കർണാടകയില്‍ കോണ്‍ഗ്രസ് 20 ലേറെ സീറ്റുകള്‍ നേടും: ജെഡിഎസിന്റെ മതേതരത്വം എവിടെയെന്നും സിദ്ധരാമയ്യ
മൈസൂരു: ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി രൂപപ്പെട്ട കർണാടകയിലെ ബി ജെ പി , ജെ ഡി എസ് സഖ്യത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെ എതിർക്കുന്നുവെന്ന് ആരോപിച്ച് ജെ ഡി എസ് സംസ്ഥാന പ്രസിഡൻ്റ് എച്ച് ഡി കുമാരസ്വാമിയെയും ബി ജെ പി നേതാക്കളെയും വിമർശിച്ച അദ്ദേഹം, ഈ പദ്ധതികളുടെ ഗുണഭോക്താക്കൾ കോൺഗ്രസിനോടൊപ്പം നില്‍ക്കുമെന്നും അതിലൂടെ 20 ലോക്‌സഭാ സീറ്റുകൾ തങ്ങള്‍ക്ക് ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആകെയുള്ള 29 സീറ്റില്‍ 27 സീറ്റുകളും നേടിയ പ്രകടനം ആവർത്തിക്കുമെന്ന് ബി ജെ പി അവകാശപ്പെടുമ്പോൾ, ജനങ്ങൾ കോൺഗ്രസിന് അനുകൂലമായിട്ടായിരിക്കും ജനവിധി നൽകുയെന്നും അദ്ദേഹം അവകാശപ്പെട്ടു. ജെ ഡി എസ്, ബി ജെ പിയിൽ ലയിച്ച് അവരുടെ താളത്തിനൊത്ത് നൃത്തം ചെയ്യുന്നതിനാൽ സംസ്ഥാനത്ത് ഇപ്പോൾ ഒരു പ്രതിപക്ഷ പാർട്ടി മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

മുസ്ലീമായി പുനർജനിക്കണമെന്ന് ഒരിക്കൽ പറഞ്ഞ ജെ ഡി എസ് നേതാവ് എച്ച്‌ഡി ദേവഗൗഡ ബി ജെ പിയിൽ ചേരുകയും പാർട്ടിയുടെ മതേതര സ്വഭാവം ഒഴിവാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കുകയും ചെയ്യുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ 39 സീറ്റിൽ നിന്ന് 19 ആയി ചുരുങ്ങുകയും അടുത്ത തെരഞ്ഞെടുപ്പിൽ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്ന് അപ്രത്യക്ഷമാകുമെന്ന ഭീഷണി നേരിടുകയും ചെയ്ത സാഹചര്യത്തിലാണ് ജെ ഡി എസ് ബി ജെ പിയുമായി കൈകോർക്കുന്നത്.
സംസ്ഥാനത്തിൻ്റെ സമഗ്ര വികസനം വിഭാവനം ചെയ്ത ബജറ്റ് പാവപ്പെട്ടവർക്കെതിരെയുള്ളവർക്ക് മനസ്സിലാക്കാൻ കഴിയില്ല. സംസ്ഥാനത്തിൻ്റെ വിഹിതമായ 1.87 ലക്ഷം കോടി കേന്ദ്രം ഞങ്ങൾക്ക് നൽകിയാൽ ഞങ്ങൾ വികസനം കൂടുതൽ വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലവള്ളിയിലെ 370 കോടിയുടെ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി, ജെ ഡി എസിനേയും ബി ജെ പിയേയും പോലെ വാക്കുകൾ പാലിക്കുന്നതിൽ കോൺഗ്രസ് സർക്കാർ പരാജയപ്പെടില്ലെന്നും മലവള്ളിയുടെയും മാണ്ഡ്യ ജില്ലയുടെയും വികസനത്തിന് സർക്കാർ എന്നും ഒപ്പമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശക്തി പദ്ധതി പ്രകാരം 155 കോടി സ്ത്രീകൾ സൗജന്യ ബസ് സർവീസ് ഉപയോഗിച്ചിട്ടുണ്ടെന്നും കേന്ദ്ര സർക്കാരിൻ്റെ നിസ്സഹകരണം വകവയ്ക്കാതെ അന്ന ഭാഗ്യം തുടരുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു.












Click it and Unblock the Notifications