രണ്ടു ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 5 പേരുടെ മൃതദേഹങ്ങള്‍ കിണറ്റില്‍; വിറങ്ങലിച്ച് നാട്
ജയ്പൂര്‍: മൂന്ന് യുവതികളുടെയും രണ്ടു കുഞ്ഞുങ്ങളുടെയും മൃതദേഹം കിണറ്റില്‍ കണ്ടെത്തി. ഇതില്‍ രണ്ടു പേര്‍ ഗര്‍ഭിണികളാണ്. രാജസ്ഥാനിലെ ജയ്പൂര്‍ ജില്ലയിലെ ദുദു ടൗണിലാണ് സംഭവം. കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ തള്ളിയതാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. യുവതികള്‍ മൂന്നുപേരും സഹോദരിമാരാണ്. കലു ദേവി, മമത, കമലേഷ് എന്നിവരും കലു ദേവിയുടെ ഒന്നര വയസും 27 ദിവസവും പ്രായമുള്ള കുട്ടികളുമാണ് മരിച്ചത്. മമതയും കമലേഷും ഗര്‍ഭിണികളാണ്. കലു ദേവി പ്രവസിച്ചിട്ട് ഒരു മാസമായിട്ടില്ല.

പഠനത്തില്‍ അതീവ തല്‍പ്പരരായിരുന്നു മൂന്ന് സഹോദരിമാരും. ഇതിനിടെയാണ് മൂന്ന് പേരുടെയും വിവാഹം കഴിഞ്ഞത്. ഭര്‍ത്താക്കന്‍മാര്‍ സ്ഥിരം മദ്യപാനികളായിരുന്നു. ഹൈസ്‌കൂളില്‍ പോയിട്ടില്ലാത്ത യുവാക്കളാണ് സഹോദരിമാരെ വിവാഹം ചെയ്തത്. കലുവിന് 27 വയസാണ്. മമതയ്ക്ക് 23ഉം കമലേഷിന് ഇരുപതുമാണ് പ്രായം. കലുവിന് രണ്ടു മക്കളുണ്ട്. ഇവരെ വ്യാഴാഴ്ച മുതല്‍ കാണാനില്ലെന്നാണ് വിവരം. ഇന്നുവരെ പോലീസ് കുട്ടികളെ തിരയാന്‍ പോലും ശ്രമിച്ചിട്ടില്ലത്രെ.
ഗാര്‍ഹിക പീഡനത്തിന്റെ ഇരകളാണ് യുവതികള്‍ എന്ന് അയല്‍വാസികളില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനപ്പെടുത്തി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭര്‍ത്താവിന്റെ വീട്ടുകാരുടെ മര്‍ദ്ദനമേറ്റ് കലുദേവി 15 ദിവസം ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. കലുവിന്റെ കണ്ണിന് മര്‍ദ്ദനമേറ്റ് സാരമായ പരിക്കേറ്റിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് കലുവിനെ ആശുപത്രിയില്‍ നിന്ന് തിരിച്ചുകൊണ്ടുവന്നത്.
രാജസ്ഥാനില്‍ പലയിടത്തും ഇപ്പോഴും ശൈശവ വിവാഹം നിലനില്‍ക്കുന്നുണ്ട്. 2003ല്‍ കലുവും സഹോദരിമാരും ശൈശവ വിവാഹത്തിന് ഇരകളായിരുന്നു. കമലേഷിന് അന്ന് ഒരു വയസായിരുന്നു പ്രായം. പഠിക്കാന്‍ തല്‍പ്പരരായിരുന്നു സഹോദരിമാര്‍ മൂന്നു പേരും. പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ മമത തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അവസാന വര്‍ഷ ബിഎ വിദ്യാര്‍ഥിനിയാണ് കലു. കമലേഷ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുകയാണ്.
ഇവരുടെ വീട്ടില്‍ നിന്ന് രണ്ടു കിലോമീറ്റര്‍ അകലെയുള്ള കിണറ്റിലാണ് അഞ്ച് മൃതദേഹങ്ങളും കണ്ടെത്തിയത്. ആത്മഹത്യയാണോ അതോ കൊലപാതകമാണോ എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല. കൊലപാതകമാണ് എന്ന് പരിസരവാസികള്‍ പറയുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഇക്കാര്യത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണ്. ഇവരുടെ ഭര്‍ത്താക്കന്‍മാരായ നര്‍സി, ഗോര്‍യോ, മകേഷ് എന്നീ സഹോദരന്‍മാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം വാര്‍ത്തയായതോടെ നിരവധി ആക്ടിവിസ്റ്റുകളാണ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. രാജസ്ഥാന്‍ സര്‍ക്കാര്‍ ഉന്നത തല അന്വേഷണം പ്രഖ്യാപിച്ചേക്കും.












Click it and Unblock the Notifications