പ്രിയപ്പെട്ട ചാച്ചാജിയുടെ ഓര്‍മ്മയില്‍ വീണ്ടുമൊരു ശിശുദിനം; എന്തുകൊണ്ട് നവംബര്‍ 14, ചരിത്രം അറിയാം
ഇന്ത്യ മറ്റൊരു ശിശു ദിനം കൂടി ഞായറാഴ്ച ആഘോഷിക്കുകയാണ്. കുട്ടികള്‍ ഏറെ സ്‌നേഹത്തോടെ ചാച്ചാജി എന്ന് വിളിക്കുന്ന ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മദിന ദിവസമാണ് നമ്മള്‍ ശിശു ദിനമായി ആഘോഷിക്കുന്നത്. 1964 ല്‍ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മരണത്തിന് ശേഷമാണ് പാര്‍ലമെന്റ് അദ്ദേഹത്തിന്റെ ജന്മദിന ദിവസമായ നവംബര്‍ 14 ശിശുദിനമായി പ്രഖ്യാപിച്ച് പ്രമേയം പാസാക്കിയത്. 2021ല്‍ അദ്ദേഹത്തിന്റെ 132 ാം ജന്മദിനമാണ് ഇന്ത്യ ആഘോഷിക്കുന്നത്.

ബാലാവകാശങ്ങളെ കുറിച്ച് അവബോധം വളര്‍ത്താന്‍ കൂടിയാണ് നമ്മുടെ രാജ്യം ഈ ദിനം ഉപയോഗിക്കുന്നത്. കുട്ടികളെ വളരെയധികം ഇഷ്ടപ്പെട്ടിരുന്ന നെഹ്റു അവര്‍ക്കിടയില്‍ ചാച്ചാ നെഹ്റു എന്ന് അറിയപ്പെട്ടിരുന്നു. കുട്ടികളുടെ വിദ്യാഭ്യാസ അവകാശങ്ങളും അത് ലഭ്യമാക്കാനും നെഹ്റു ഏറെ പരിശ്രമിച്ചിരുന്നു . ഭാവിയില്‍ മെച്ചപ്പെട്ട സമൂഹം കെട്ടിപ്പടുക്കുന്ന കുട്ടികളുടെ സമഗ്രമായ വിദ്യാഭ്യാസത്തിനായി അദ്ദേഹം പ്രേയ്ത്‌നിച്ചിരുന്നു .

ജവഹര്‍ലാല്‍ നെഹ്റു കുട്ടികളെ ഒരു രാജ്യത്തിന്റെ യഥാര്‍ത്ഥ ശക്തിയും സമൂഹത്തിന്റെ അടിത്തറയും ആയി കണക്കാക്കിയിരുന്നു. പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്റുവിന്റെ മരണത്തിന് മുമ്പ്, നവംബര്‍ 20 - ന് ആയിരുന്നു ഇന്ത്യ ശിശുദിനം ആചരിച്ചിരുന്നത്. ഐക്യരാഷ്ട്രസഭ ലോക ശിശുദിനമായി ആചരിച്ച ദിവസമായിരുന്നു അത്. എന്നാല്‍ അദ്ദേഹത്തിന്റെ മരണ ശേഷം ജന്മദിനം ശിശുദിനമായി ആചരിക്കുകയായിരുന്നു. ശിശുദിനം ആഘോഷിക്കുന്നതിനായി സ്‌കൂളുകള്‍ കായിക പരിപാടികളും ക്വിസ് മത്സരങ്ങളും മറ്റ് പ്രവര്‍ത്തനങ്ങളും നടത്താറുണ്ട്. കുട്ടികള്‍ക്ക് കളിപ്പാട്ടങ്ങള്‍, മധുരപലഹാരങ്ങള്‍, സമ്മാനങ്ങള്‍ എന്നിവ സമ്മാനിക്കുന്നത് അവര്‍ക്ക് ഈ ദിവസം പ്രത്യേകമാക്കുന്നു.

തൊപ്പിയും നീണ്ട ജുബ്ബയും ഒപ്പം ചുവന്ന റോസാപ്പൂവും ധരിച്ച് , സദാ പുഞ്ചിരിക്കുന്ന മുഖവുമായിട്ടാണ് നെഹ്റു എല്ലാവരെയും കണ്ടിരുന്നത്. അധിക സമയവും കുട്ടികള്‍ക്കൊപ്പം ചെലവിടാനും അദ്ദേഹം ആഗ്രഹിച്ചിരുന്നു. കുട്ടികളുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ ഓരോ കുടുംബത്തിനും സമൂഹത്തിനും പങ്കുണ്ട്. അതുകൊണ്ട് അവരുടെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കാനും, പോസിറ്റീവായ പിന്തുണ നല്‍കാനും രക്ഷിതാക്കള്‍ക്ക് സാധിക്കണമെന്ന സന്ദേശം കൂടി ഈ ദിനം നല്‍കുന്നുണ്ട്. അതേസമയം, ഈ വര്‍ഷത്തെ ശിശുദിന ആഘോഷങ്ങള്‍ കൊവിഡും കൂടി കണക്കിലെടുത്തായിരിക്കും, നീണ്ട ഇടവേളകള്‍ക്ക് ശേഷം ദിവസങ്ങള്‍ക്ക് മുമ്പാണ് സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്.

ശിശുദിനത്തില്‍ സ്‌കൂളുകളില്‍ പ്രധാനമായും നടക്കുന്ന ഒരു പരിപാടിയാണ് പ്രസംഗ മത്സരം. കുട്ടികള്‍ തങ്ങളുചെ സ്വന്തം ചാച്ചാജിയെ കുറിച്ചുള്ള മോനഹരമായ പ്രസംഗങ്ങളാണ് അവതരിപ്പിക്കുക. നെഹ്‌റുവുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങളും അദ്ദേഹം രാജ്യത്തിന് നല്‍കിയ സംഭാവനകളെ കുറിച്ചുമുള്ള വിവരങ്ങള്‍ പ്രസംഗത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. നെഹ്‌റു യുവാവായിരുന്നപ്പോഴും വിദ്യാര്‍ത്ഥിയായിരുന്ന സമയത്തും ഉണ്ടായ സംഭവങ്ങളെ കുറിച്ചും പ്രസംഗത്തില്‍ വിശദമായി പറയാം.

അതേസമയം , വിവിധ രാജ്യങ്ങളില്‍ വിവിധ ദിവസങ്ങളിലാണ് ശിശുദിനം ആഘോഷിക്കുന്നത്. ജപ്പാന്‍ - മെയ് 5, തുര്‍ക്കി - ഏപ്രില്‍ 23, നൈജീരിയ - മെയ് 27, വെനസ്വേല - ജൂലൈയിലെ മൂന്നാം ഞായറാഴ്ച, പരാഗ്വെ - ഓഗസ്റ്റ് 16 , ചൈന - ജൂണ്‍ 1 , അര്‍ജന്റീന - ഓഗസ്റ്റിലെ രണ്ടാം ഞായറാഴ്ച . ശ്രീലങ്ക - ഒക്ടോബര്‍ 1 , ബ്രസീല്‍ - ഒക്ടോബര്‍ 12 , തായ്വാന്‍ - ഏപ്രില്‍ 4 , തായ്ലന്റ് - ജനുവരിയിലെ രണ്ടാം ശനിയാഴ്ച .












Click it and Unblock the Notifications