ഇന്ത്യ നിരോധിച്ച പല ചൈനീസ് ആപ്പുകളും തിരിച്ചെത്തുന്നു; ടിക് ടോക് തിരിച്ചുവരുമോ?
ന്യൂഡല്‍ഹി: അഞ്ച് വര്‍ഷം മുന്‍പ് നിരോധിച്ച ചൈനീസ് ആപ്പുകളില്‍ പലതും ഇന്ത്യയിലേക്ക് തിരിച്ചെത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. സുരക്ഷാ അപകടങ്ങളും ഡാറ്റാ സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകളും ചൂണ്ടിക്കാട്ടി 2020-ല്‍ ആണ് ഇന്ത്യ 267 ചൈനീസ് ആപ്പുകള്‍ നിരോധിച്ചിച്ചത്. ഗാല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷത്തെത്തുടര്‍ന്ന് ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായതിന് പിന്നാലെയായിരുന്നു ഈ നീക്കം.
എന്നാല്‍ ഈ ആപ്പുകളില്‍ പലതും വ്യത്യസ്ത പേരുകളില്‍ ഇന്ത്യയിലെ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും തിരിച്ചെത്തിയിരുന്നു. മുമ്പ് നിരോധിച്ച 36 ആപ്പുകളെങ്കിലും ഇപ്പോള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും ലഭ്യമാണ്. ഇവയില്‍ ചിലത് അവയുടെ യഥാര്‍ത്ഥ ഐഡന്റിറ്റി നിലനിര്‍ത്തിയിട്ടുണ്ട്. മറ്റ് ചിലത് ബ്രാന്‍ഡിംഗ്, ലോഗോ, ഉടമസ്ഥാവകാശ എന്നിവയില്‍ ചെറിയ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്.

ഗെയിമിംഗ്, ഷോപ്പിംഗ്, വിനോദം, ഫയല്‍ പങ്കിടല്‍, ഉള്ളടക്കം സൃഷ്ടിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള ആപ്പുകളാണ് ഇവ. ഫയല്‍ പങ്കിടല്‍ ആപ്പായ Xender, സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളായ MangoTV, Youku, ഷോപ്പിംഗ് ആപ്പ് Taobao, ഡേറ്റിംഗ് ആപ്പ് Tantan എന്നിവയാണ് തിരിച്ചെത്തുന്നത്. MangoTV മാറ്റമില്ലാതെ തുടരുമ്പോള്‍, മറ്റുള്ളവയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഈ ആപ്പുകളില്‍ ചിലത് അവരുടെ യഥാര്‍ത്ഥ ചൈനീസ് ഡെവലപ്പര്‍മാര്‍ തന്നെയാണ് പ്രവര്‍ത്തിപ്പിക്കുന്നത്.
പ്രശസ്ത ഫാഷന്‍ റീട്ടെയിലറായ ഷെയിന്‍ റിലയന്‍സുമായുള്ള ലൈസന്‍സിംഗ് ഡീല്‍ വഴിയാണ് തിരിച്ചുവരവ് നടത്തിയത്. ഷെയ്നുമായി ബന്ധപ്പെട്ട എല്ലാ ഉപയോക്തൃ ഡാറ്റയും ഇന്ത്യയ്ക്കുള്ളില്‍ തന്നെ സംഭരിക്കപ്പെടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം നിരോധനങ്ങള്‍ ഉണ്ടായിരുന്നിട്ടും പല ആപ്പുകളുടെയും ക്ലോണ്‍ പതിപ്പുകള്‍ പ്രചരിക്കുന്നത് തുടരുന്നുണ്ട്.
PUBG മൊബൈല്‍, 2020-ല്‍ നിരോധിക്കപ്പെട്ടെങ്കിലും 2021-ല്‍ ദക്ഷിണ കൊറിയയുടെ ക്രാഫ്റ്റണിന്റെ കീഴില്‍ Battlegrounds Mobile India ആയി തിരിച്ചെത്തി. എന്നാല്‍ ഈ പതിപ്പിന് 2022-ല്‍ വീണ്ടും നിരോധനം നേരിടേണ്ടി വന്നിരുന്നു. സമ്പൂര്‍ണ നിരോധനം നടപ്പിലാക്കുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് ഈ ആപ്പുകളുടെ സാന്നിധ്യം എടുത്തുകാണിക്കുന്നു. അതേസമയം ഇന്ത്യയിലെ ഏറ്റവും ജനപ്രിയ ആപ്പുകളില്‍ ഒന്നായ ടിക് ടോക്ക് തിരിച്ചുവരുമോ എന്നതില്‍ വ്യക്തതയില്ല.
ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോമായ ടിക് ടോക്കിന് ഇന്ത്യയില്‍ വളരെ പെട്ടെന്ന് തന്നെ പ്രിയം പിടിച്ചുപറ്റാനായിരുന്നു. ടിക് ടോക് നിരോധനത്തിന് ശേഷം സമാനമായ ജോഷ്, മോജോ എന്നീ ആപ്പുകള്‍ക്ക് വലിയ ജനപ്രീതി നേടായിരുന്നു. ഇതിന് പിന്നാലെ ഇന്‍സ്റ്റഗ്രാം റീല്‍, യൂട്യൂബ് ഷോര്‍ട്‌സ് എന്നിവയും ആളുകള്‍ ഏറ്റെടുത്തു.












Click it and Unblock the Notifications