8 മാസങ്ങള്‍ക്ക് മുന്‍പ് മോദി അനാച്ഛാദനം ചെയ്ത ശിവജി പ്രതിമ തകര്‍ന്നു; കാറ്റടിച്ചതാണ് കാരണമെന്ന് ഷിന്‍ഡെ
മുംബൈ: കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്ത മറാഠാ സാമ്രാജ്യ സ്ഥാപകന്‍ ഛത്രപതി ശിവജിയുടെ പ്രതിമ തകര്‍ന്നുവീണു. 35 അടി ഉയരമുള്ള പ്രതിമയാണ് തകര്‍ന്നത്. ശക്തമായ കാറ്റിനെ തുടര്‍ന്നാണ് പ്രതിമ തകര്‍ന്നതെന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പറഞ്ഞു. സിന്ധുദുര്‍ഗിലെ രാജ്കോട്ട് കോട്ടയിലാണ് പ്രതിമ സ്ഥാപിച്ചത്. കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി കനത്ത മഴയ്ക്കും കാറ്റിനുമാണ് ഇവിടം സാക്ഷ്യം വഹിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ നാലിന് നാവികസേനാ ദിനത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രി പ്രതിമ അനാച്ഛാദനം ചെയ്തത്. പ്രതിമ തകര്‍ന്നതിന് പിന്നാലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും ജില്ലാ ഭരണകൂടത്തിന്റെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. നാശനഷ്ടങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തെത്തുടര്‍ന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി.

ശിവസേന (യുബിടി) എംഎല്‍എ വൈഭവ് നായിക് സ്ഥലം സന്ദര്‍ശിച്ചു. മോശം നിര്‍മാണ പ്രവൃത്തി മൂലമാണ് പ്രതിമ തകര്‍ന്നതെന്ന് അദ്ദേഹം ആരോപിച്ചു. 'സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചേക്കാം. പ്രതിമയുടെ നിര്‍മ്മാണത്തിലെ വീഴ്ച സമഗ്രമായി അന്വേഷിക്കണം,' അദ്ദേഹം പറഞ്ഞു. എന്‍സിപി (എസ്പി) സംസ്ഥാന പ്രസിഡന്റും മുന്‍ മന്ത്രിയുമായ ജയന്ത് പാട്ടീലും സര്‍ക്കാരിനെ കുറ്റപ്പെടുത്തി രംഗത്തെത്തി.
'സംസ്ഥാന സര്‍ക്കാരാണ് തകര്‍ച്ചയ്ക്ക് ഉത്തരവാദി. പ്രതിമ നിര്‍മ്മിച്ച ശേഷം ശരിയായ പരിചരണം നല്‍കിയില്ല. സര്‍ക്കാര്‍, ജോലിയുടെ ഗുണനിലവാരത്തില്‍ ശ്രദ്ധിച്ചില്ല. പ്രതിമ അനാച്ഛാദനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കുന്നതില്‍ മാത്രമായിരുന്നു അവരുടെ ശ്രദ്ധ,' അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതിമ തകര്‍ന്ന സംഭവത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച ശിവസേന (യുബിടി) എംപി പ്രിയങ്ക ചതുര്‍വേദി, നിര്‍മാണത്തിന് ഉത്തരവാദിയായ കരാറുകാരനെതിരെ നടപടിയെടുത്തോയെന്നും ചോദിച്ചു. 'ആരാണ് കരാറുകാരന്‍? താനെ ആസ്ഥാനമായുള്ള കരാറുകാരന് പണി നല്‍കിയത് ശരിയാണോ? ഇതിനെതിരെ എന്ത് നടപടി സ്വീകരിക്കും? കരാറുകാരന്‍ സര്‍ക്കാരിന് എത്ര രൂപ കൈക്കൂലിയായി കൈമാറി എന്നും പ്രിയങ്ക ചോദിച്ചു.
അതേസമയം പ്രതിമ തകര്‍ന്ന സംഭവം നിര്‍ഭാഗ്യകരം എന്നായിരുന്നു മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ പ്രതികരണം. 'ഞങ്ങള്‍ക്ക് ശിവാജി മഹാരാജിനോട് വൈകാരികമായ ബന്ധമാണ് ഉള്ളത്. ഞങ്ങള്‍ അദ്ദേഹത്തെ ദൈവത്തെപ്പോലെ ആരാധിക്കുന്നു. ശക്തമായ കാറ്റില്‍ പ്രതിമ തകര്‍ന്നത് ദൗര്‍ഭാഗ്യകരമാണ്. സ്ഥിതിഗതികള്‍ നേരിട്ട് പരിശോധിക്കാന്‍ മന്ത്രിയെ നിയോഗിച്ചിട്ടുണ്ട്,' അദ്ദേഹം പറഞ്ഞു.
അതേ സ്ഥലത്ത് പുതിയ പ്രതിമ സ്ഥാപിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രതിപക്ഷത്തിന്റെ ആരോപണങ്ങളോട് പ്രതികരിച്ച സംസ്ഥാന മന്ത്രി ദീപക് കേസാര്‍ക്കര്‍ പറഞ്ഞു. പ്രശ്‌നം ഉടന്‍ ഫലപ്രദമായി പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'സംഭവത്തെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും എന്റെ പക്കലില്ല. എന്നിരുന്നാലും, വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്ന് സിന്ധുദുര്‍ഗ് ജില്ലയുടെ ചുമതലയുള്ള പിഡബ്ല്യുഡി മന്ത്രി രവീന്ദ്ര ചവാന്‍ പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications