മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ മാറ്റണം; ചെയ്തത് രാജ്യദ്രോഹം എന്ന് പ്രതിപക്ഷം
എസ്‌ഐആറുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത രൂക്ഷമാണെന്ന ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ദേശീയതലത്തില്‍ ചൂടേറിയ ചര്‍ച്ചയാകുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ നീക്കണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ജനങ്ങള്‍ക്കെതിരായ കുറ്റകൃത്യമാണ് നടന്നിരിക്കുന്നതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഭരണഘടനക്കെതിരായ നേരിട്ടുള്ള ആക്രമണമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പ് കമ്മീഷനിലെ മറ്റു രണ്ട് കമ്മീഷണര്‍മാരായ സുഖ്ബിര്‍ സിങ് സന്ധു, വിവേക് ജോഷി എന്നിവരുടെ എതിര്‍പ്പ് അവഗണിച്ചാണ് എസ്‌ഐആറിലെ വിവാദ നടപടികളുമായി ഗ്യാനേഷ് കുമാര്‍ മുന്നോട്ട് പോയത് എന്നാണ് റിപ്പോര്‍ട്ട്. 10 മാസത്തിനിടെ ഇരുവരും 14 വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയെന്നും വാര്‍ത്തയിലുണ്ട്. വോട്ട് ചേര്‍ക്കല്‍, നീക്കം ചെയ്യല്‍, വോട്ടര്‍ പട്ടികയ്ക്ക് വേണ്ടിയുള്ള സോഫ്റ്റ് വെയര്‍, വോട്ടര്‍മാരുടെ അപ്പീല്‍ പരിഗണിക്കല്‍ തുടങ്ങിയ കാര്യങ്ങളിലാണ് അംഗങ്ങള്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയത്.

ബിജെപിയും ആര്‍എസ്എസും തിരഞ്ഞെടുപ്പ് കമ്മീഷനും രാജ്യദ്രോഹ പ്രവര്‍ത്തനമാണ് ചെയ്തത് എന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ട് കമ്മീഷണര്‍മാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ അഭിപ്രായം തീരുമാനമായി വന്നത് എങ്ങനെ എന്ന് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ചോദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അടുത്ത കാലത്ത് സ്വീകരിച്ച എല്ലാ തീരുമാനവും പാര്‍ലമെന്റ് കമ്മിറ്റി അവലോകനം ചെയ്യണം. എസ്‌ഐആര്‍ പദ്ധതി രാജ്യത്തുടനീളം നിര്‍ത്തിവെക്കണമെന്നും ചിദംബരം ആവശ്യപ്പെട്ടു.
ഗ്യാനേഷ് കുമാറിന് ഇനിയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പദവിയില്‍ തുടരാന്‍ അവകാശമില്ലെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ പറഞ്ഞു. അദ്ദേഹം ഒഴിയണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. രാജ്യത്ത് നിന്ന് മുസ്ലിങ്ങളെ ഒഴിവാക്കി ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനാണ് എസ്‌ഐആറിലൂടെ ബിജെപി ശ്രമിക്കുന്നത് എന്ന് ഡിഎംകെ നേതാവ് ടികെഎസ് ഇളങ്കോവന്‍ പറഞ്ഞു. ജനങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നത് എന്ന് സമാജ്‌വാദി പാര്‍ട്ടി എംപി അവദേശ് പ്രസാദ് കുറ്റപ്പെടുത്തി. ദളിതുകള്‍ക്കും പിന്നാക്കക്കാര്‍ക്കും വോട്ട് ചെയ്യാനുള്ള അവകാശമാണ് അംബേദ്കര്‍ നല്‍കിയത്. വോട്ടര്‍മാരെ പുറത്താക്കുകയാണ് ബിജെപി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
CEC Gyanesh Kumar Must Go: He Has No Right to Continue in Office!
— M.K.Stalin (@mkstalin) September 23, 2026
The Dravida Munnetra Kazhagam, along with other Opposition parties, has consistently opposed the move to delete crores of voters from the electoral rolls in the name of the Special Intensive Revision (#SIR).… pic.twitter.com/I3zcGkEWb4
തിരഞ്ഞെടുപ്പ് കമ്മീഷനെ വണ്‍മാന്‍ ഷോ ആക്കി മാറ്റി എന്നാണ് മാധ്യമ റിപ്പോര്‍ട്ട് തെളിയിക്കുന്നത് എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാ അംഗം സാഗരിക ഘോഷ് പറഞ്ഞു. വാര്‍ത്ത ശരിയാണെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ ഒരു അദൃശ്യ ശക്തി നിയന്ത്രിക്കുന്നു എന്നാണ് മനസിലാകുന്നത് എന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പ്രതികരിച്ചു. ഭൂരിപക്ഷ തീരുമാനം അല്ല കമ്മീഷന്‍ നടപ്പാക്കിയത് എങ്കില്‍ അത് നിയമവിരുദ്ധമാണ്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ കുറ്റവിചാരണ ചെയ്യേണ്ട വിഷയമാണിത്. ഇനി എങ്ങനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശ്വാസത തിരിച്ചുപിടിക്കുമെന്നും മനീഷ് തിവാരി ചോദിച്ചു.
ഗ്യാനേഷ് കുമാര്‍ ജയിലില്‍ പോകുമെന്ന് ശിവസേന എംപി സഞ്ജയ് റാവത്ത് പറഞ്ഞു. ഗ്യാനേഷ് കുമാറിന്റെ യജമാനന്മാര്‍ രാജ്യം വിട്ട് ഓടിപ്പോകുമെന്നും അദ്ദേഹം പരിഹസിച്ചു. ഇത് തിരഞ്ഞെടുപ്പ് കമ്മീഷനല്ലെന്നും ഗ്യാനേഷ് കുമാറിന്റെ കീഴിലുള്ള ഏകാധിപത്യമാണെന്നും സിപിഎം എംപി ജോണ്‍ ബ്രിട്ടാസ് പ്രതികരിച്ചു. ഗ്യാനേഷ് കുമാറിനെ നീക്കണം എന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ഏപ്രിലില്‍ പ്രതിപക്ഷ എംപിമാര്‍ നോട്ടീസ് നല്‍കിയിരുന്നു എന്നും ബ്രിട്ടാസ് പറഞ്ഞു.
Vote chori is a crime against the Indian people and a direct attack on our constitution.
— Rahul Gandhi (@RahulGandhi) September 23, 2026
The BJP, RSS and EC who organised it have committed an act of treason.
Justice will be served. pic.twitter.com/30kX06CBiH
വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന ഫോം 6ല്‍ മാറ്റം വരുത്തിയത് നിയമ വിരുദ്ധമാണ് എന്ന് മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒപി റാവത്ത് പറഞ്ഞു. ഗ്യാനേഷ് കുമാറിനെ സസ്‌പെന്റ് ചെയ്യണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു.


Click it and Unblock the Notifications
