പൗരത്വ ബില്ല് ന്യൂനപക്ഷങ്ങള്‍ക്കെതിരല്ലെന്ന് അമിത് ഷാ; അമിത് ഷാ ഹിറ്റ്‌ലറെന്ന് ഒവൈസി
ദില്ലി: പൗരത്വ ഭേദഗതി ബില്ല് ന്യൂനപക്ഷങ്ങള്‍ക്കെതിരാണെന്ന പ്രചാരണം തെറ്റാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്‌സഭയില്‍ ബില്ല് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരിയ ഒരു ശതമാനം പോലും ന്യൂനപക്ഷങ്ങള്‍ക്ക് എതിരല്ലെന്ന് പ്രതിപക്ഷ ബഹളത്തിനിടെ അദ്ദേഹം ആവര്‍ത്തിച്ചുപറഞ്ഞു. തുല്യാവകാശം ലംഘിക്കുന്നതല്ല പുതിയ ബില്ല്. ബംഗ്ലാദേശില്‍ നിന്ന് വന്നവര്‍ക്ക് 1971ല്‍ പൗരത്വം നല്‍കാന്‍ ഇന്ദിരാഗാന്ധി തീരുമാനിച്ചിരുന്നു. പിന്നെ എന്തുകൊണ്ട് പാകിസ്താനില്‍ നിന്ന് വന്നവര്‍ക്ക് നല്‍കിക്കൂടാ. മത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യം വിഭജിച്ചതിന് ഉത്തരവാദി കോണ്‍ഗ്രസ് ആണ്. അവര്‍ അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കില്‍ ഇന്ന് പൗരത്വ ബില്ല്് ആവശ്യം വരില്ലായിരുന്നുവെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം, ബില്ലിനെതിരെ കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങള്‍ ശക്തമായി പ്രതിഷേധിക്കുകയാണ്. സഭ ബഹളത്തില്‍ മുങ്ങിയിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീര്‍, ശശി തരൂര്‍ ഉള്‍പ്പെടെയുള്ളവര്‍ ബില്ലിനെതിരെ ശക്തമായ ഭാഷയില്‍ രംഗത്തെത്തി. ബില്ല് ഭരണഘടനാ വിരുദ്ധമാണെന്നും ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും കുഞ്ഞാലിക്കുട്ടിയും ഇടി മുഹമ്മദ് ബഷീറും പറഞ്ഞു. അമിത് ഷാ ഹിറ്റ്‌ലറാണെന്ന് ഹൈദരാബാദ് എംപി ഒവൈസി കുറ്റപ്പെടുത്തി. ഇസ്രായേല്‍ പൗരത്വ നിയമത്തിന് സമാനമാണ് പുതിയ ബില്ല് എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അമിത് ഷാ ഹിറ്റ്‌ലറോട് ഉപമിച്ച ഒവൈസിയുടെ വാക്കുള്‍ സ്പീക്കര്‍ സഭാ രേഖയില്‍ നിന്ന് നീക്കി.
അസമില്‍ നിന്നുള്ള എഐയുഡിഎഫ് അംഗങ്ങള്‍ ജന്തര്‍ മന്ദറില്‍ പ്രതിഷേധിച്ചു. മുസ്ലിം ലീഗ് അംഗങ്ങള്‍ പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ മുദ്രാവാക്യം വിളിച്ചു. അസമില്‍ 12 മണിക്കൂര്‍ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. ഹിന്ദുക്കളെയും മുസ്ലിങ്ങളെയും അദൃശ്യമായി വിഭജിക്കാനുള്ള നീക്കമാണ് ബില്ല് എന്ന് ശിവസേന അഭിപ്രായപ്പെട്ടു. അതേസമയം, ബില്ലിനെ അനുകൂലിച്ച് ശിരോമണി അകാലിദലും ജെഡിയുവും രംഗത്തുവന്നു.
പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളില്‍ നിന്ന് അഭയം ചോദിച്ചെത്തിയ മുസ്ലിങ്ങളല്ലാത്ത ആറ് മതക്കാര്‍ക്ക് പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെടുന്നതാണ് ബില്ല്. ഇതിന് വേണ്ട വ്യവസ്ഥകള്‍ ഇളവ് ചെയ്യണമെന്നാണ് ഭേദഗതി. ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, പാഴ്‌സി, ബുദ്ധ, ജൈന മതക്കാര്‍ക്കാണ് പൗരത്വം നല്‍കുക. ബില്ല് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബാധകമാകില്ല. അസം, മേഘാലയ, മിസോറാം, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ ആദിവാസി മേഖലകളില്‍ ബില്ല് ബാധകമാകില്ല. ഇതുസംബന്ധിച്ച് ബിജെപിയും ഈ സംസ്ഥാനങ്ങളിലെ ഭരണകക്ഷികളും തമ്മില്‍ ധാരണയായിരുന്നു.












Click it and Unblock the Notifications