Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം;പരന്തൂർ പദ്ധതി ഉപേക്ഷിക്കാൻ വിജയ് സർക്കാർ?

തമിഴ്നാട്ടിലെ ഏറ്റവും വിവാദമായ അടിസ്ഥാന സൗകര്യ പദ്ധതികളിലൊന്നായ പരന്തൂർ ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതി വീണ്ടും രാഷ്ട്രീയ ചർച്ചകളിൽ നിറയുന്നു. പുതുതായി അധികാരത്തിലെത്തിയ വിജയ് സർക്കാർ പദ്ധതി പൂർണമായും ഉപേക്ഷിക്കാൻ ആലോചിക്കുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും ഉണ്ടായിട്ടില്ലെങ്കിലും, സർക്കാർ തലത്തിൽ വിഷയത്തെക്കുറിച്ച് നിർണായക ചർച്ചകൾ പുരോഗമിക്കുകയാണെന്നാണ് സൂചന.

വിമാനത്താവള പദ്ധതിക്കായി ഇതിനകം ഏറ്റെടുത്ത ഭൂമിയുടെ ഒരു ഭാഗം വ്യവസായ വികസനത്തിനായി ഉപയോഗിക്കാനുള്ള സാധ്യതകളും സർക്കാർ പരിശോധിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. ഏറ്റെടുത്ത ഏകദേശം 1,700 ഏക്കർ ഭൂമിയിൽ ഒരു സിപ്കോട്ട് (SIPCOT) വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിനെക്കുറിച്ചാണ് സർക്കാർ ആലോചിക്കുന്നതെന്നാണ് വിവരം.

chennai-jpg

കാഞ്ചീപുരം, ശ്രീപെരുമ്പത്തൂർ മേഖലകളിലെ 13 ഗ്രാമങ്ങളിലായി ഏകദേശം 5,700 ഏക്കറിലാണ് ചെന്നൈയുടെ രണ്ടാമത്തെ അന്താരാഷ്ട്ര വിമാനത്താവളം നിർമ്മിക്കാൻ മുൻ സർക്കാർ പദ്ധതി തയ്യാറാക്കിയിരുന്നത്. നിലവിലെ ചെന്നൈ വിമാനത്താവളത്തിലെ വർധിച്ചുവരുന്ന തിരക്ക് കുറയ്ക്കുക എന്നതായിരുന്നു പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇപ്പോൾ പ്രതിവർഷം 2.2 കോടിയിലധികം യാത്രക്കാരെ കൈകാര്യം ചെയ്യുന്ന ചെന്നൈ വിമാനത്താവളത്തിന് വിപുലീകരണത്തിന് ശേഷവും ഏകദേശം 3.5 കോടി യാത്രക്കാരെ മാത്രമേ ഉൾക്കൊള്ളാൻ കഴിയൂ എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു പുതിയ വിമാനത്താവളത്തിനായുള്ള നീക്കം.

ദീർഘകാല വികസന കാഴ്ചപ്പാടോടെ, ഭാവിയിൽ 10 കോടി യാത്രക്കാരെ വരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള വലിയ വിമാനത്താവള സമുച്ചയം നിർമ്മിക്കാനായിരുന്നു മുൻ സർക്കാർ ലക്ഷ്യമിട്ടിരുന്നത്. തമിഴ്നാട്ടിന്റെ വ്യവസായ-സാമ്പത്തിക വളർച്ചയ്ക്ക് വലിയ ഉത്തേജനമാകുന്ന പദ്ധതിയെന്ന നിലയിലും ഇതിനെ അവതരിപ്പിച്ചിരുന്നു.

എന്നാൽ പദ്ധതി പ്രഖ്യാപിച്ച നാൾ മുതൽ തന്നെ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. കൃഷിഭൂമി നഷ്ടമാകുമെന്നും ആയിരക്കണക്കിന് കുടുംബങ്ങൾ കുടിയിറക്കപ്പെടുമെന്നും പാരിസ്ഥിതിക ആഘാതം നേരിടുമെന്നും ചൂണ്ടിക്കാട്ടി പ്രദേശവാസികളും കർഷകരും വ്യാപക പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. മാസങ്ങളോളം നീണ്ട സമരങ്ങൾ ദേശീയ ശ്രദ്ധയും നേടിയിരുന്നു.

“വിമാനത്താവളം വേണ്ട, കൃഷിഭൂമി സംരക്ഷിക്കണം” എന്ന മുദ്രാവാക്യവുമായി സ്ത്രീകളും വയോധികരും യുവാക്കളും അടക്കമുള്ള നാട്ടുകാർ രംഗത്തിറങ്ങിയിരുന്നു. പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി നിരവധി രാഷ്ട്രീയ നേതാക്കളും സാമൂഹിക പ്രവർത്തകരും എത്തിയിരുന്നു. പ്രത്യേകിച്ച് അന്നത്തെ പ്രതിപക്ഷമായിരുന്ന ടിവികെ, പ്രതിഷേധിക്കുന്ന കർഷകർക്ക് തുറന്ന പിന്തുണ പ്രഖ്യാപിച്ചിരുന്നു.

പാർട്ടി സ്ഥാപകനും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ വിജയ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രതിഷേധ സ്ഥലങ്ങൾ സന്ദർശിക്കുകയും, അധികാരത്തിലെത്തിയാൽ പദ്ധതി ഉപേക്ഷിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തിരുന്നു.

എന്നാൽ ജനവിരുദ്ധത ശക്തമായിരുന്നിട്ടും, മുൻ സർക്കാർ പദ്ധതിയുടെ പ്രാഥമിക നടപടികൾ വേഗത്തിൽ മുന്നോട്ടുകൊണ്ടുപോയി. ജില്ലാ റെവന്യൂ ഓഫീസർമാർ, തഹസിൽദാർമാർ, സർവേയർമാർ എന്നിവരുള്‍പ്പെടെയുള്ള നൂറുകണക്കിന് സർക്കാർ ഉദ്യോഗസ്ഥരെ വിന്യസിച്ച് ഭൂമി ഏറ്റെടുക്കൽ നടപടികൾ വിപുലമായി നടന്നു. പദ്ധതിക്കായി ആവശ്യമായ ആകെ ഭൂമിയുടെ ഏകദേശം 30 ശതമാനം, അഥവാ 1,700 ഏക്കറോളം ഭൂമി ഇതിനകം ഏറ്റെടുത്തുകഴിഞ്ഞുവെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

ഇതിൽ പ്രധാനപ്പെട്ട കാര്യം, ഭൂമിയുടെ വലിയൊരു വിഭാഗം നിർബന്ധിത ഏറ്റെടുക്കൽ നിയമങ്ങൾ പ്രകാരമല്ല മറിച്ച് നിരവധി ഭൂവുടമകൾ സർക്കാരിന് അനുകൂലമായി നേരിട്ടുള്ള രജിസ്ട്രേഷൻ രേഖകൾ തയ്യാറാക്കിയാണ് കൈമാറിയതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതിനാൽ പദ്ധതി ഉപേക്ഷിക്കുകയാണെങ്കിൽ ഭൂമി തിരിച്ചുനൽകൽ നിയമപരമായി സങ്കീർണമാകാമെന്ന ആശങ്കയും ഉയരുന്നുണ്ട്.

ഇതിനിടെ, ചീഫ് സെക്രട്ടറി, ടിഡ്‌കോ (TIDCO) പ്രതിനിധികൾ, വിമാനത്താവള പദ്ധതി അധികൃതർ എന്നിവരുള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ വിഷയം സംബന്ധിച്ച് അടുത്തിടെ കൂടിയാലോചനകൾ നടത്തിയതായും റിപ്പോർട്ടുകളുണ്ട്. അന്തിമ നയപരമായ തീരുമാനം ഉണ്ടാകുന്നത് വരെ ഭൂമി ഏറ്റെടുക്കൽ നടപടികൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്നാണ് റവന്യൂ വകുപ്പ് വൃത്തങ്ങൾ പറയുന്നു.

നിലവിലുള്ള സർക്കാർ ഉത്തരവ് പ്രകാരം ഭൂമി ഏറ്റെടുക്കലിനുള്ള അനുമതി ഈ വർഷം ഒക്ടോബർ വരെ മാത്രമേ സാധുവായുള്ളൂവെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. അതിനുള്ളിൽ സർക്കാർ അന്തിമ തീരുമാനം കൈക്കൊള്ളേണ്ട സാഹചര്യമാണുള്ളത്.

വിമാനത്താവള പദ്ധതി പൂർണമായും റദ്ദാക്കുമോ, അതോ ഏറ്റെടുത്ത ഭൂമി വ്യവസായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുമോ എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. സാമ്പത്തിക വികസനവും രാഷ്ട്രീയ വാഗ്ദാനങ്ങളും ജനങ്ങളുടെ ആശങ്കകളും തമ്മിലുള്ള വലിയ ഏറ്റുമുട്ടലായാണ് ഇപ്പോൾ പറന്തൂർ പദ്ധതി മാറിയിരിക്കുന്നത്. സർക്കാർ ഔദ്യോഗിക നിലപാട് പ്രഖ്യാപിക്കുന്നതുവരെ തമിഴ്നാട്ടിലെ ഏറ്റവും ശ്രദ്ധേയമായ രാഷ്ട്രീയ ചർച്ചകളിലൊന്നായി ഈ വിഷയം തുടരുമെന്നുറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+