ഭൂട്ടാന്‍ അതിർത്തിയില്‍ നിർമ്മാണങ്ങള്‍ ശക്തമാക്കുന്ന ചൈന: നിരീക്ഷണം തുടർന്ന് ഇന്ത്യ
ദില്ലി: ഭൂട്ടാനുമായുള്ള തർക്ക അതിർത്തിയിൽ ചൈനയുടെ നിർമ്മാണ പ്രവർത്തനങ്ങള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുന്നതായി റിപ്പോർട്ട്. ഇരുനില കെട്ടിടങ്ങൾ ഉൾപ്പെടെ 200-ലധികം ഘടനകൾ ആറ് സ്ഥലങ്ങളിലായി നിർമ്മാണത്തിലാണെന്നാണ് റോയിട്ടേഴ്‌സിനായി നടത്തിയ സാറ്റലൈറ്റ് ഇമേജ് വിശകലനത്തെ അടിസ്ഥാനക്കി എന്‍ ഡി ടിവി റിപ്പോർട്ട് ചെയ്യുന്നത്. ഭൂട്ടാനുമായുള്ള ചൈനയുടെ അതിർത്തിയിൽ ചൈനയുടെ സമീപകാല നിർമ്മാണത്തെ കുറിച്ച് വിശദമായി പരിശോധിക്കുന്ന ചിത്രങ്ങളും വിശകലനങ്ങളും യുഎസ് ഡാറ്റ അനലിറ്റിക്സ് സ്ഥാപനമായ ഹോക്ക് ഐ 360 ആണ് റോയിട്ടേഴ്സിന് നൽകിയത്.
ഭൂട്ടാന്റെ പടിഞ്ഞാറൻ അതിർത്തിയിലെ ചില സ്ഥലങ്ങളിൽ നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ 2020 ന്റെ തുടക്കം മുതലാമ് ചൈന ആരംഭിച്ചത്. തുടക്കത്തിൽ ട്രാക്കുകൾ നിർമ്മിക്കുകയും പ്രദേശങ്ങൾ വൃത്തിയാക്കുകയും ചെയ്തുവെന്നാണ് സാറ്റലൈറ്റ് ഇമേജറി കമ്പനികളായ കാപെല്ല സ്‌പേസും പ്ലാനറ്റ് ലാബ്‌സും നൽകിയ മെറ്റീരിയലുകളെ അടിസ്ഥാനമാക്കി HawkEye 360-ൽ മിഷൻ ആപ്ലിക്കേഷൻസ് ഡയറക്ടർ. ക്രിസ് ബിഗേഴ്‌സ് അഭിപ്രായപ്പെടുന്നത്.

2021-ൽ നിർമ്മാണ പ്രവർത്തനങ്ങള്‍ വേഗത്തിലായതായിട്ടാമ് ചിത്രങ്ങൾ കാണിക്കുന്നത്. ആദ്യം ചെറിയ കെട്ടിടകള്‍ സ്ഥാപിച്ചുകൊണ്ടാണ് നിർമ്മാണ പ്രവർത്തനങ്ങള്‍ ആരംഭിച്ചത്. ചൈനയും ഭൂട്ടാനുമായി വർഷങ്ങളായി തർക്കം നിലനില്‍ക്കുന്ന പ്രദേശമാണ് ഈ അതിർത്തി മേഖല. അതിർത്തി പ്രശ്‌നങ്ങളെക്കുറിച്ച് പൊതുസമൂഹത്തിൽ സംസാരിക്കരുതെന്നതാണ് ഭൂട്ടാന്റെ നയമെന്നായിരുന്നു റോയിട്ടേഴ്‌സിന്റെ ചോദ്യങ്ങൾക്ക് മറുപടിയായി ഭൂട്ടാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചത്. വിഷയത്തില്‍ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ അദ്ദേഹം തയ്യാറായതുമില്ല.
ഭൂട്ടാന്‍ അതിർത്തിയിലെ ചൈനയുടെ നിർമ്മാണ പ്രവർത്തനങ്ങള്‍ ഇന്ത്യയും നിരീക്ഷിച്ച് വരികയാണ്. അതേസമയം പ്രാദേശിക ജനങ്ങളുടെ തൊഴിൽ സാഹചര്യങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്നതിനാണ് നിർമാണമെന്നാണ് ചൈനയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. സ്വന്തം പ്രദേശത്ത് സാധാരണ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് ചൈനയുടെ പരമാധികാരമാണെന്ന് വ്യക്തമാക്കിയ ചൈനയും വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.
2017-ൽ രണ്ട് മാസത്തിലേറെയായി ഇന്ത്യൻ, ചൈന സൈനികർ ഏറ്റുമുട്ടിയ ഡോക്ലാം പ്രദേശത്ത് നിന്ന് 9 മുതൽ 27 കിലോമീറ്റർ വരെയാണ് പുതിയ നിർമ്മാണം. വിദൂര പ്രദേശങ്ങളെ മികച്ച രീതിയിൽ നിയന്ത്രിക്കാനും നിരീക്ഷിക്കാനും ചൈനയെ പുതിയ നിർമ്മാണ പ്രവർത്തനങ്ങള്‍ സഹായിക്കുമെന്നാണ് ഈ മേഘലയില്‍ വിദഗ്ധനായ ഇന്ത്യൻ പ്രതിരോധ സ്രോതസ് വ്യക്തമാക്കുന്നത്. അതേസമയം ഈ വിഷയത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ ഇന്ത്യ വിദേശ കാര്യമന്ത്രാലയം തയ്യാറായിട്ടില്ല.
800,000-ത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള ഭൂട്ടാൻ, തങ്ങളുടെ 477 കിലോമീറ്റർ അതിർത്തിയിലെ പ്രശ്നം പരിഹരിക്കാൻ ഏകദേശം നാല് പതിറ്റാണ്ടുകളായി ബീജിംഗുമായി ചർച്ചകൾ നടത്തിവരികയാണ്. ഭൂട്ടാന്റെ പ്രശ്‌നം കേവലം പ്രദേശിക വിഷയം എന്നതിലുപരി അവരുടെ പ്രധാന സഖ്യകക്ഷിയും സാമ്പത്തിക പങ്കാളിയുമായ ഇന്ത്യയുടെ സുരക്ഷ മേഖലയുടെ ആശങ്കകളും കൂടിയാണ്. 2021 ഏപ്രിലിലെ നടന്ന അതിർത്തി ചർച്ചയിൽ ഭൂട്ടാനും ചൈനയും തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രക്രിയ വേഗത്തിലാക്കാൻ സമ്മതിച്ചതായി ഭൂട്ടാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.
ചൈനയുമായി അതിർത്തി ചർച്ചയുടെ ചട്ടക്കൂടിനുള്ളിൽ നിന്നുകൊണ്ട് എല്ലാ വിഷയങ്ങളും ചർച്ച ചെയ്യപ്പെടുമെന്നാണ് മന്ത്രാലയം അറിയിച്ചത്. തർക്ക അതിർത്തിയുടെ ചൈനീസ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ടിബറ്റ് സ്വയംഭരണ മേഖലയിലെ (TAR) അതിർത്തി പ്രദേശങ്ങളിൽ 600 ലധികം ഗ്രാമങ്ങൾ നിർമ്മിക്കുന്നതിനായി 2017-ൽ ചൈന പ്രഖ്യാപനം നടത്തിയിരുന്നു. അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നിർമ്മാണ പ്രവർത്തനങ്ങളെലന്നാണ് മസാച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ സെക്യൂരിറ്റി സ്റ്റഡീസ് പ്രോഗ്രാമിന്റെ ഡയറക്ടർ ബാർനെറ്റും എം. ടെയ്‌ലർ ഫ്രാവെലും അഭിപ്രായപ്പെടുന്നത്. അതിർത്തി പ്രദേശങ്ങളിൽ തങ്ങളുടെ നിയന്ത്രണം ഏകീകരിക്കാനും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനും ചൈന ആഗ്രഹിക്കുന്നതായിട്ടാണ് ഈ നിർമാണം സൂചിപ്പിക്കുന്നതെന്നും ഫ്രാവെൽ പറഞ്ഞു.












Click it and Unblock the Notifications