അരുണാചലിൽ നിന്നും കാണാതായ 17കാരനെ ഇന്ത്യയ്ക്ക് കൈമാറി ചൈനീസ് സൈന്യം
ഗുവാഹട്ടി: അരുണാചല്‍ പ്രദേശില്‍ നിന്ന് കാണാതായ പതിനേഴുകാരനെ ഇന്ത്യയ്ക്ക് കൈമാറി ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി. മിറം തരോണ്‍ എന്ന കൗമാരക്കാരനെയാണ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായത്. മിറം തരോണിനെ ചൈനീസ് സൈന്യം തിരികെ എത്തിച്ചതായി കേന്ദ്ര നിയമ മന്ത്രിയായ കിരണ്‍ റിജ്ജുവാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
മെഡിക്കല്‍ പരിശോധന അടക്കമുളള നടപടികള്‍ പുരോഗമിക്കുകയാണ് എന്നും കേന്ദ്ര മന്ത്രി അറിയിച്ചു. കിബിത്തു സെക്ടറില്‍ വെച്ചാണ് കുട്ടിയെ രാവിലെ പത്തരയോടെ ഇന്ത്യന്‍ സൈന്യത്തിന് കൈമാറിയത്. ഈ വിഷയം അതിസൂക്ഷ്മമായി കൈകാര്യം ചെയ്യുകയും കുട്ടിയെ സുരക്ഷിതമായി തിരികെ എത്തിക്കാനും ഇടപെട്ട ഇന്ത്യന്‍ സൈന്യത്തില്‍ അഭിമാനമുണ്ടെന്നും കിരണ്‍ റിജ്ജു ട്വീറ്റ് ചെയ്തു. മിറം തരോണിനെ കൈമാറുന്നതിന്റെ ചിത്രങ്ങളും മന്ത്രി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

Recommended Video
ജനുവരി 18നാണ് മിറം തരോണിനെ കാണാതായത്. അരുണാചല്‍ പ്രദേശിലെ അപ്പര്‍ സിയാംഗ് ജില്ലയിലെ സിഡോ സ്വദേശിയാണ് മിറം. നിയന്ത്രണ രേഖയ്ക്ക് സമീപത്ത് വെച്ച് ചൈനീസ് സൈന്യം മിറം തരോണിനെ തട്ടിക്കൊണ്ട് പോയി എന്നാണ് ബിജെപി എംപിയായ താപിര്‍ ഗാവോ ആരോപിച്ചത്. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ഹോട്ട് ലൈന്‍ വഴി ചൈനീസ് സൈന്യത്തെ ബന്ധപ്പെട്ടു. കാണാതായ കുട്ടിയെ പ്രൊട്ടോക്കോള്‍ പ്രകാരം തിരികെ കൈമാറണം എന്ന് ആവശ്യപ്പെട്ടു.
മിക്കപ്പോഴും ഗ്രാമീണര്‍ വേട്ടയ്ക്ക് പോകുമ്പോഴും ഔഷധ സസ്യങ്ങള്‍ ശേഖരിക്കാന്‍ പോകുമ്പോഴും മറ്റും അതിര്‍ത്തി മറികടക്കാറുണ്ട്. ജനുവരി 18ന് മിറം മറ്റൊരു കുട്ടിക്കൊപ്പം വേട്ടയാടാന്‍ പോയതായിരുന്നു. സുഹൃത്തായ കുട്ടി തിരിച്ച് എത്തിയപ്പോഴാണ് മിറത്തെ കാണാനില്ലെന്ന വിവരം പുറത്ത് വന്നത്. മിറം ചൈനീസ് അതിര്‍ത്തിക്ക് അപ്പുറത്തുണ്ടെന്ന് ഇന്ത്യന്‍ സൈന്യം സ്ഥിരീകരിച്ചു. എന്നാല്‍ കാലാവസ്ഥ മോശമായിരുന്നതിനാല്‍ കുട്ടിയെ കൈമാറല്‍ വൈകി.
റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യന്‍ സൈന്യവും ചൈനീസ് സൈന്യവും തമ്മില്‍ ഹോട്ട് ലൈനിലൂടെ ആശയ വിനിമയം നടത്തി. വേഗത്തില്‍ കുട്ടിയെ കൈമാറാം എന്ന് ചൈനീസ് സൈന്യം അറിയിച്ചു. തുടര്‍ന്നാണ് ഇന്ന് പ്രൊട്ടോക്കോള്‍ പ്രകാരം മിറത്തെ ചൈനീസ് സൈന്യം ഇന്ത്യയ്ക്ക് കൈമാറിയത്.












Click it and Unblock the Notifications