രാജ്യം മോദി ഭരിക്കണമെന്ന് ശരത് കുമാര്‍, 'സ്റ്റാലിനേക്കാളും മികച്ച മുഖ്യമന്ത്രി പിണറായി വിജയൻ'
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേരള മുഖ്യമന്ത്രി പിണറായി വിജയനേയും പുകഴ്ത്തി നടനും സമത്വ മക്കള്‍ കക്ഷി നേതാവുമായ ശരത് കുമാര്‍. താരം എന്‍ഡിഎയിലേക്ക് പോകുമെന്നുളള വാര്‍ത്തകള്‍ക്കിടെയാണ് മനോരമ ന്യൂസിനോടുളള പ്രതികരണം. രാജ്യം മോദി ഭരിക്കണമെന്ന് ശരത് കുമാര്‍ പറഞ്ഞു.
15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ അമേരിക്കയില്‍ പോയപ്പോള്‍ ഇന്ത്യക്കാര്‍ക്ക് അത്ര ബഹുമാനം ലഭിച്ചിരുന്നില്ല. ഇന്ന് വിദേശത്ത് ഇന്ത്യക്കാര്‍ക്ക് ലഭിക്കുന്ന ബഹുമാനത്തിന് കാരണം മോദിയാണെന്ന് താന്‍ പറഞ്ഞിരുന്നു. ഇതോടെയാണ് താന്‍ ബിജെപി അനുകൂലിയാണ് എന്ന പ്രചാരണം വന്നതെന്ന് ശരത് കുമാര്‍ പറഞ്ഞു. കേന്ദ്രത്തില്‍ ശക്തമായ ഭരണകൂടം വേണം എന്ന് തന്നെയാണ് താന്‍ കരുതുന്നത്. എന്നാല്‍ താന്‍ അവര്‍ക്കൊപ്പമാണോ എന്ന് ഇപ്പോഴുറപ്പിച്ച് പറയാനാകില്ലെന്നും ശരത് കുമാര്‍ വ്യക്തമാക്കി.

കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തും. എന്നാല്‍ തമിഴ്‌നാട്ടില്‍ ബിജെപിക്ക് എത്ര കരുത്തുണ്ട് എന്ന് പറയാനാകില്ല. ഈ തിരഞ്ഞെടുപ്പില്‍ കുറഞ്ഞത് 5 സീറ്റെങ്കിലും വിജയിച്ചാല്‍ ഡിഎംകെയ്ക്കും എഡിഎംകെയ്ക്കും അടുത്ത തവണ വെല്ലുവിളി ഉയര്‍ത്താനാകും. ബിജെപിയുമായി ഇതുവരെ കാര്യമായ ചര്‍ച്ചകള്‍ നടന്നിട്ടില്ല. കേന്ദ്രത്തില്‍ മോദി സര്‍ക്കാര്‍ തന്നെ വേണം എന്നതില്‍ ഉറച്ച് നില്‍ക്കുന്നു, ശരത് കുമാര്‍ കൂട്ടിച്ചേര്‍ത്തു.
19ന് ചേരുന്ന പാര്‍ട്ടിയുടെ ഉന്നതതല യോഗത്തില്‍ വെച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍ക്കൊപ്പം നില്‍ക്കണം എന്നത് സംബന്ധിച്ച് തീരുമാനമെടുക്കും. എഐഎഡിഎംകെ തന്നെ സമീപിച്ചിരുന്നു. എന്ത് ചെയ്യണമെന്നത് ഈ മാസം അവസാനത്തോടെ തീരുമാനിക്കുമെന്നും ശരത് കുമാര്‍ പറഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിനെ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി താരതമ്യപ്പെടുത്താനാകില്ല. പിണറായി സ്റ്റാലിനേക്കാള്‍ മികച്ച ഭരണാധികാരിയാണ്. അദ്ദേഹത്തെ കരുണാനിധിയുമായിട്ടാണ് താരതമ്യപ്പെടുത്താനാകുക.
തമിഴ്‌നാടിന്റെ കടം 7 ലക്ഷം കോടിയാണ്. അക്കാര്യത്തില്‍ എന്താണ് സ്റ്റാലിന്റെ നയം. സൗജന്യം നല്‍കുക എന്നതാണ് സ്റ്റാലിന്റെ നയമെന്നും അത് സാമ്പത്തിക രംഗത്ത് നല്ലതല്ലെന്നും ശരത് കുമാര്‍ കുറ്റപ്പെടുത്തി. നടന്‍ വിജയിന്റെ രാഷ്ട്രീയ പ്രവേശനത്തിലും ശരത് കുമാര്‍ പ്രതികരിച്ചു. വിജയുടെ രാഷ്ട്രീയ പാര്‍ട്ടിയുടെ നയം വ്യക്തമാക്കേണ്ടതുണ്ടെന്നും പാര്‍ട്ടിയെ ജനം സ്വീകരിക്കുമോ എന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ശരത് കുമാര്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications