്നതായിരുന്നു അതിലൊന്ന്.
ട്രെയിന്‍ വാതിലുകള്‍ വൃത്തിയായും തടസമില്ലാതെയും സൂക്ഷിക്കുക, പ്ലാറ്റ്ഫോമില്‍ കാത്തിരിക്കുമ്പോള്‍ മഞ്ഞ വര കടക്കരുത്, എസ്‌കലേറ്ററുകള്‍ ഉപയോഗിക്കുമ്പോള്‍ ''ഇടത് നില്‍ക്കുക, വലത്തേക്ക് നടക്കുക'' എന്ന രീതി പിന്തുടരുക, വ്യക്തിഗത ഓഡിയോ, വീഡിയോ വിനോദത്തിനായി ഹെഡ്ഫോണുകള്‍ ഉപയോഗിക്കുക എന്നിവയായിരുന്നു മറ്റുള്ളവ.















Click it and Unblock the Notifications