ചെന്നകേശവക്ഷേത്രത്തില്‍ രഥോല്‍ത്സവം ആരംഭിച്ചു; തുടക്കം ഖുറാന്‍ സൂക്ത പാരായണത്തോടെ
ബെംഗളുരു: കര്‍ണാടകയിലെ പ്രശസ്തമായ ഒരു ക്ഷേത്രമുണ്ട്. ചെന്നകേശവ ക്ഷേത്രം. ഈ ക്ഷേത്രത്തിലെ ആചാരങ്ങള്‍ മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും വിഭിന്നമാണ്. ഇവിടത്തെ രഥോത്സവം ആരംഭിക്കുന്നത് ഖുറാനിലെ തെരഞ്ഞെടുത്ത ശകലങ്ങള്‍ വായിച്ചുകൊണ്ടാണ്. എന്നാല്‍ വര്‍ഷങ്ങളായി തുടരുന്ന ഈ ആചാരത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് വലതുപക്ഷ സംഘടനകള്‍. ഖുറാന്‍ വായിക്കുന്ന ആചാരം നിര്‍ത്തണമെന്നാണ് എന്നാണ് ഇത്തരക്കാരുടെ ആവശ്യം. എന്നാല്‍ ഇതു വകവെക്കാതെ മുന്നോട്ട് പോകുകയാണ് ക്ഷേത്ര ഭരണകൂടം.
കര്‍ണാടകയിലെ ഹസന്‍ ജില്ലയിലെ ബേലൂരാണ് ചെന്നകേശവ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വലതുപക്ഷ സംഘടനകളുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ വിഷയത്തില്‍ എന്താണ് തീരുമാനം എടുക്കേണ്ടതെന്നും വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ട് പ്രസ്തുത വകുപ്പിന് ക്ഷേത്ര ഭരണകൂടം കത്തെഴുതിയിരുന്നു. എന്നാല്‍ നിലവിലുള്ള ആചാരങ്ങള്‍ പ്രകാരം രഥോത്സവം മുന്നോട്ട് പോകട്ടെ എന്നായിരുന്നു വകുപ്പ് കമ്മിഷണറുടെ മറുപടി.

ഹിന്ദു റീലിജിയസ് ആക്ട് 2002ലെ സെഷന്‍ 58 പ്രകാരം ക്ഷേത്രങ്ങളിലെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ഒരു മാറ്റം വരുത്താനും അധികാരമില്ലെന്ന് ഐഎഎസ് ഓഫീസര്‍ വ്യക്തമാക്കി. ഐഎഎസ് ഓഫീസറുടെ മറുപടിക്ക് ശേഷം ക്ഷേത്രാചാരുവുമായി മുന്നോട്ട് പോകുകയായിരുന്നു ക്ഷേത്ര ഭരണകൂടം. ആയിരക്കണക്കിന് ഭക്തര്‍ ഈ തീരുമാനത്തില്‍ സന്തോഷം പ്രകടിപ്പിച്ചു. ആയിരക്കണക്കിന് ഹൈന്ദവ വിശ്വാസികളുടെ സാന്നിധ്യത്തില്‍ ചന്നകേശവ ഭഗവാന്റെ രഥത്തിനു മുന്നില്‍ ഖാസി സയ്യിദ് സജീദ് പാഷ ഖുറാന്‍ സൂക്തങ്ങള്‍ പാരായണം ചെയ്തു. പ്രദേശത്തെ സാമുദായിക സൗഹാര്‍ദ്ദത്തിന്റെ പ്രതീകമാണ് ആചാരം.
'ഖുര്‍ആനിലെ വാക്യങ്ങള്‍ പാരായണം ചെയ്യുന്നത് തലമുറകളുടെ പാരമ്പര്യമാണ്, അത് എന്റെ പൂര്‍വ്വികരില്‍ നിന്ന് വന്നതാണ്. എന്ത് വ്യത്യാസങ്ങള്‍ ഉണ്ടായാലും ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുമയോടെ ജീവിക്കണം, ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ,'പാഷ പറഞ്ഞു. ബേലൂര്‍ ക്ഷേത്രത്തിലെ രഥോത്സവം ചടങ്ങ് രണ്ട് ദിവസമായാണ് നടക്കുന്നത്. മൈസൂരു രാജാക്കന്മാര്‍ സമ്മാനിച്ച സ്വര്‍ണ്ണ, വജ്ര ആഭരണങ്ങള്‍ കൊണ്ട് അലങ്കരിച്ചതാണ് ചന്നകേശവ വിഗ്രഹം. ഈ ക്ഷേത്ര മേളയില്‍ പങ്കെടുക്കുന്നതിനായി ക്ഷക്കണക്കിന് ഭക്തരാണ് ബേലൂരില്‍ എത്തുന്നത്.
സംസ്ഥാനത്ത് നടന്ന പല സംഭവവികാസങ്ങളുടെ തുടര്‍ച്ചയായാണ് ഈ വര്‍ഷം രഥം നീക്കുന്നതിന് മുമ്പ് ഖുറാന്‍ പാരായണം ചെയ്യുന്ന പുരാതന പാരമ്പര്യത്തെ ഹിന്ദു സംഘടനകള്‍ എതിര്‍ത്തത്. ഹിന്ദു വലതുപക്ഷ സംഘടനകളുടെ ഭീഷണിയെത്തുടര്‍ന്ന് മാര്‍ച്ച് മാസത്തില്‍ മുസ്ലീം വ്യാപാരികളെ 60ലധികം ക്ഷേത്ര മേളകളില്‍ നിന്ന്, പ്രത്യേകിച്ച് തീരദേശ കര്‍ണാടകയില്‍ നിന്നും വിലക്കിയിരുന്നു.
വലതുപക്ഷ സംഘടനകളുടെ എതിര്‍പ്പിനെ മറികടന്ന് ഹസ്രത്ത് തവക്കല്‍ മസ്താന്‍ ദര്‍ഗയിലേക്കുള്ള പരമ്പരാഗത സന്ദര്‍ശനം തുടരുമെന്ന് വാര്‍ഷിക ബെംഗളൂരു കാരഗ ഘോഷയാത്രയുടെ സംഘാടകര്‍ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. നഗരത്തിന്റെ ഹൃദയഭാഗത്ത് പ്രധാനമായും തിഗാല സമൂഹം ആഘോഷിക്കുന്ന വാര്‍ഷിക ഉത്സവമാണ് ബെംഗളൂരു കരാഗ. കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷവും കരാഗ ആഘോഷങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. തിഗലാര്‍പേട്ടയിലെ ശ്രീ ധര്‍മ്മരായസ്വാമി ക്ഷേത്രത്തില്‍ ഏപ്രില്‍ 8 മുതല്‍ ഏപ്രില്‍ 18 വരെ നടക്കുന്ന ഉത്സവം ഈ വര്‍ഷം വിപുലമായാണ് ആഘോഷിക്കുന്നത്.
ഉത്സവ വേളയില്‍ സാരിയുടുത്ത് ഒരു മണ്‍പാത്രവും പുഷ്പ പിരമിഡും തലയില്‍ ചുമന്ന് ഒരാള്‍ ബെംഗളൂരുവിലെ പഴയ പേട്ട പ്രദേശങ്ങള്‍ ചുറ്റി നടക്കുന്നു. ഉത്സവത്തോടനുബന്ധിച്ചുള്ള ഘോഷയാത്രയില്‍ ഒരു ദര്‍ഗ സന്ദര്‍ശനവും ഉള്‍പ്പെടുന്നുണ്ട്. 200 വര്‍ഷങ്ങള്‍ക്ക് മുമ്പ് സന്യാസി ഹസ്രത്ത് തവക്കല്‍ മസ്താന്‍ ശാരീരിക അസ്വസ്ഥതകള്‍ അനുഭവിക്കുമ്പോള്‍ കരഗ ഘോഷയാത്രയുടെ അനുഗ്രഹം തേടിയെന്നും അദ്ദേഹത്തെ സുഖപ്പെടുത്തിയത് കരഗയാണെന്നും പറയപ്പെടുന്നു.












Click it and Unblock the Notifications