കേന്ദ്രത്തിന്റെ പ്ലാസ്റ്റിക് നിരോധനം ഉടൻ? സ്ട്രോയ്ക്കും കണ്ടെയ്നറിനും സിഗരറ്റ് ബട്ടിനും വിലക്ക്
ദില്ലി: കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയ 12 പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളിൽ തെർമോകോളും ശീതള പാനീയങ്ങളുടെ കുപ്പികളും സിഗരറ്റ് ബട്ടുകളും. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾക്ക് വിലക്ക് ഏർപ്പെടുത്താനുള്ള നീക്കത്തിനിടെയാണ് വിലക്കേർപ്പെടുത്തുന്ന ഉൽപ്പന്നങ്ങളുടെ വിവരം പുറത്തുവിട്ടത്. എന്നാൽ എന്നുമുതലാണ് വിലക്ക് എന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഘട്ടംഘട്ടമായി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ ഉപയോഗിക്കുമെന്ന് കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാൻ വ്യക്തമാക്കിയിരുന്നു. എൻഡിടിവിയോടായിരുന്നു പ്രതികരണം.
ശാരദാ ചിട്ടി തട്ടിപ്പ്: രാജീവ് കുമാറിന് കുരുക്ക് മുറുകുന്നു, കൊൽക്കത്ത ഹൈക്കോടതി കയ്യൊഴിഞ്ഞു!!
രാജ്യത്ത് നിരോധനം ഏർപ്പെടുത്താനുള്ള ചില വസ്തുുക്കളുടെ പട്ടിക ഇതിനകം തയ്യാറാക്കി കഴിഞ്ഞിട്ടുണ്ടെന്നും കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡ് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. 50 മൈക്രോണിൽ കുറഞ്ഞ സുതാര്യമായ പ്ലാസ്റ്റിക് കവർ, നെയ്തെടുക്കാത്ത കവറുകൾ, പാക്കിംഗ് ഫിലിം, സ്ട്രോ, സ്പൂൺ, പ്ലേറ്റ്, ബൌൾ, കപ്പ്, 150നെക്കാൾ കുറഞ്ഞ കണ്ടെയ്നറുകൾ, ഇയർ ബഡ്സിനുള്ള പ്ലാസ്റ്റിക് സ്റ്റിക്കുകൾ, ബലൂൺ, പതാക, ചെറിയ മിഠായികൾ, പോളിസ്റ്ററൈൻ ചുറ്റിയ സിഗരറ്റ് ബട്ട്, റോഡരികിലെ ബാനറുകൾ, 200 മില്ലിയിൽ താഴെയുള്ള പാനീയങ്ങൾക്കുള്ള കുപ്പികൾ എന്നിവയാണ് നിരോധിക്കാനുള്ള പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള വസ്തുുക്കൾ. രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കുന്ന വസ്തുുക്കളുടെ പട്ടികയാണ് നിലവിൽ ദേശീയ മലിനീകരണ നിയന്ത്രണ ബോർഡ് തയ്യാറാക്കി വരുന്നത്. പ്രകൃതിക്ക് ഹാനികരമാകുന്ന ഇത്തരം ഉൽപ്പന്നങ്ങൾ 2022ഓടെ പൂർണമായി നിരോധിക്കാനാണ് ബോർഡിന്റെ തീരുമാനം.
അതേ സമയം ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകൾ നിരോധിക്കുന്നത് വൻതോതിൽ തൊഴിൽ നഷ്ടമുണ്ടാക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. എന്നാൽ ഈ ആശങ്കയെക്കുറിച്ച് പരാമർശിച്ച പാസ്വാൻ പ്ലാസ്റ്റികിന് ബദലായ വസ്തുുക്കൾ കൊണ്ടുവരുമെന്നും അത് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിരോധിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് പരാമർശിക്കുന്നത്. ഒക്ടോബർ രണ്ടോടെ ഇത്തരം പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളിൽ നിന്ന് മോചിതരാകേണ്ടതുണ്ടെന്നും പ്രഖ്യാപിച്ചത്.