ജെഎന്‍യു രാജ്യദ്രോഹക്കേസ്: ആപ്പിനെതിരെ ചിദംബരം, രാഷ്ട്രീയ നേട്ടങ്ങള്‍ക്കെന്ന് കനയ്യ!!
ദില്ലി: മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് കനയ്യാ കുമാറിനെ വിചാരണ ചെയ്യാന്‍ അനുമതി നല്കിയ ആം ആദ്മി പാര്‍ട്ടിക്കെതിരെ കോണ്‍ഗ്രസ് നേതാവ് ചിദംബരം. 2016ലെ രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ടാണ് കനയ്യ കുമാറിനെ വിചാരണ ചെയ്യാന്‍ ദില്ലി സര്‍ക്കാര്‍ പോലീസിന് അനുമതി നല്‍കിയത്. 2016 ഫെബ്രുവരിയില്‍ അഫ്സല്‍ഗുരു അനുസ്മരണത്തിനിടെ ക്യാമ്പസിനുള്ളില്‍ വെച്ച് രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ച സംഭവത്തിലാണ് കനയ്യാകുമാറിനെതിരെ രാജ്യദ്രോഹത്തിന് കേസെടുത്തത്.
ജെഎൻയു രാജ്യദ്രോഹക്കേസ്; കനയ്യ കുമാർ വിചാരണ നേരിടണം, കെജ്രിവാൾ അനുമതി നൽകി
രാജ്യദ്രോഹക്കേസുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ദില്ലി പോലീസിന്റെ പ്രത്യേക സെല്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കത്തു നല്‍കിയിരുന്നു. ഇതെത്തുടര്‍ന്നാണ് പോലീസിന് കനയ്യയുള്പ്പെടെ ആറ് പേരെ വിചാരണ ചെയ്യാനുള്ള അനുമതി ലഭിക്കുന്നത്. കേസില്‍ കഴിഞ്ഞ വര്‍ഷം 1200 പേജുള്ള കുറ്റപത്രവും സമര്‍പ്പിച്ചിരുന്നു.

നിയമം ദുരുപയോഗം ചെയ്തെന്ന്
രാജ്യദ്രോഹ നിയമം മനസ്സിലാക്കുന്നതില്‍ ദില്ലി സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനേക്കാള്‍ പിന്നിലാണെന്നാണ് ചിദംബരം ട്വിറ്ററില്‍ കുറിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124എ, 120 ബി എന്നീ വകുപ്പുകള്‍ പ്രകാരം കനയ്യാകുമാറിനെയും മറ്റുള്ളവരെയും വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയതിനെ ഞാന്‍ ശക്തമായി എതിര്‍ക്കുന്നുവെന്നും ചിദംബരം ട്വീറ്റില്‍ പറയുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് മുന്നോട്ടുവെച്ച വാഗ്ധാനങ്ങളിലൊന്ന് രാജ്യദ്രോഹ നിയമം റദ്ദാക്കുക എന്നതായിരുന്നു. നിയമം ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും അനാവശ്യമായി പ്രയോഗിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് നേതാവ് ചൂണ്ടിക്കാണിക്കുന്നു.

സമ്മര്‍ദ്ദം ജനങ്ങളില്‍ നിന്ന്?
കനയ്യ കുമാര്‍ ഉള്‍പ്പെടെയുള്ള ആറ് പേരെ വിചാരണ ചെയ്യാന്‍ ദില്ലി സര്‍ക്കാര്‍ അനുമതി നല്‍കിയത് പൊതുജനങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിന്റെ ഫലമായിട്ടാണെന്നാണ് ബിജെപിയുടെ അവകാശവാദം. "ഒടുവില്‍ പൊതുജനങ്ങളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തിന്റെ ഫലമായി ജെഎന്‍യു രാജ്യദ്രോഹക്കേസില്‍ വിചാരണ നടത്താന്‍ അനുമതി നല്കാന് ദില്ലി സര്‍ക്കാര്‍ നിര്‍ബന്ധിതരായി. കഴിഞ്ഞ മൂന്ന് വര്‍ഷമായി അരവിന്ദ് കെജ്രിവാള് ഇത് നീട്ടിക്കൊണ്ടുപോകുയായിരുന്നു. എന്നാല്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അദ്ദേഹം താഴ്ന്നുകൊടുത്തുവെന്നുമാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ ട്വിറ്ററില്‍ കുറിച്ചത്.

1200 പേജുള്ള കുറ്റപത്രം
2019 ജനുവരി 14നാണ് ദില്ലി പോലീസ് മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റായിരുന്ന കനയ്യാ കുമാറുള്പ്പെടെയുള്ളവര്ക്കെതിരെ 1200 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചത്. ജെഎന്‍യു വിദ്യാര്‍ത്ഥികളായ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവര്‍ക്കുമെതിരെയും കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റിയ അഫ്സല് ഗുരുവിന്റെ അനുസ്മരണത്തിനായി ക്യാമ്പസില്‍ സംഘടിപ്പിച്ച യോഗത്തില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നാണ് കേസ്. അഫ്സല് ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് ക്യാമ്പസിനുള്ളില്‍ സംഘടിപ്പിച്ച റാലിയ്ക്കിടെയാണ് സംഭവം. തുടര്‍ന്ന് 2016 ഫെബ്രുവരി 12ന് അറസ്റ്റിലായ കനയ്യാകുമാര്‍ മാര്‍ച്ച് മൂന്നിനാണ് ജയില്‍ മോചിതനായിരുന്നു. കനയ്യയ്ക്കും ഉമര്‍ ഖാലിദിനും അനിര്‍ബനും 2016 ആഗസ്റ്റ് 26 വരെ ജാമ്യം ലഭിക്കുകയും ചെയ്തു. 2018ല്‍ സിപിഐയില്‍ ചേര്‍ന്ന കനയ്യാ കുമാര്‍ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി ഗിരിരാജ് സിംഗിനെതിരെ മത്സരിക്കുകയും ചെയ്തിരുന്നു.

എന്തുകൊണ്ട് ഇപ്പോള്‍
രാജ്യദ്രോഹക്കേസില്‍ കനയ്യാകുമാറിനെ വിചാരണ ചെയ്യാന്‍ ഇപ്പോള്‍ അനുമതി നല്‍കിയത് ദുരൂഹമാണെന്നാണ് ചിദംബരം ചൂണ്ടിക്കാണിക്കുന്നത്. ദില്ലി സര്‍ക്കാരിന്റെ നീക്കത്തോട് പ്രതികരിച്ച കനയ്യ ആവശ്യപ്പെട്ടത് കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാനാണ്. കേസ് സൃഷ്ടിച്ചിട്ടുള്ളതും വൈകിപ്പിച്ചിട്ടുള്ളതും രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്നും കനയ്യ കുറ്റപ്പെടുത്തി.

രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി
ഈ വിഷയം സൃഷ്ടിക്കപ്പെട്ടിട്ടുള്ളതും വൈകിപ്പിച്ചിട്ടുള്ളതും രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് എന്നത് വ്യക്തമാണ്. എനിക്ക് വേണ്ടത് ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കുകയാണ്. എങ്ങനെയാണ് രാജ്യദ്രോഹനിയമം പോലുള്ള നിയമം ഏത് തരത്തിലാണ് ദുരുപയോഗം ചെയ്യപ്പെടുന്നതെന്ന് രാജ്യം മുഴുവനും അറിയേണ്ടതുണ്ടെന്നും കനയ്യ ട്വിറ്ററില്‍ കുറിച്ചു.