ചെസ് ലോകകിരീടം: ഗുകേഷിന് കിട്ടുക എത്രകോടിയെന്ന് അറിയുമോ? ഒട്ടുംപിറകിലല്ല രണ്ടാമനും
വിശ്വാനാഥന്‍ ആനന്ദിന് ശേഷം ചെസ് ലോക കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനായി മാറിയിരിക്കുകയാണ് ഡി ഗുകേഷ്. സിംഗപ്പൂരിലെ സെന്റോസ റിസോർട്സ് വേള്‍ഡില്‍ നടന്ന് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ജേതാവ് ഡിങ് ലിറനെ അവസാന ഗെയ്മില്‍ ഗുകേഷ് കീഴടക്കുകയായിരുന്നു. ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചെസ് ചാമ്പ്യന്‍ കൂടിയായി മാറി തമിഴ്നാട്ടുകാരനായ പതിനെട്ടുകാരന്‍. ഇതോടെ 1985 ല്‍ 22-ാം വയസ്സില്‍ ലോക കിരീടം ചൂടിയ ഗാരി കാസ്പറോവിന്റെ റെക്കോർഡാണ് ഗുകേഷ് മറികടന്നത്.
ലോക ജേതാവിനായി വമ്പന്‍ ക്യാഷ് പ്രൈസാണ് സംഘാടകർ ഒരുക്കിയിട്ടുള്ളത്. ആകെ 2.5 മില്യണ്‍ യുഎസ് ഡോളറാണ് ലോക ചെസ് ചാംപ്യന്‍ഷിപ്പിലൂടെ നല്‍കുന്നത്. അതായത് ഇന്ത്യന്‍ രൂപയില്‍ 21.20 കോടി രൂപയോളം. ആകെ 14 ഗെയിമുകളാണ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലുണ്ടാകുക. ഇതില്‍ ഓരോ ഗെയിം ജയിക്കുമ്പോഴും ജേതാവിന് 1.69 കോടിയോളം ലഭിക്കും. ഏതെങ്കിലും ഒരു മത്സരാർത്ഥി എല്ലാ ഗെയിമും വിജയിക്കുകയാണെങ്കില്‍ സമ്മാനത്തുകയുടെ സിംഹഭാഗവും അദ്ദേഹത്തിനായിരിക്കും ലഭിക്കുക.

ഡി ഗുകേഷ് - ഡിങ് ലിറന്‍ മത്സരത്തിലേക്ക് വരികയാണെങ്കില്‍ മൂന്ന് വിജയം കരസ്ഥമാക്കിയ ഗുകേഷിന് 5.07 കോടി രൂപയും രണ്ട് ജയം നേടിയ ചൈനീസ് മത്സരാർത്ഥിക്ക് 3.38 കോടി രൂപയും ലഭിക്കും. ബാക്കി വരുന്ന 12.75 കോടി രൂപ രണ്ടുപേർക്കും തുല്യമായി വീതിച്ച് നല്‍കും. ഈ കണക്കുകള്‍ പ്രകാരം ഏതാണ്ട് 11.45 കോടി രൂപയാണ് (1.35 മില്യണ്‍ യുഎസ് ഡോളർ) ലോക കിരീടം ഇന്ത്യയിലേക്ക് എത്തിച്ച ഗുകേഷിന് ലഭിക്കുക. അവസാന നിമിഷം വരെ ശക്തമായി പോരാടിയ ഡിങ് ലിറന് 1.15 മില്യണ്‍ യുഎസ് ഡോളർ, അതായത് 9.75 കോടിയോളം ഇന്ത്യന്‍ രൂപയും ലഭിക്കും.
ലോക ചാമ്പ്യന്‍ഷിപ്പിലെ സമ്മാനത്തുക എന്നതിന് അപ്പുറം മറ്റ് വലിയ നേട്ടങ്ങളും ഗുകേഷിനെ കാത്തിരിക്കുന്നുണ്ട്. സംസ്ഥാന-കേന്ദ്ര സർക്കാറുകള്‍ ഗുകേഷിന് ക്യാഷ് പ്രൈസായി പ്രഖ്യാപിച്ചേക്കുമെന്നതില്‍ സംശയമില്ല. പരസ്യങ്ങളിലൂടേയും മറ്റും വലിയ തോതിലുള്ള വരുമാനവും അദ്ദേഹത്തിന് ലഭിച്ചേക്കും.
അതേസമയം, ചാമ്പ്യന്‍ ഷിപ്പിലെ 13 ഗെയിമുകള്‍ കഴിഞ്ഞപ്പോള്‍ ഇരുവരുടേയും സ്കോർ നില (6.5-6.5) തുല്യമായിരുന്നു. 14-ാമത്തേയും അവസാനത്തേയും ഗെയിം വിജയിച്ചതോടെ സ്കോർ നില 7.5-6-5 എന്ന നിലയിലെത്തുകയും ഗുകേഷ് കന്നി കിരീടം ചൂടുകയും ചെയ്തു. പുതിയ ലോക ചാമ്പ്യന്റെ കിരീട ധാരണം ഇന്ന് 3.30 ഓടെയാണ് നടക്കുന്നത്.












Click it and Unblock the Notifications