അതിര്‍ത്തി ലംഘിച്ചതിന് ഇന്ത്യന്‍ സൈന്യം പിടികൂടി; സൈനികനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് ചൈന
ന്യൂഡല്‍ഹി; നിയന്ത്രണ രേഖ ലംഘിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ സൈനികര്‍ കസ്റ്റഡിയിലെടുത്ത ചെനീസ് സൈനികനെ എത്രയും വേഗം കൈമാറണമെന്ന ആവശ്യവുമായി ചൈന. ചൈനീസ് സൈനികന് ഇരുട്ടില്‍ വഴി തെറ്റിയതാണെന്ന് ദി ചൈന മിലിറ്ററി ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് സൈന്യത്തിന്റെ ഔദ്യോഗിക പിഎല്‍എ ദിനപത്രം നടത്തുന്ന ഓണ്ലൈനാണിത്.
ഇരുട്ടും സങ്കീര്‍ണമായ ഭൂപ്രകൃതിയും കാരണം പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ ഒരു സൈനികന് വഴി തെറ്റി നിയന്ത്രണ രേഖ മുറിച്ചു കടന്നിരുന്നു. സൈനികനെ കാണാതായി രണ്ടു മണിക്കൂറിനുള്ളില്‍ അദ്ദേഹത്തെ പിടികൂടിയതായി ഇന്ത്യ സ്ഥിരീകരിച്ചു. ഉന്നത ഉദ്യാഗസ്ഥരുടെ നിര്‍ദേശം ലഭിച്ചതിന് ശേഷം ചൈനീസ് സൈനികനെ കൈമാറുമെന്ന് ഇന്ത്യ അറിയിച്ചിരുന്നെന്നും ദിനപ്പത്രത്തില്‍ പറയുന്നു.
ഇന്ത്യന്‍ അധികൃതര്‍ ഉടന്‍ സൈനികനെ ചൈനക്ക് കൈമാറാന്‍ തയാറാകണമെന്നും ഇരു രാജ്യങ്ങളും ഐക്യത്തോടെ അതിര്‍ത്തിയിലെ സമാധാനം നിലനിര്‍ത്തേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളിയാഴ്ച്ച കിഴക്കന്‍ ലഡാക്കിലെ പാംഗോങ് തടാകത്തിന് തെക്കേക്കരയില്‍ വെച്ചാണ് ചൈനീസ് സൈനികന് ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയിലാകുന്നത്.
മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് അതിര്‍ത്തി കടന്നെത്തിയ ചൈനീസ് സൈനികന് ഇന്ത്യയുടെ പിടിയിലാകുന്നത്. ഒക്ടോബര്‍ 19ന് ലഡാക്കിലെ തന്നെ ദെംചോക്ക് മേഖലയില്‍ വഴിതെറ്റി യഥാര്‍ഥ നിയന്ത്രണ രേഖ കടന്ന ചൈനീസ് കോര്‍പ്പറല്‍ വാങ് യാ ലോങ്ങിനെ ഇന്ത്യ പിടികൂടിയിരുന്നു. പ്രോട്ടോക്കോളനുസരിച്ച് ചുഷൂല്‍ അതിര്‍ത്തിയില്‍ പിന്നീട് ഇദ്ദേഹത്തെ കൈമാറി.
സംഘര്‍ഷത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും അതിര്‍ത്തിയില്‍ സൈനിക വിന്യാസം ശക്തമാക്കുന്നതിനിടയിലാണ് സൈനികര്‍ നിയന്ത്രണ രേഖ മറികടന്നെത്തുന്ന സംഭവങ്ങളുണ്ടായത്.