ഇന്ത്യക്ക് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിക്കാനറിയില്ല... സഹായിക്കുന്ന കാര്യം മറക്കരുതെന്ന് ചൈന!
ദില്ലി: റാപിഡ് ആന്റിബോഡി ടെസ്റ്റിംഗ് കിറ്റുകള്‍ മടക്കി അയക്കാനുള്ള തീരുമാനത്തില്‍ ചൈന ഇന്ത്യയുമായി ഇടയുന്നു. കൃത്യമായ ഫലം ഇതിലൂടെ ലഭിക്കുന്നില്ലെന്ന് ഇന്ത്യ ഉന്നയിക്കുന്നു. എന്നാല്‍ ഇന്ത്യ ഇത് ഉപയോഗിക്കുന്ന രീതി ശരിയല്ലെന്നാണ് ചൈനീസ് എംബസി ഉന്നയിക്കുന്നത്. എല്ലാ സംസ്ഥാനങ്ങളോടും കിറ്റുകള്‍ മടക്കി നല്‍കാനാണ് ഐസിഎംആര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതാണ് ചൈനയെ ചൊടിപ്പിച്ചിരിക്കുന്നത്. കിറ്റുകള്‍ ശേഖരിക്കുന്നതിനും വാങ്ങുന്നതിനും കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടെന്നാണ് ഞങ്ങള്‍ അറിഞ്ഞിരിക്കുന്നത്. പ്രൊഫഷണലുകള്‍ അല്ലാത്തവര്‍ കിറ്റുകള്‍ ഉപയോഗിച്ചാല്‍ തെറ്റായ ഫലമാണ് ലഭിക്കുകയെന്ന് ഇന്ത്യയിലെ ചൈനീസ് എംബസി വക്താവ് ജി റോംഗ് പറഞ്ഞു.

പല തവണ വ്യത്യസ്ത ഫലങ്ങളാണ് റാപ്പിഡ് ടെസ്റ്റ് കിറ്റുകളിലൂടെ ലഭിച്ചത്. ഇത് നിര്‍മാണ കമ്പനികള്‍ നല്‍കിയ ഉറപ്പ് ലംഘിക്കുന്നതാണ്. അതുകൊണ്ട് എല്ലാ സംസ്ഥാനങ്ങളോടും ചൈനീസ് കമ്പനികള്‍ക്ക് തന്നെ ഈ കിറ്റുകള്‍ കൈമാറാന്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്ന് ഐസിഎംആര്‍ പറഞ്ഞു. അതേസമയം ചൈനീസ് കമ്പനികള്‍ പറയുന്നത് ഏറ്റവും മികച്ച കിറ്റുകളാണ് ഉപയോഗിക്കുന്നതെന്നാണ്. ഗ്യാങ്ഷു വോണ്ട്‌ഫോ ബയോടെക്കും ഷുഹായ് ലിവ്‌സോണ്‍ ഡയഗണോസ്റ്റിക്‌സുമാണ് ഇന്ത്യയില്‍ കിറ്റുകളെത്തിച്ചത്. ചൈനയിലെ മെഡിക്കല്‍ പ്രൊഡക്ട്‌സ് അഡ്മിനിസ്‌ട്രേഷന്റെ സര്‍ട്ടിഫിക്കേഷനുണ്ട്. ഐസിഎംആറും ഇതിനെ അംഗീകരിച്ചതാണെന്നും ഇവര്‍ പറയുന്നു.
യൂറോപ്പിലും ഏഷ്യയിലും ലാറ്റിനമേരിക്കയിലും ചൈനയുടെ ഈ കിറ്റുകള്‍ കയറ്റി അയക്കുന്നുണ്ട്. അവിടൊക്കെ നിലവാരത്തിന്റെ കാര്യത്തില്‍ നല്ല അഭിപ്രായമാണ് പറഞ്ഞത്. ഇന്ത്യയില്‍ ഇത് ഉപയോഗിക്കാനറിയാത്ത പ്രശ്‌നമാണ് ഉള്ളതെന്നും ചൈനീസ് കമ്പനികള്‍ പറഞ്ഞു. രണ്ട് കമ്പനികളിലും നിന്നായി അഞ്ച് ലക്ഷം കിറ്റുകളാണ് ഇന്ത്യ വാങ്ങിയത്. സംസ്ഥാനങ്ങളുടെ പരാതി പ്രകാരം ഐസിഎംആര്‍ ഈ കിറ്റുകള്‍ ശരിക്ക് പരിശോധിച്ചിരുന്നു. ഇതിന് ശേഷമാണ് കമ്പനികള്‍ക്ക് തിരിച്ചയക്കാന്‍ ആവശ്യപ്പെട്ടത്. അതേസമയം അത്യാവശ്യ സമയത്ത് ചൈന സഹായിച്ച കാര്യം ഇന്ത്യ മറക്കരുതെന്നും, ഇനിയും സഹായം തുടരുമെന്നും ചൈനീസ് എംബസി പറഞ്ഞു.
Recommended Video
ചൈന സത്യസന്ധമായിട്ടാണ് ഇന്ത്യയെ പിന്തുണയ്ക്കുന്നത്. ശക്തമായ സഹായങ്ങള്‍ ചെയ്യാന്‍ എപ്പോഴും തയ്യാറാണ്. ചൈനയില്‍ നിന്നുള്ള മെഡിക്കല്‍ ഉപകരണങ്ങളുടെ നിലവാരത്തിന് മുന്‍ഗണന നല്‍കുന്നുണ്ട്. ചില വ്യക്തികള്‍ ചേര്‍ന്ന് ചൈനീസ് ഉപകരണങ്ങള്‍ നിലവാരം കുറഞ്ഞതാണെന്ന് കാണിക്കാന്‍ ശ്രമിക്കുന്നത് ഉത്തരവാദിത്തമില്ലായ്മയാണെന്നും എംബസി പറഞ്ഞു. ഇന്ത്യ ചൈനയുടെ സത്യസന്ധതയെയും സഹായമനസ്‌കതയെയും ബഹുമാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാമെന്നും ചൈന വാഗ്ദാനം ചെയ്തു. മെഡിക്കല്‍ ഉപകരണങ്ങളുടെ ഏറ്റവും വലിയ ഇറക്കുമതി ചൈനയില്‍ നിന്നാണ്. യൂറോപ്പില്‍ അടക്കം വിവിധ രാജ്യങ്ങള്‍ ചൈനയുടെ ഉപകരണങ്ങള്‍ക്ക് നിലവാര കുറവുണ്ടെന്ന് കാണിച്ച് മടക്കി അയച്ചിരുന്നു.












Click it and Unblock the Notifications