ഇന്ത്യയില്‍ നിന്ന് ചൈന വിവരങ്ങള്‍ ചോര്‍ത്തി! കണ്ടെടുത്തത് നിരോധിത സാറ്റലൈറ്റ് ഫോണുകള്‍
ദില്ലി: ഡോക്ലാം അതിര്‍ത്തി തര്‍ക്കത്തിന് ശേഷം ചൈന ഇന്ത്യയുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ലേയിലെ ഡെംചോക്കില്‍ നിന്ന് സാറ്റലൈറ്റ് ഫോണുകള്‍ ഉപയോഗിച്ച് ചൈന വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നാണ് വിവരം. ഇന്ത്യയും ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും ഇന്ത്യന്‍ സൈന്യവും തമ്മില്‍ അതിര്‍ത്തി തര്‍ക്കം നിലനിന്ന ഗ്രാമത്തിന് സമീപത്താണ് സംഭവം. ഇന്‍റലിജന്‍സ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ലഡാക്കിലെ ഇന്ത്യന്‍ സുരക്ഷാ സേനയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരുന്നതിന് വേണ്ടിയാണ് ചൈനീസ് സൈന്യത്തിന്‍റെ ഭാഗത്തുനിന്നുള്ള ഈ നീക്കം.
അതിര്ത്തി പ്രശ്നം പരിഹരിക്കുന്നതിനായി ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലര്‍ യാങ് ജിയേച്ചിയും ഈ ആഴ്ച കുടിക്കാഴ്ച നടത്താനിരിക്കെയാണ് ചൈനീസ് നീക്കം. ചൈനയും തമ്മിലുള്ള 20ാം വട്ട ചര്‍ച്ചകള്‍ക്ക് ഇന്ത്യയില്‍ ഇതിനകം നിരോധിച്ചിട്ടുള്ള തുറായ സാറ്റലൈറ്റ് ഫോണുകളാണ് ഇന്ത്യയില്‍ നിന്നുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നതിനും ലഡാക്കിലെ സൈനിക നീക്കങ്ങള്‍ പരിശോധിക്കുന്നതിനുമായി ചൈന ഉപയോഗിച്ചുവരുന്നത്.

മൂന്ന് ചൈനീസ് നമ്പറുകളിലേയ്ക്ക്
ഡെംച്ചോക്കില്‍ നിന്ന് 35 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ നിന്നാണ് നവംബറില്‍ ചൈനീസ് നിര്‍മിത സാറ്റലൈറ്റ് ഫോണുകള്‍ കണ്ടെടുത്തിട്ടുള്ളത്. നവംബര്‍ 15ന് വൈകിട്ട് 3. 41 നും 3.45 നും ഇടയിലായിരുന്നു സംഭവം. മൂന്ന് ചൈനീസ് നമ്പറുകളുമായി മാത്രമാണ് സാറ്റലൈറ്റ് ഫോണ്‍ ബന്ധം പുലര്‍ത്തിയിരുന്നതെന്നും സുരക്ഷാ സേന കണ്ടെത്തിയിട്ടുണ്ട്. ഈ മൂന്ന് നമ്പറുകളും ചൈനയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവയുമാണെന്ന് ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. സംഭവത്തോടെ ലഡാക്കിലെ നീക്കങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ അതീവ ജാഗ്രതയോടെ നിരീക്ഷിച്ച് വരികയാണ്.

അരുണാചലിലും ടിബറ്റിലും
ഡെംചോക്കില്‍ നിന്ന് കണ്ടെടുത്ത മൂന്ന് സാറ്റലൈറ്റ് ഫോണുകളും 2015ലും 2016ലും ടിബറ്റിലും അരുണാചല്‍ പ്രദേശിലും സജീവമായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. 2017ല്‍ പോലും ഈ ഫോണുകള്‍ സജീവമായി ഉപയോഗിച്ചിരുന്നതായും ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്നതിനായി അയല്‍രാജ്യങ്ങള്‍ ഇത്തരം വിദ്യകള്‍ പയറ്റുന്നത് പതിവാണെങ്കിലും ഇന്‍റലിജന്‍സ് ഏജന്‍സികള്‍ ഇടപെട് പലതും പരാജയപ്പെടുത്തിയതായും പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് റിപ്പോര്‍ട്ട്.

ചൈനീസ് സൈന്യത്തിന് കരുത്തേകി
ചൈനീസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഷി ജിന്‍ പിംഗ് എത്തിയതോടെ ചൈനീസ് സൈന്യത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കപ്പെട്ടുവെന്നും സൈന്യം കരുത്താര്‍ജ്ജിച്ചുവെന്നുമാണ് ചൈനീസ് നീക്കത്തോട് ഇന്ത്യന്‍ സുരക്ഷാ വിദഗ്ധന്‍ മേജര്‍ ജനറല്‍ ജിഡി ഭക്ഷിയെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡോക്ലാമില്‍ ചൈനീസ് സൈന്യത്തിന്‍റെ സാന്നിധ്യമുണ്ടായിരുന്നപ്പോഴും ഇന്ത്യ അലംഭാവം കാണിച്ചില്ലെന്നും അദ്ദേഹം പറയുന്നു. ഇന്ത്യാ- ചൈനീസ് സൈന്യങ്ങള്‍ തമ്മില്‍ ഡോക്ലാമില്‍ തര്‍ക്കം നിലിനില്‍ക്കെ ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താനാണ് ചൈനീസ് സൈന്യം ഇന്ത്യന്‍ ഭൂപ്രദേശങ്ങളില്‍ നുഴഞ്ഞുകയറിയിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നീണ്ട 72 ദിവസം
ഇന്ത്യ- ചൈന അതിര്‍ത്തിയിലെ ഡോക്ലാമില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി റോഡ‍് നിര്‍മാണം ആരംഭിച്ചതിനെ തുടര്‍ന്ന് ഉടലെടുത്ത തര്‍ക്കങ്ങള്‍ 72 ദിവസമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അനിശ്ചിതത്വം സൃഷ്ടിച്ചത്. എന്നാൽ നിരന്തരമായ സന്ധിസംഭാഷണങ്ങള്‍ക്കൊടുവിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വിഷയം ചർച്ച ചെയ്ത് പരിഹരിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യയാണ് ചൈനീസ് സൈന്യത്തിന് അഭിമുഖമായി വിന്യസിച്ചിരുന്ന സൈന്യത്തെ പിന്‍വലിച്ചത്. എന്നാല്‍ ഈ പ്രദേശത്ത് ചൈനീസ് സൈന്യം പട്രോളിംഗ് നടത്തുമെന്നും ചൈന പ്രഖ്യാപിക്കുകയായിരുന്നു.

ഡോക്ലാം തര്‍ക്കം
ഇന്ത്യാ- ചൈന അതിര്‍ത്തി പ്രദേശമായ ഡോക്ലാമിൽ ചൈനീസ് സൈന്യം റോഡ് നിര്‍മിക്കാന്‍ ആരംഭിച്ചതോടെയാണ് ഇന്ത്യന്‍- ചൈനീസ് സൈന്യങ്ങള്‍ തമ്മിലുള്ള അതിര്‌ത്തി പ്രശ്നങ്ങള്‍ക്ക് വഴിവെച്ചത്. അതിർത്തിയിൽ ചൈന റോഡു നിർമിക്കാൻ തുടങ്ങിയതിന്റെ പിന്നാലെ സംഘർഷങ്ങൾ ആരംഭിക്കുകയായിരുന്നു. ആദ്യം റോഡു നിർമാണത്തിനെതിരെ ഭൂട്ടാനാണ് രംഗത്തെത്തിയത്. ഇവർ ഇന്ത്യയിലെ ചൈനീസ് എംബസിയിൽ എതിർപ്പ് അറിയിക്കുകയും ചെയ്തു. തുടർന്ന് ഇന്ത്യയുടെ സഹായവും അവർ അഭ്യർഥിച്ചു. തുടർന്നാണ് ഇന്ത്യ ചൈനയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.

റോഡ് നിര്‍മാണം ഉടന്‍ തീര്‍ക്കും
ഡോക് ലാം അതിര്‍ത്തി തര്‍ക്കത്തോടെ ചൈനീസ് അതിര്‍ത്തിയിലെ റോഡ് നിര്‍മാണം വേഗത്തിലാക്കാന്‍ ഇന്ത്യ. ഡോക്ലാമിന് സമീപത്ത് ചൈനീസ് സൈന്യം അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വ്യാപകമായി പുറത്തുവന്നതിന് പിന്നാലെയാണ് ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളിലേയ്ക്ക് സൈന്യത്തിന് എളുപ്പം എത്തിപ്പെടുന്നതിനായി ദ്രുതഗതിയില്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാനൊരുങ്ങുന്നത്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ പദ്ധതികള്‍ എളുപ്പം പൂര്‍ത്തീകരിക്കാനുമാണ് നീക്കം.

ചൈന എല്ലാം മുന്‍കൂട്ടി കണ്ടു!
ചൈന ഡോക്ലാമില്‍ റോഡ് നിര്‍മാണം തുടരുന്നുണ്ടെന്ന തരത്തില്‍ ഒക്ടോബര്‍ 18നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കമുണ്ടായ സ്ഥലത്തുനിന്ന് 10 കിലോമീറ്റര്‍ അകലെയാണ് ചൈന റോഡ് നിര്‍മാണം പുനഃരാരംഭിച്ചിട്ടുള്ളത്. റോഡ് നിര്‍മാണത്തിന് സുരക്ഷയൊരുക്കുന്നതിനായി 500 ഓളം സൈനികര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും മാധ്യമറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ ഇടപെടാനോ റോഡ് നിര്‍മാണം തടസ്സപ്പെടുത്താനോ ഇന്ത്യ മുതിര്‍ന്നിരുന്നില്ല.

ഉപഗ്രഹചിത്രങ്ങള്‍ പുറത്ത്
ഇന്ത്യയുമായി തര്‍ക്കം നടന്ന പ്രദേശത്ത് ചൈനീസ് സൈന്യത്തിന്‍റെ അകമ്പടിയോടെ റോഡ് നിര്‍മാണം നടത്തുന്നതിന്‍റെ ഉപഗ്രഹ ചിത്രങ്ങള്‍ ഇതിനകം തന്നെ പുറത്തു വന്നിട്ടുണ്ട്. ഇതും ചൈന- ഭൂട്ടാന്‍ കൂടിക്കാഴ്ചയ്ക്കിടെ ചര്‍ച്ച ചെയ്തിരുന്നു. ഡോക്ലാമിലെ യാത്തൂങ്ങില്‍ ചൈനീസ് സൈനിക താവളത്തിലേയ്ക്കുള്ള മാര്‍ഗ്ഗം എളുപ്പത്തിലാക്കാനാണ് ചൈന റോഡ് നിര്‍മാണം ദ്രുതഗതിയിലാക്കുന്നത്.