ഛത്തീസ്ഗഢ് ഫലം: ലീഡ് നില മാറിമറിയുന്നു, ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം
റായ്പൂര്‍: ഛത്തീസ്ഗഢില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. ആദ്യ ഫലസൂചനകളില്‍ മുന്നിട്ട് നിന്ന കോണ്‍ഗ്രസ് ഇ വി എമ്മിലെ വോട്ട് എണ്ണി തുടങ്ങിയതോടെ പിന്നിലേക്ക് പോയി. എന്നാല്‍ അല്‍പസമയത്തിനകം ലീഡ് തിരിച്ചുപിടിച്ചു. നിലവില്‍ കോണ്‍ഗ്രസ് 46 സീറ്റില്‍ ലീഡ് ചെയ്യുന്നു. ബി ജെ പി 43 സീറ്റിലും ലീഡ് ചെയ്യുന്നു. ഒരു സീറ്റില്‍ മറ്റുള്ളവരും ലീഡ് ചെയ്യുന്നു.
90 അംഗ നിയമസഭയാണ് ഛത്തീസ്ഗഢിലേത്. 46 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. നവംബര്‍ 7, 17 തീയതികളിലായി രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടന്നത്. 2018 ലെ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയ 76.88 ശതമാനത്തേക്കാള്‍ നേരിയ കുറവായിരുന്നു ഇത്തവണത്തെ പോളിംഗ്. ഇത്തവണ 76.31 ശതമാനം പോളിംഗ് ആണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരുന്നത്.

നിലവിലെ സാഹചര്യത്തില്‍ പ്രവചനങ്ങള്‍ക്ക് അപ്പുറമാണ് സംസ്ഥാനത്തെ സാഹചര്യം. രണ്ട് ഘട്ടങ്ങളിലായി നടന്ന ഛത്തീസ്ഗഢ് തെരഞ്ഞെടുപ്പില്‍ എക്സിറ്റ് പോളുകളില്‍ കോണ്‍ഗ്രസിനായിരുന്നു മുന്‍തൂക്കം. നാല് എക്സിറ്റ് പോളുകള്‍ കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷമായ 46 സീറ്റ് മറികടക്കാനാകും എന്ന് പ്രവചിച്ചിരുന്നു. രണ്ട് എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസിന് 42-44 സീറ്റാണ് പ്രവചിച്ചത്.
മൂന്ന് എക്‌സിറ്റ് പോളുകള്‍ 40-ല്‍ കൂടുതല്‍ വീതം സീറ്റ് കോണ്‍ഗ്രസിന് ലഭിക്കും എന്നുമാണ് പ്രവചിച്ചിരുന്നത്. ഒമ്പത് എക്സിറ്റ് പോളുകളില്‍ രണ്ടെണ്ണം മാത്രമാണ് ബി ജെ പിക്ക് സംസ്ഥാനത്ത് കേവലഭൂരിപക്ഷം മറികടക്കാനാകും എന്ന് പ്രവചിച്ചത്. 2013-ലെ ജീറാം ഘാട്ടി മാവോയിസ്റ്റ് ആക്രമണത്തിന് ശേഷം സംസ്ഥാനത്ത് പാര്‍ട്ടിയെ പുനര്‍നിര്‍മ്മിച്ച മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ ട്രാക്ക് റെക്കോര്‍ഡ് ആണ് കോണ്‍ഗ്രസിന്റെ കരുത്ത്.
2018 ലെ തിരഞ്ഞെടുപ്പില്‍ 68 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് ബി ജെ പിയുടെ 15 വര്‍ഷത്തെ ഭരണം അവസാനിപ്പിച്ചത്. ആ വര്‍ഷം ബി ജെ പിക്ക് 15 സീറ്റുകള്‍ മാത്രമാണ് നേടാനായത്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയും കേന്ദ്രസര്‍ക്കാരിന്റെ ക്ഷേമപദ്ധതികളും മുന്‍നിര്‍ത്തി സംസ്ഥാനത്ത് അധികാരത്തില്‍ തിരിച്ചെത്താനാകും എന്ന പ്രതീക്ഷയിലാണ് ബി ജെ പി.
അടുത്ത വര്‍ഷം പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ ബി ജെ പിക്കും കോണ്‍ഗ്രസിനും സംസ്ഥാനത്ത് അധികാരം പിടിക്കുക എന്നത് നിര്‍ണായകമാണ്. കോണ്‍ഗ്രസിനും ബി ജെ പിക്കും ശക്തമായ അടിത്തറയുള്ള സംസ്ഥാനമാണ് ഛത്തീസ്ഗഢ്.












Click it and Unblock the Notifications