ഒടുവിൽ കുറ്റസമ്മതം നടത്തി ചിന്മയാനന്ദ്; എന്റെ പ്രവർത്തികളിൽ ലജ്ജിക്കുന്നുവെന്ന് ബിജെപി നേതാവ്
ഷാജഹാൻപൂർ: ബലാത്സംഗക്കേസിൽ അറസ്റ്റിലായ ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദ് കുറ്റസമ്മതം നടത്തിയതായി റിപ്പോർട്ട്. പരാതിക്കാരിയായ പെൺകുട്ടിയെ മസ്സാജ് ചെയ്യിപ്പിക്കാനായി വിളിച്ച് വരുത്താറുണ്ടായിരുന്നുവെന്ന് ചിന്മയാനന്ദ് സമ്മതിച്ചു. തന്റെ പ്രവർത്തിയിൽ ഇപ്പോൾ ലജ്ജ തോന്നുവെന്നും ചിന്മയാനന്ദ് പറഞ്ഞതായാണ് വിവരം.
വെള്ളിയാഴ്ചയാണ് ഉത്തർപ്രദേശ് പോലീസിലെ പ്രത്യേക അന്വേഷണ സംഘം ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്യുന്നത്. പരാതിക്കാരിയായ നിയമ വിദ്യാർത്ഥിനി ആരോപണം ഉന്നയിച്ചതു പോലെ നഗ്നനായി മസാജ് ചെയ്യിപ്പിക്കാനായി വിളിച്ച് വരുത്താറുണ്ടായിരുന്നുവെന്നും തന്റെ പ്രവർത്തിയിൽ ഇപ്പോൾ ലജ്ജിക്കുന്നുവെന്നും ചിന്മയാനന്ദ് ചോദ്യം ചെയ്യലിൽ സമ്മതിച്ചതായുമാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

പെൺകുട്ടിയോട് അശ്ലീല സംഭാഷണങ്ങൾ നടത്താറുണ്ടായിരുന്നു, ലൈംഗിക ചൂഷണം നടത്തി തുടങ്ങി തനിക്കെതിരെ ഉയർന്ന ആരോപണങ്ങളെല്ലാം ചിന്മയാനന്ദ് സമ്മതിച്ചിട്ടുണ്ട്. സാഹചര്യ തെളിവുകളും പരിശോധിച്ച് വരികയാണ്. എന്റെ പ്രവർത്തികളിൽ ഞാൻ ലജ്ജിക്കുന്നതിനാൽ അതിനെക്കുറിച്ച് കൂടുതൽ പറയാൻ താൽപര്യപ്പെടുന്നില്ലെന്ന് ചിന്മയാനന്ദ് പറഞ്ഞതായി പ്രത്യേക അന്വേഷണ സംഘ തലവൻ നവീൻ അറോറ വ്യക്തമാക്കി.
പരാതിക്കാരിയായ പെൺകുട്ടി ചിന്മയാനന്ദിനെ മസാജ് ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ചിന്മയാനന്ദിനെതിരായ വീഡിയോ തെളിവുകൾ പ്രത്യേക അന്വേഷണ സംഘത്തിന് സമർപ്പിച്ചതായി പെൺകുട്ടിയുടെ കുടുംബം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ചിന്മയാനന്ദിനെ അപകീർത്തിപ്പെടുത്താനായി ദൃശ്യങ്ങൾ മനപ്പൂർവ്വം പ്രചരിപ്പിച്ചതാണെന്നും ആരോപണം കെട്ടിച്ചമച്ചതാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ തന്റെ പക്കലുണ്ടെന്നും ചിന്മയാനന്ദിന്റെ അഭിഭാഷകൻ ആരോപണം ഉന്നയിച്ചിരുന്നു. ഒരു വർഷക്കാലത്തോളം ചിന്മയാനന്ദ് തന്നെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പെൺകുട്ടി ആരോപിക്കുന്നത്. ചിന്മയാനന്ദ് ചെയർമാനായിരുന്ന ലോ കോളേജിലെ വിദ്യാർത്ഥിനിയായിരുന്നു പെൺകുട്ടി.












Click it and Unblock the Notifications