ശൈശവ വിവാഹം; അസമില്‍ 4000ല്‍ കൂടുതല്‍ കേസുകള്‍, മൂന്നാം ദിവസവും അറസ്റ്റ് തുടരുന്നു

ഗുവാഹത്തി: അസമില്‍ ശൈശവ വിവാഹങ്ങള്‍ക്കെതിരെയുള്ള നടപടി ശക്തമാക്കി. അസമില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ കൊണ്ട് 4,074 ശൈശവ വിവാഹ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. തുടര്‍ച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് ശക്തമായ നടപടികള്‍ തുടരുകയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കുകയോ അത്തരം വിവാഹങ്ങള്‍ നടത്തുകയോ ചെയ്തതിന് 2,200 ഓളം പേരെ ഞായറാഴ്ച വരെ അറസ്റ്റ് ചെയ്തു.
14 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷന്മാര്‍ക്കെതിരെ ലൈംഗികാതിക്രമങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സംരക്ഷണ നിയമപ്രകാരം കേസെടുക്കാനുള്ള അസം മന്ത്രിസഭയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് അറസ്റ്റ്. 14നും 18നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നവരെ ശൈശവ വിവാഹ നിരോധന നിയമം 2006 പ്രകാരം വിചാരണ ചെയ്യുമെന്നാണ് അസം മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്.
14 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന പുരുഷന്മാര്‍ക്ക് ജാമ്യമില്ലാ വകുപ്പുകളും 14 നും 16 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നവര്‍ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തുമെന്ന് മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ ബിശ്വ അറിയിച്ചിരുന്നു. അതേസമയം, വരന്‍ 14 വയസ്സില്‍ താഴെയാണെങ്കില്‍, അയാളെ ഒരു പരിഷ്‌കരണ ശാലയിലേക്ക് മാറ്റുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.
സംസ്ഥാനത്ത് ശൈശവ വിവാഹങ്ങളും നേരത്തെയുള്ള മാതൃത്വവും തടയാന്‍ ലക്ഷ്യമിട്ടാണ് അസം മന്ത്രിസഭയുടെ പുതിയ തീരുമാനം. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആസാമില്‍ മാതൃ-ശിശു മരണ നിരക്ക് ഉയര്‍ന്നതാണ്, ശൈശവ വിവാഹമാണ് ഇതിന്റെ ഏറ്റവും പ്രധാന കാരണം.
അതേസമയം, സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി സ്ത്രകളും രംഗത്തെത്തിയിട്ടുണ്ട്. ഓരോ പൊലീസ് സ്റ്റേഷന് പരിസരങ്ങളിലും സ്ത്രീകളുടെ വലിയ പ്രതിഷേധമാണ്. തമര്‍ഹ പൊലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടിയ സ്ത്രീകളെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതിനെ തുടര്‍ന്ന് ധുബ്രി ജില്ലയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തിരുന്നു. തങ്ങളുടെ ഭര്‍ത്താക്കന്മാരെയും മക്കളെയും വിട്ടുതരണമെന്ന് ആവശ്യപ്പെട്ടാണ് സ്ത്രീകള്‍ പ്രതിഷേധിച്ചത്.
ഇതുവരെ 2,000ല്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുകയും 4,004 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. 8,000 പ്രതികളുടെ പട്ടിക തങ്ങളുടെ പക്കലുണ്ടെന്നും അന്വേഷണം തുടരുമെന്നും പൊലീസ് അറിയിച്ചു. മതസ്ഥാപനങ്ങളില്‍ ഇത്തരം വിവാഹ ചടങ്ങുകള്‍ നടത്തിയ 51 പുരോഹിതന്മാരെയും കാസിമാരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications