ഛത്തീസ്ഗഢില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; നേരിയ മേല്‍ക്കൈ കോണ്‍ഗ്രസിന്, ബിജെപി കുതിക്കും
റായ്പൂര്‍: ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി - കോണ്‍ഗ്രസ് ഇഞ്ചോടിഞ്ച് പോരാട്ടമെന്ന് സര്‍വേ ഫലം. എബിപി-സിവോട്ടര്‍ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാലും ബി ജെ പിക്ക് മേല്‍ കോണ്‍ഗ്രസിന് നേരിയ ആധിപത്യമുണ്ട് എന്നാണ് സര്‍വേ ഫലം ചൂണ്ടിക്കാട്ടുന്നത്. ഭരണകക്ഷിയായ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ കടുത്ത രാഷ്ട്രീയ പോരാട്ടമാണ് നടക്കാന്‍ പോകുന്നതെന്നാണ് അഭിപ്രായ സര്‍വേ വ്യക്തമാക്കുന്നത്.
ആകെയുള്ള 90 സീറ്റുകളില്‍ ബി ജെ പിക്ക് 39 മുതല്‍ 45 വരെ സീറ്റുകള്‍ നേടാനാകും എന്നാണ് പ്രവചനം കോണ്‍ഗ്രസ് 45 മുതല്‍ 51 വരെ സീറ്റുകള്‍ നേടി അധികാരം നിലനിര്‍ത്തുമെന്നും പ്രതീക്ഷിക്കുന്നു. മറ്റുള്ളവര്‍ 0 മുതല്‍ 2 വരെ സീറ്റുകള്‍ മാത്രമേ നേടൂ എന്നാണ് പ്രവചനം. കോണ്‍ഗ്രസിന് 45.3 ശതമാനം വോട്ടുവിഹിതവും ബി ജെ പിക്ക് 43.5 ശതമാനം വോട്ടുവിഹിതവും നേടാനാകും.

മറ്റുള്ളവര്‍ 11.2 ശതമാനം വോട്ട് നേടും. 2018 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 43.1 ശതമാനം വോട്ടാണ് ലഭിച്ചിരുന്നത്. കഴിഞ്ഞ തവണത്തേക്കാള്‍ 2.2 ശതമാനം വോട്ടാണ് കോണ്‍ഗ്രസ് ഇത്തവണ നേടുക. ബി ജെ പിയാകട്ടെ വോട്ടുവിഹിതത്തില്‍ വലിയ കുതിച്ചുചാട്ടം നടത്തും. കഴിഞ്ഞ തവണ 333 ശതമാനം വോട്ടുവിഹിതമുണ്ടായിരുന്നിടത്ത് ബി ജെ പി ഇത്തവണ 10.5 ശതമാനം വോട്ട് അധികം നേടും എന്നാണ് പ്രവചനം.

ഛത്തീസ്ഗഢില്‍ രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ 7 ന് ആണ് ഒന്നാം ഘട്ടം. നവംബര്‍ 17 ന് രണ്ടാം ഘട്ട വോട്ടെടുപ്പും നടക്കും. മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, മിസോറാം എന്നിവയ്ക്കൊപ്പം ഡിസംബര്‍ 3 നാണ് ഛത്തീസ്ഗഢിലും വോട്ടെണ്ണല്‍.
ഛത്തീസ്ഗഡില്‍ ഭൂപേഷ് ബാഗേലിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് ഭരിക്കുന്നത്. ഭൂപേഷ് ബാഗേലും ടി എസ് സിംഗ് ദിയോയും തമ്മില്‍ നേതൃതര്‍ക്കം നിലനിന്നിരുന്നെങ്കിലും നിലവില്‍ താല്‍ക്കാലിക ശമനമുണ്ട്. ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. മറുവശത്ത് രമണ്‍ സിംഗിന് ശേഷം കരുത്തനായ ഒരു മുഖമില്ലാത്തതാണ് ബി ജെ പിയെ അലട്ടുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ സംസ്ഥാന അധ്യക്ഷന്‍മാരായി മൂന്ന് പേരെയാണ് ബി ജെ പി പരീക്ഷിച്ചത്. സര്‍വേകള്‍ പ്രകാരം വോട്ടര്‍മാരുടെ മനസില്‍ രമണ്‍ സിംഗ് ഇപ്പോഴും ബി ജെ പിയുടെ ഏറ്റവും പ്രിയപ്പെട്ട മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണ്. 2018 ല്‍ കോണ്‍ഗ്രസിന് 68 സീറ്റും ജെ സി സി-ബി എസ് പി സഖ്യത്തിന് ഏഴ് സീറ്റും നേടാനായിരുന്നു. ബി ജെ പിക്ക് 15 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ.
ബി ജെ പിയുടെ 15 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ചാണ് കോണ്‍ഗ്രസ് കഴിഞ്ഞ തവണ മികച്ച വിജയം നേടിയത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഭൂപേഷ് ബാഗേലിനേയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്ര മോദിയും ആണ് വോട്ടര്‍മാരുടെ മനസില്‍ എന്നതിനാല്‍ തന്നെ ഈ വര്‍ഷത്തെ തിരഞ്ഞെടുപ്പ് ഫലം ശ്രദ്ധേയമായിരിക്കും എന്നുറപ്പാണ്.












Click it and Unblock the Notifications