ഗൊരഖ്പൂര്‍ ആശുപത്രിയില്‍ മരിച്ചത് 1,250 കുട്ടികള്‍; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
ഓക്‌സിജന്‍ നിലച്ചതുമൂലം കുട്ടികള്‍ മരിച്ചുവീണ ഗൊരഖ്പൂര്‍ ആശുപത്രിയില്‍ ജനുവരി മുതല്‍ ആകെ 1,250 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്.
ഗൊരഖ്പൂര്‍: ഓക്‌സിജന്‍ നിലച്ചതുമൂലം കുട്ടികള്‍ മരിച്ചുവീണ ഗൊരഖ്പൂര്‍ ആശുപത്രിയില്‍ ജനുവരി മുതല്‍ ആകെ 1,250 കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. കുട്ടികളെ മാരകമായി ബാധിക്കുന്ന അസുഖങ്ങല്‍ മൂലമാണ് ഇവര്‍ മരിച്ചതെന്ന് ഗൊരഖ്പൂര്‍ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പി കെ സിങ് അറിയിച്ചു.
ഓഗസ്തില്‍ മാത്രം 290 കുട്ടികള്‍ ഇവിടെ മരിച്ചിട്ടുണ്ട്. 213 കുട്ടികള്‍ ഐസിയുവിലും 77 പേര്‍ വാര്‍ഡിലുമാണ് മരിച്ചത്. ഓഗസ്ത് 27, 28 തീയതികളില്‍ 37 കുട്ടികള്‍ മരിച്ചു. ഇവരില്‍ 11 പേര്‍ വാര്‍ഡിലുണ്ടായിരുന്നവരും 26 പേര്‍ ഐസിയുവിലുണ്ടായിരുന്നവരുമാണ്. കുട്ടികള്‍ പലതരത്തിലുള്ള അസുഖങ്ങളാണ് നേരിടുന്നതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.

ന്യുമോണിയ, നേരത്തെയുള്ള പ്രസവം, ഭാരക്കുറവ്, അണുബാധ തുടങ്ങിയവ കുട്ടികളിലുണ്ട്. ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്ന കുട്ടികളില്‍ ഭൂരിഭാഗവും ഗുരുതരാവസ്ഥയിലാണ്. കുട്ടികളെ നേരത്തെ ആശുപത്രിയില്‍ എത്തിക്കാത്തതും പ്രശ്‌നമാണ്. ഒട്ടേറെ കുട്ടികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഇതുവഴി സാധിക്കുമായിരുന്നു.
രോഗം ഗുരുതരാവസ്ഥയില്‍ ആയാല്‍ മാത്രമേ കുട്ടികള്‍ ഇവിടെ എത്തുന്നുള്ളൂ. പൊതുജനങ്ങളില്‍ക്ക് ഇക്കാര്യത്തില്‍ ബോധവത്കരണം നടത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രത്യേക കമ്മറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. കുട്ടികള്‍ മരിച്ചുവീണ വാര്‍ത്ത വന്നശേഷം കൂടുതല്‍പേര്‍ ആശുപത്രിയിലെത്തുന്നുണ്ട്.












Click it and Unblock the Notifications