പൗരത്വ ഭേദഗതി ബില്ല്; ആദ്യ തടസം സൃഷ്ടിച്ച് മുസ്ലിം ലീഗ്, സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി നല്‍കി
ദില്ലി: വിവാദമായ പൗരത്വ ബില്ല് പാര്‍ലമെന്റിന്റെ ഇരുസഭകളിലും പാസാക്കിയതിന് പിന്നാലെ നിയമ പോരാട്ടത്തിന് വഴിതുറക്കുന്നു. ആദ്യമായി വിഷയത്തില്‍ കോടതിയിലെത്തുന്നത് മുസ്ലിം ലീഗാണ്. മുസ്ലിം ലീഗിന്റെ നാല് എംപിമാര്‍ സുപ്രീംകോടതിയില്‍ നേരിട്ടെത്തി ഇന്ന് റിട്ട് ഹര്‍ജി സമര്‍പ്പിച്ചു. ഭരണഘടനയുടെ 14ാം വകുപ്പിന്റെ ലംഘനമാണ് നടന്നിരിക്കുന്നതെന്ന് മുസ്ലിം ലീഗ് പറയുന്നു.

പൗരത്വം മതം അടിസ്ഥാനമാക്കി നല്‍കുന്നത് വിലക്കുന്ന വകുപ്പാണിത്. മുസ്ലിങ്ങളല്ലാത്ത ആറ് മതത്തില്‍പ്പെട്ടവര്‍ക്കാണ് പുതിയ പൗരത്വ ഭേദഗതി ബില്ല് വഴി ഇന്ത്യന്‍ പൗരത്വം ലഭിക്കുക. അഫ്ഗാന്‍, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നെത്തിയ അഭയാര്‍ഥികള്‍ക്കാണ് പൗരത്വം. ഇത് വിവേചനമണെന്നും രാജ്യം മതത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടാംതവണയും വിഭജിക്കപ്പെട്ടുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.
105നെതിരെ 125 വോട്ടുകള്‍ക്കാണ് ബില്ല് രാജ്യസഭയില്‍ പാസായത്. ബിജെപി, ജെഡിയു, ശിരോമണി അകാലിദള്‍ എന്നീ എന്‍ഡിഎ കക്ഷികള്‍ക്ക് പുറമെ എഐഎഡിഎംകെ, ബിജെഡി, ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നീ കക്ഷികളും ബില്ലിനെ അനുകൂലിച്ചു. രാജ്യസഭയില്‍ ആറ് മണിക്കൂറോളം വിഷയത്തില്‍ ചര്‍ച്ച നടന്ന ശേഷമായിരുന്നു വോട്ടെടുപ്പ്.
മൂന്ന് രാജ്യങ്ങളില്‍ നിന്ന് മതത്തിന്റെ പേരില്‍ വിവേചനം നേരിട്ട ഇന്ത്യയിലെത്തിയവര്‍ക്കാണ് പൗരത്വം നല്‍കുന്നതെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയില്‍ ചര്‍ച്ചക്കിടെ പറഞ്ഞിരുന്നു. അതേസമയം, ബില്ലിനെതിരെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തിപ്പെടുകയാണ്. അസമിലും ത്രിപുരയിലും മണിപ്പൂരിലും പ്രതിഷേധം ശക്തമാണ്. ചരിത്ര ദിനം എന്നാണ് മോദി ബില്ല് പാസായതിനെ വിശേഷിപ്പിച്ചത്. കറുത്ത ദിനമെന്ന് സോണിയ ഗാന്ധിയും വിശേഷിപ്പിച്ചു.












Click it and Unblock the Notifications