ബിജെപി ആപ്പിനോട്: അന്വേഷണം പ്രഖ്യാപിക്കേണ്ടത് കള്ളന്മാരല്ല
ദില്ലി: ആരാണ് മോഷണക്കേസ് അന്വേഷിക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത് കള്ളനല്ല എന്ന് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍. അസംബ്ലി തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന് എതിരെയാണ് കേന്ദ്രമന്ത്രി ഈ പ്രസ്താവന നടത്തിയത്. വ്യാജ കമ്പനികളില്‍ നിന്നും തങ്ങള്‍ സംഭാവന വാങ്ങി എന്ന കേസ് എസ് ഐ ടി അന്വേഷിക്കണം എന്ന് ആപ്പ് ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നിര്‍മല സീതാരാമന്‍ ഇങ്ങനെ പറഞ്ഞത്.
ഇന്ന് വൈകുന്നേരത്തിനകം ബി ജെ പി അന്വേഷണം പ്രഖ്യാപിക്കണമെന്നും എ എ പി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം തങ്ങള്‍ അന്വേഷണ ഏജന്‍സികളെ സമീപിച്ച് അന്വേഷണത്തിന് ആവശ്യപ്പെടുമെന്നും അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയുടെ മുന്‍ പ്രവര്‍ത്തകര്‍ തന്നെയാണ് പാര്‍ട്ടി വ്യാജ കമ്പനികളില്‍ നിന്നും പണം സ്വരൂപിക്കുന്നതായി വെളിപ്പെടുത്തിയത്.

വിവാദ പ്രസ്താവനകള്‍ നിറഞ്ഞുനില്‍ക്കുന്ന ദില്ലി തിരഞ്ഞെടുപ്പില്‍ നിര്‍മല സീതാരാമന്റെ വാക്കുകളും വെറുതെയായില്ല. നിര്‍മല സീതീരാമന്‍ കെജ്രിവാളിനെ കള്ളന്‍ എന്ന് വിളിച്ചതില്‍ അത്ഭുതപ്പെടാനില്ല എന്നാണ് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ പറയുന്നത്. അത്തരത്തിലുള്ള രാഷ്ട്രീയ സംസ്‌കാരമാണ് ബി ജെ പിക്ക് ഉള്ളത് - ആപ്പ് നേതാവ് അശുതോഷ് പ്രതികരിച്ചു.
നേരത്തെ ആം ആദ്മി പാര്‍ട്ടി നേതാവ് കെജ്രിവാളിനെതിരെ ബി ജെ പി പുറത്തിറക്കിയ പരസ്യങ്ങളും വിവാദമായിരുന്നു. 70 അംഗ അസംബ്ലിയിലേക്ക് ഫെബ്രുവരി 7നാണ് വോട്ടെടുപ്പ് നടക്കുക. 10 ന് ഫലം പുറത്തുവരും. വിവിധ സര്‍വ്വേ ഫലങ്ങളില്‍ ബി ജെ പിയും ആം ആദ്മി പാര്‍ട്ടിയും മാറിമാറി ലീഡെടുക്കുകയാണ് ദില്ലിയില്‍.












Click it and Unblock the Notifications