ജനരോഷം ശക്തം; ആദിവാസി യുവാവിന്റെ കാൽ കഴുകി മാപ്പ് പറഞ്ഞ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ
ഭോപ്പാൽ: ആദിവസി യുവാവിന്റെ ദേഹത്ത് ബി ജെ പി നേതാവ് മൂത്രമൊഴിച്ച സംഭവത്തിൽ ജനരോഷം ശക്തമാകുന്നതിനിടെ യുവാവിന്റെ കാൽ കഴുതി മാപ്പ് പറഞ്ഞ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. ആദിവാസി യുവാവായ ദഷ്മത് റാവത്തിനെ ഔദ്യോഗിക വസതിയിൽ എത്തിച്ചാണ് കാൽ കഴുകി മുഖ്യമന്ത്രി ഖേദം പ്രകടിപ്പിച്ചത്. ദഷ്മതിന് സംഭവിച്ചത് തന്നെ വളരെ അധികം വേദനിപ്പിച്ചുവെന്ന് ചൗഹാൻ പറഞ്ഞു.
ദഷ്മത്തിനെ കസേരയിൽ ഇരുത്തി തൊട്ട് താഴെ സ്റ്റൂളിൽ ഇരുന്ന് കൊണ്ടാണ് മുഖ്യമന്ത്രി ദഷ്മത്തിന്റെ കാൽ കഴുകിയത്. ചെരുപ്പൂരാൻ ചൗഹാൻ ആവശ്യപ്പെട്ടപ്പോൾ ദഷ്മത് ആദ്യം വിസമ്മതിച്ചു. എന്നാൽ ചൗഹാൻ ദഷ്മതിനെ നിർബന്ധിച്ച് ചെരുപ്പഴിച്ച് കാൽ കഴുകി. അതിന് ശേഷം ഷാളും മാലയും അണിയിച്ചു. 'ആ വീഡിയോ തന്നെ ഏറെ വേദനിപ്പിച്ചു, സംഭവത്തിൽ ക്ഷമ ചോദിക്കുന്നു. ജങ്ങൾ എനിക്ക് ദൈവമാണ്', കാൽ കഴുകിയതിന് പിന്നാലെ ചൗഹാൻ പറഞ്ഞു. 'ജനങ്ങളെ സേവിക്കുകയെന്നാൽ ദൈവത്തെ സേവിക്കുന്നതിന് തുല്യമാണ്. എല്ലാ മനുഷ്യരിലും ദൈവം ഉണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ദഷ്മത് റാവത്തിന് സംഭവിച്ചത് തെറ്റായ കാര്യമാണ്', ചൗഹാൻ വ്യക്തമാക്കി.

ചവിട്ടുപടിയിലിരിക്കുകയായിരുന്ന ദഷ്മത് റാവത്തിന്റെ മുഖത്തും ശരീരത്തിലും സിഗരറ്റ് വലിച്ചുകൊണ്ട് ബി ജെ പി നേതാവ് പ്രവേശ് ശുക്ലയെന്നയാൾ മൂത്രമൊഴിച്ച സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസമായിരുന്നു വ്യാപകമായി പ്രചരിച്ചത്. മധ്യപ്രദേശിലെ സിധി ജില്ലയിൽ നാളുകൾക്ക് മുൻപായിരുന്നു സംഭവം നടന്നത്. വീഡിയോ പ്രചരിച്ചതോടെ പ്രവേശ് ശുക്ലയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദേശീയ സുരക്ഷാ നിയമം, എസ് സി -എസ് ടി ആക്ട് എന്നിവ ചുമത്തിയായായിരുന്നു അറസ്റ്റ്.
അതേസമയം പ്രതിക്ക് ബിജെപിയുമായി അടുത്ത ബന്ധമാണെന്നും ഇയാൾ ബി ജെ പി എം എൽ എയായ കേദാർ നാഥ് ശുക്ലയുടെ മണ്ഡലത്തിലെ പ്രതിനിധിയും യുവമോർച്ച ഭാരവാഹിയുമാണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. സംഭവത്തിന് പിന്നാലെ ബിജെപിക്കെതിരെ രാഹുൽ ഗാന്ധി അടക്കമുള്ളവർ രംഗത്തെത്തുകയും ചെയ്തിരുന്നു. ബി ജെ പിയുടെ ആദിവാസി വിരുദ്ധ മുഖമാണ് സംഭവത്തിലൂടെ വെളിപ്പെട്ടത് എന്നായിരുന്നു അദ്ദേഹം കുറ്റപ്പെടുത്തിയത്. അതേസമയം ആരോപണം ഉയർന്നതിന് പിന്നാലെ പ്രവേശ് ശുക്ലയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നായിരുന്നു കേദാർനാഥിന്റെ വിശദീകരണം.
അതിനിടെ ജനരോഷം ശക്തമായതോടെ പ്രവേശ് ശുക്ലയുടെ വീട് സർക്കാർ ബുൾഡോസർ ഉപയോഗിച്ച് കഴിഞ്ഞ ദിവസം തകർത്തിരുന്നു. ആഭ്യന്തര മന്ത്രി നരോത്തം മിശ്രയുടെ നിർദേശപ്രകാരമായിരുന്നു നടപടി. സംഭവം മുമ്പ് നടന്നതാണെന്നും തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വിവാദത്തിന് വേണ്ടിയാണ് പ്രതിയുടെ വീട്ടുകാർ ആരോപിച്ചു.












Click it and Unblock the Notifications