ശിശു ദിനം ഡിസംബർ 26ന് ആഘോഷിക്കണം, പ്രധാനമന്ത്രിക്ക് ബിജെപി എംപിയുടെ കത്ത്
ദില്ലി: നവംബർ 14ന് പകരം ഡിസംബർ 26ന് ശിശുദിനം ആഘോഷിക്കണമെന്ന് ദില്ലി ബിജെപി അധ്യക്ഷനും ലോക്സഭ എംപിയുമായ മനോജ് തിവാരി. ശിശുദിനാഘോഷം മാറ്റണമെന്നാവശ്യപ്പെട്ട് മനോജ് തിവാരി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സിഖ് മതത്തിന്റെ പത്താമത്തെ ഗുരുവായിരുന്ന ഗുരു ഗോബിന്ദ് സിംഗിന്റെ രണ്ട് ആൺ മക്കളുടെ സ്മരണാർത്ഥം ശിശുദിനാഘോഷം ഡിസംബര 26ലേക്ക് മാറ്റണമെന്നാണ് മനോജ് തിവാരി കത്തിൽ ആവശ്യപ്പെടുന്നത്.
വലിയ ത്യാഗങ്ങൾ ചെയ്ത ധാരാളം കുട്ടികൾ രാജ്യത്തുണ്ട്, എന്നാൽ അവരിൽ ഏറ്റവും മഹത്തരമായ ത്യാഗം സഹിച്ചത് ഗുരു ഗോബിന്ദ് സിംഗിന്റെ മക്കളായ സാഹിബ്സാദെ ഫത്തേഹ് സിംഗും സാഹിബ്സാദെ ജൊരാവർ സിംഗുമാണ്. ധർമം സംരക്ഷിക്കാനായി പഞ്ചാബിലെ സർഹിന്ദിൽ അവർ ജീവത്യാഗം ചെയ്തത് 1705 ഡിസംബർ 26നാണ്, മനോജ് തിവാരി കത്തിൽ ചൂണ്ടിക്കാട്ടുന്നു.

മററു കുട്ടികൾക്ക് പ്രചോദനമാകുന്നതാണ് അവരുടെ ജീവത്യാഗം, അതുകൊണ്ട് തന്നെ ഇവരുടെ രക്തസാക്ഷിത്വ ദിനം ശിശുദിനമായി ആചരിക്കണമെന്ന് മനോജ് തിവാരി കത്തിൽ പറയുന്നു. നമ്മുടെ കുട്ടികൾ അതിൽ അഭിമാനം കൊളളുവെന്നും അവരുടെ ആത്മവിശ്വാസം വർദ്ധിക്കുമെന്നും കത്തിൽ പറയുന്നു. ദില്ലി നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മനോജ് തിവാരിയുടെ പരാമർശം. സിഖ് സമുദായത്തിന്റെ വോട്ട് ദില്ലി തിരഞ്ഞെടുപ്പിൽ നിർണായകമാണ്.












Click it and Unblock the Notifications