ചെന്നൈ മെട്രോ പൂനമല്ലി-വടപഴനി പാത ഉദ്ഘാടനത്തിന് തയ്യാർ; 10 മിനിറ്റ് ഇടവേളയിൽ സർവീസ്
ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടത്തിലെ പൂനമല്ലി-വടപഴനി പാത ഉദ്ഘാടനത്തിന് തയ്യാറായി. 14.6 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയിൽ ട്രെയിൻ സർവീസ് നടത്താൻ ആവശ്യമായ അനുമതികൾ ലഭിച്ചതോടെ, ഏത് സമയത്തും ഉദ്ഘാടനം നടത്താമെന്ന് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡ് (സിഎംആർഎൽ) തമിഴ്‌നാട് സർക്കാരിനെയും കേന്ദ്രത്തെയും അറിയിച്ചു.
പൂനമല്ലി മുതൽ വടപഴനി വരെയുള്ള പാതയിൽ ട്രെയിൻ സർവീസുകൾ നടത്താൻ ചൊവ്വാഴ്ചയാണ് അന്തിമ അനുമതി ലഭിച്ചത്. ഇതോടെ മുൻപ് ഏർപ്പെടുത്തിയിരുന്ന വേഗതാ നിയന്ത്രണങ്ങളിലും സർവീസ് ഇടവേളയിലും ഇളവുകൾ അനുവദിച്ചു. ഇനി ഈ പാതയിൽ ഓരോ 10 മിനിറ്റിലും ട്രെയിനുകൾ ഓടിക്കാനാകും.

ഫെബ്രുവരിയിൽ റെയിൽവേ സുരക്ഷാ കമ്മീഷണർ (സിആർഎസ്) ഈ പാതയ്ക്ക് വ്യവസ്ഥകളോടെയുള്ള അനുമതി മാത്രമാണ് നൽകിയിരുന്നത്. അന്ന് പൂനമല്ലി മുതൽ പോരൂർ വരെയുള്ള ഭാഗത്ത് 15 മിനിറ്റ് ഇടവേളയിൽ മാത്രമേ സർവീസ് നടത്താവൂ എന്ന നിർദ്ദേശമുണ്ടായിരുന്നു. കൂടാതെ, കോറിഡോർ 5-ലെ ഇരട്ട-ഡെക്കർ പാതയിലെ 26 ഡെക്ക് സ്ലാബുകളുടെ നിർമ്മാണം പൂർത്തിയാക്കിയ ശേഷം മാത്രമേ വടപഴനി സ്റ്റേഷൻ പ്രവർത്തനക്ഷമമാക്കാവൂ എന്നും നിർദേശിച്ചിരുന്നു.
മെയ് 23, 24 തീയതികളിൽ മുഖ്യ റെയിൽവേ സുരക്ഷാ കമ്മീഷണറുടെ (CCRS) സംഘം പാതയിലെ വിവിധ സ്റ്റേഷനുകൾ സന്ദർശിക്കുകയും ട്രയൽ റണ്ണിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച സിഎംആർഎല്ലിന് പൂർണ അനുമതി ലഭിച്ചത്.
"പൂനമല്ലി മുതൽ പോരൂർ വരെ നിലവിൽ വേഗതാ നിയന്ത്രണങ്ങളൊന്നുമില്ല. പോരൂരിൽ നിന്ന് വടപഴനി വരെയുള്ള ഭാഗത്ത് ട്രെയിൻ വേഗത മണിക്കൂറിൽ 25 കിലോമീറ്ററിൽ നിന്ന് 40 കിലോമീറ്ററായി ഉയർത്തിയിട്ടുണ്ട്. ഇതോടെ ഓരോ 10 മിനിറ്റിലും സർവീസ് നടത്താനാകും," എന്ന് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു. പദ്ധതിയുടെ പ്രാരംഭ ആസൂത്രണ സമയത്ത് നിശ്ചയിച്ചിരുന്നതുപോലെ ശരാശരി വേഗത മണിക്കൂറിൽ 32 കിലോമീറ്ററായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടാം ഘട്ടത്തിലെ കോറിഡോർ 4-ന്റെ ഭാഗമായ ഈ പാതയിൽ പൂനമല്ലി മുതൽ പോരൂർ വരെ നിരവധി സ്റ്റേഷനുകളിലായി ട്രെയിനുകൾ നിർത്തും. പൂനമല്ലി ബൈപാസ്, പൂനമല്ലി, മുല്ലത്തോട്ടം, കരയഞ്ചാവടി, കുമനഞ്ചാവടി, കാട്ടുപ്പാക്കം, അയ്യപ്പന്താങ്കൽ, തെള്ളിയാരകം, പോരൂർ ബൈപാസ്, പോരൂർ ജംഗ്ഷൻ എന്നിവയാണ് ആദ്യഘട്ടത്തിൽ പ്രവർത്തനക്ഷമമാകുന്ന സ്റ്റേഷനുകൾ.
അതേസമയം, ആലപ്പാക്കം, കാരമ്പാക്കം, വത്സരവാക്കം, ആൾവാർ തിരുനഗർ, സാലിഗ്രാമം വെയർഹൗസ്, സാലിഗ്രാമം എന്നീ സ്റ്റേഷനുകളുടെ നിർമ്മാണം ഇപ്പോഴും പൂർത്തിയായിട്ടില്ല. ഈ സാഹചര്യത്തിൽ പോരൂർ ജംഗ്ഷന് ശേഷം ട്രെയിനുകൾ നേരിട്ട് വടപഴനിയിലേക്കായിരിക്കും പോകുക. ഇടക്കുള്ള സ്റ്റേഷനുകളിൽ സർവീസ് താത്കാലികമായി ഉണ്ടായിരിക്കില്ലെന്ന് സിഎംആർഎൽ വ്യക്തമാക്കി.
ഫെബ്രുവരിയിലെ സുരക്ഷാ പരിശോധനയ്ക്കിടെ സിആർഎസ് ചില നിർണായക സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചിരുന്നു. പ്രത്യേകിച്ച് ഇരട്ട-ഡെക്കർ ഭാഗത്തെ 26 ഡെക്ക് സ്ലാബുകളുടെ നിർമാണവും കോമ്പോസിറ്റ് ഗർഡറിന്റെ സുരക്ഷയും സംബന്ധിച്ചായിരുന്നു ആശങ്കകൾ. പിന്നീട് സ്ട്രക്ചറൽ എഞ്ചിനീയറിംഗ് റിസർച്ച് സെന്റർ (എസ്ഇആർസി) ഗർഡറിന്റെ ഘടനാപരമായ സുരക്ഷ പരിശോധിക്കുകയും ആവശ്യമായ മാനദണ്ഡങ്ങൾ പാലിച്ചതായി റിപ്പോർട്ട് നൽകുകയും ചെയ്തു. ഇതിന് ശേഷമാണ് സിഎംആർഎൽ വേഗതയും സർവീസ് ഇടവേളയും സംബന്ധിച്ച ഇളവുകൾ വീണ്ടും ആവശ്യപ്പെട്ടത്.
അതേസമയം, കോമ്പോസിറ്റ് ഗർഡറിന്റെ ഘടനാപരമായ ആരോഗ്യനില അടുത്ത രണ്ട് വർഷത്തേക്ക് നിരീക്ഷിക്കണമെന്ന് സിസിആർഎസ് നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, ആലപ്പാക്കം മുതൽ വടപഴനി വരെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൂർണമായി പൂർത്തിയായ ശേഷം സ്ഥിരം പ്രവർത്തനാനുമതിക്കായി വീണ്ടും അപേക്ഷിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications