ചൈന ഇന്ത്യന്‍ തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തും, ആയുധം എഐ: മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്
ന്യൂഡൽഹി: ഇന്ത്യയിലും അമേരിക്കയിലും ദക്ഷിണ കൊറിയയിലും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ചൈന സ്വാധീനം ചെലുത്തിയേക്കുമെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ നിര്‍മിച്ച ഉള്ളടക്കങ്ങള്‍ ഉപയോഗിച്ചായിരിക്കും ചൈനയുടെ ഇടപെടല്‍. തായ്‌വാനിലെ പ്രസിഡൻറ് തിരഞ്ഞെടുപ്പിനിടെ, ഫലത്തെ സ്വാധീനിക്കാൻ എഐ ഉപയോഗിച്ച് ചൈന ട്രയൽ റൺ നടത്തിയതിന് പിന്നാലെയാണ് മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്.
കഴിഞ്ഞ മാസം, മൈക്രോസോഫ്റ്റിൻ്റെ സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഡല്‍ഹിയില്‍ വെച്ച് സന്ദർശിച്ചിരുന്നു. സാമൂഹിക ആവശ്യങ്ങൾ, സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം, ആരോഗ്യം, കാർഷിക മേഖലകളിലെ നവീകരണം എന്നിവയ്ക്കായി എഐ എങ്ങനെയാണ് ഉപയോഗിക്കുക എന്നത് കൂടിക്കാഴ്ചയില്‍ ചർച്ചാ വിഷയമായെന്നാണ് സൂചന.

യൂറോപ്യന്‍ യൂണിയന്‍ കൂടാതെ 64 രാജ്യങ്ങളിലാണ് തിരഞ്ഞെടുപ്പുകള്‍ നടക്കാന്‍ പോകുന്നത്. മൊത്തത്തിൽ ആഗോള ജനസംഖ്യയുടെ ഏകദേശം 49 ശതമാനം വരും ഈ രാജ്യങ്ങളിലെ ജനസംഖ്യ. തിരഞ്ഞെടുപ്പുകളില്‍ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാൻ ചൈന സോഷ്യൽ മീഡിയ വഴി എഐ സൃഷ്ടിച്ച ഉള്ളടക്കങ്ങള്‍ വിന്യസിക്കുമെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. ഈ തിരഞ്ഞെടുപ്പുകളിൽ അവരുടെ താൽപ്പര്യങ്ങൾക്ക് അനുകൂലമായി കാര്യങ്ങള്‍ വരാന്‍ വേണ്ടിയായിരിക്കും ഇത്.
'സെയിം ടാര്‍ഗറ്റ്‌സ്, ന്യൂ പ്ലേബുക്ക്‌സ്: ഈസ്റ്റ് ഏഷ്യ ത്രെട്ട് ആക്ടേഴ്‌സ് ഡിപ്ലോയ് യുണീക് മെത്തേഡ്‌സ്' എന്ന തലക്കെട്ടില്‍ മൈക്രോസോഫ്റ്റ് ത്രെട്ട് അനാലിസിസ് സെന്റര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് ചൈനയുടെ നീക്കം സംബന്ധിച്ച മുന്നറിയിപ്പുള്ളത്. "ഈ വർഷം ലോകമെമ്പാടും, പ്രത്യേകിച്ച് ഇന്ത്യ, ദക്ഷിണ കൊറിയ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ പ്രധാന തിരഞ്ഞെടുപ്പുകൾ നടക്കുന്നതിനാൽ, ചൈന അവരുടെ താൽപ്പര്യങ്ങൾക്കായി എഐ ജനറേറ്റഡ് ഉള്ളടക്കം സൃഷ്ടിക്കുകയും അത് പ്രചരിപ്പിക്കുകയും ചെയ്യുമെന്ന് ഞങ്ങൾ വിലയിരുത്തുന്നു," മൈക്രോസോഫ്റ്റ് റിപ്പോർട്ടില്‍ പറയുന്നു.
ഐഐ വഴി സൃഷ്ടിക്കുന്ന ഉള്ളടക്കത്തിൻ്റെ ആഘാതം നിലവില്‍ വളരെ കുറവാണെങ്കിലും, ഈ സാങ്കേതികവിദ്യയിൽ ചൈനയുടെ വർദ്ധിച്ചുവരുന്ന പരീക്ഷണങ്ങൾ കാലക്രമേണ കൂടുതൽ ഫലപ്രദമായി മാറിയേക്കാമെന്നും മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നൽകുന്നു. തായ്വാനിലെ ചൈനയുടെ ഇടപെടല്‍ ഇത്തരത്തിലുള്ള പരീക്ഷണങ്ങലില്‍ ആദ്യത്തേതായിരുന്നുവെന്നും മൈക്രോസോഫ്റ്റ് പറയുന്നു.
തായ്‌വാൻ തിരഞ്ഞെടുപ്പ് സമയത്ത്, സ്റ്റോം 1376 അല്ലെങ്കിൽ സ്പാമൗഫ്ലേജ് എന്നറിയപ്പെടുന്ന ചൈന പിന്തുണയ്ക്കുന്ന ഗ്രൂപ്പ് സജീവമായിരുന്നുവെന്നും മൈക്രോസോഫ്റ്റ് അവകാശപ്പെടുന്നു. ചില സ്ഥാനാർത്ഥികളെ അപകീർത്തിപ്പെടുത്താനും വോട്ടർമാരെ സ്വാധീനിക്കാനും ലക്ഷ്യമിട്ടുള്ള വ്യാജ ഓഡിയോ സന്ദേശങ്ങളും മീമുകളും ഉൾപ്പെടെ എഐ സൃഷ്ടിച്ച ഉള്ളടക്കം ഈ ഗ്രൂപ്പ് വ്യാപകമായി പ്രചരിപ്പിച്ചു. ചൈനയില്‍ നിന്ന് മാത്രമല്ല, ഉത്തരേന്ത്യയില്‍ നിന്നും ഇത്തരം ശ്രമങ്ങള്‍ നടക്കുന്നതായി മുന്നറിയിപ്പുണ്ട്.












Click it and Unblock the Notifications